sections
MORE

മരിച്ചവരുടെ എണ്ണം തിരുത്തി ശ്രീലങ്ക; പാക്ക് അഭയാർഥികൾക്കു നേരെ അക്രമം

Sri-Lanka-Attacks
കൊളംബോയിൽ സെന്റ് ആന്റണീസ് പള്ളിക്കുമുന്നിൽ സുരക്ഷയൊരുക്കുന്ന സൈനികർ.
SHARE

കൊളംബോ∙ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കൻ അധികൃതർ. നേരത്തേ 359 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇവർ അറിയിച്ചിരുന്നത്. എന്നാൽ ചിലരുടെ പേരുകൾ ഒന്നിലധികം തവണ പട്ടികയിൽ ഉൾപ്പെട്ടതാണു തെറ്റുവരാൻ കാരണമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. അപ്പോഴാണു പലരെയും ഒന്നിലധികം തവണ കണക്കിൽപ്പെടുത്തിയതായി കണ്ടെത്തിയത്. പല മൃതദേഹങ്ങളും പൂർണമായും തകർന്നും നശിച്ചുമാണുണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

സ്ത്രീകളടക്കം ഏഴുപേർ; ചിത്രങ്ങൾ പുറത്തുവിട്ടു

ശ്രീലങ്കയിലെ ചാവേർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടു പൊലീസ് തിരയുന്ന 7 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഇവരിൽ 3 പേർ സ്ത്രീകളാണ്. ഞായറാഴ്ച നടന്ന സ്ഫോടനങ്ങളിൽ ചാവേറുകളായ സഹോദരന്മാരുടെ പിതാവ് ഉൾപ്പെടെ 16 പേർ കൂടി ഇന്നലെ അറസ്റ്റിലായി. സുഗന്ധവ്യഞ്ജന വ്യാപാരി മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായ പിതാവ്. ഇയാളുടെ മക്കളായ ഇൽഹാം അഹമ്മദും ഇസ്മത് അഹമ്മദും ചാവേറുകളായി ഹോട്ടലുകളിൽ മരിച്ചിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്കു ചെന്നപ്പോൾ ഇൽഹാമിന്റെ ഭാര്യയും സ്ഫോടകവസ്തുക്കൾക്കു തീ കൊളുത്തി ചാവേറായി മരിച്ചിരുന്നു.

നഗരപ്രാന്തത്തിലെ കൊട്ടാരസമാനമായ വീട് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മക്കൾക്ക് നാഷനൽ തൗഹിദ് ജമാഅത്ത് സംഘടനയുമായുള്ള ബന്ധവും ആക്രമണങ്ങൾക്കുള്ള നീക്കവും പിതാവിന് അറിയാമായിരുന്നോയെന്ന് അന്വേഷിക്കുന്നു. സഹോദരന്മാരിൽ മൂത്തയാളായ ഇൽഹാമാണ് സിനമൺ ഗ്രാൻഡ് ഹോട്ടലിൽ സ്ഫോടനം നടത്തിയത്. ഇയാളെ മുൻപൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ പുറത്തുവന്നു.

കൊല്ലപ്പെട്ട യുവാക്കളിലൊരാൾ ഓസ്ട്രേലിയയിലും ബ്രിട്ടനിലും പഠിച്ചതാണെന്ന് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. മൊത്തം പിടിയിലായവർ 76 ആയി. വ്യാപക റെയ്ഡുകൾ തുടരുന്നു. രാത്രിയിലും കർഫ്യൂവിന് അയവില്ല. അന്വേ‍ഷണത്തിൽ സഹായിക്കാൻ യുഎസിൽ നിന്ന് എഫ്ബിഐയുടെയും ബ്രിട്ടനിൽ നിന്നു സ്കോട്‌ലൻഡ് യാർഡിന്റെയും സംഘങ്ങളെത്തി.

ഓൺ അറൈവൽ വീസ നിർത്തി

ടൂറിസം വളർച്ചയ്ക്കായി 39 രാജ്യങ്ങളിലെ പൗരന്മാർക്ക് അനുവദിച്ചിരുന്ന ഓൺ അറൈവൽ വീസ സൗകര്യം ശ്രീലങ്ക തൽക്കാലം നിർത്തലാക്കി. ചാവേറുകൾക്കു വിദേശസഹായം ലഭിച്ചെന്നും ഉദാര വീസാ വ്യവസ്ഥകൾ ദുർവിനിയോഗം ചെയ്തെന്നും കണ്ടെത്തിയതിനാലാണു നടപടിയെന്ന് ടൂറിസം മന്ത്രി ജോൺ അമരതുംഗെ പറഞ്ഞു. ശ്രീലങ്കയിലേക്കു പോകരുതെന്ന് ചൈനയും ബ്രിട്ടനും പൗരൻമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

പാക്കിസ്ഥാൻ അഭയാർഥികൾക്കു നേരെ ആക്രമണം

പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തിനു പിന്നാലെ ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള പാക്കിസ്ഥാൻ അഭായർഥികളെ പ്രദേശവാസികൾ ആക്രമിച്ചു. ഇതേത്തുടർന്ന് നെഗുംബോയിൽനിന്ന് സന്നദ്ധസംഘടനകൾക്കൊപ്പം കൂട്ടപലായനമാണ് നടക്കുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 800 ഓളം പേരാണ് യുഎന്നിന്റെ സുരക്ഷയിൽ ഇവിടെ കഴിയുന്നത്. സിംഹള, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗക്കാര്‍ തങ്ങളുടെ വീടുകളിൽ കഴിയുന്നവരോട് മാറണമെന്ന് ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്.

പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും വരുന്ന അഭയാർഥികൾക്ക് ശ്രീലങ്ക സാധാരണയായി പെർമിറ്റ് നൽകാറുണ്ട്. ഓസ്ട്രേലിയയിലേക്കോ ന്യൂസീലൻഡിനോ അവർക്കു പോകാൻ കഴിയുന്നതുവരെയാണിത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടസംസ്കാരം നടക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ അഭയാർഥികളായവരുടെ വീടുകൾ തല്ലിത്തകർത്തു. വീടുകളിലേക്കു കടന്നുകയറിയവർ വാതിലുകളും ജനാലകളും നശിപ്പിക്കുകയും പുരുഷന്മാരെ പുറത്തിറക്കി മർദിക്കുകയുമായിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA