ADVERTISEMENT

ന്യൂഡൽഹി∙ രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും തന്റെ ജാതി ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. പ്രധാനമന്ത്രി ജാതിരാഷ്ട്രീയം കളിച്ചിട്ടില്ല. എങ്ങനെയാണ് അദ്ദേഹത്തിന്റെ ജാതി പ്രസക്തമാകുന്നത്? വികസന രാഷ്ട്രീയം മാത്രമാണ് അദ്ദേഹം ചെയ്തത്. ദേശീയതയിൽ നിന്നു പ്രചോദനമുൾക്കൊണ്ട ആളാണ് നരേന്ദ്ര മോദിയെന്ന് അരുൺ ജയ്റ്റ്ലി പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി സ്വന്തം ജാതി ഉപയോഗിക്കുകയാണെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. പിന്നാക്കസമുദായത്തിൽപ്പെട്ട ആളാണെന്നാണ് നരേന്ദ്ര മോദിയുടെ വാദം. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി, ഉയർന്ന സമുദായമായ തന്റെ ജാതി ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് മായാവതി പറഞ്ഞത്. അദ്ദേഹം വ്യാജ പിന്നാക്ക വിഭാഗക്കാരനാണ്. രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടിയായിരുന്നു ഇതെന്നും മായാവതി പറഞ്ഞു.

ഏറ്റവും പിന്നാക്ക വിഭാഗത്തിൽ ജനിച്ചു വീണവനാണു താനെന്നായിരുന്നു മായാവതിക്കു മോദിയുടെ മറുപടി. ‘പ്രതിപക്ഷത്തെ പോലെ വോട്ടിനു വേണ്ടി ജാതി രാഷ്ട്രീയം കളിക്കാൻ എനിക്കറിയില്ല. പക്ഷേ, എന്നെ നീചജാതിക്കാരനെന്ന് വിളിച്ച് എസ്പി – ബിഎസ്പി നേതാക്കൾ അധിക്ഷേപിക്കുകയാണ്. അവരോടു ഞാൻ കൈകൾ കൂപ്പി അപേക്ഷിക്കുന്നു; ദയവു ചെയ്ത് എന്നെ ജാതി രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുത്. രാജ്യത്തെ 130 കോടി ജനങ്ങളാണ് എന്റെ കുടുംബം’ – മോദി പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് ഒരിക്കലും പ്രധാനമന്ത്രിയുടെ ജാതിയെക്കുറിച്ചു ചോദ്യങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അമേഠിയിൽ പറഞ്ഞു. നരേന്ദ്ര മോദിയുടെ ജാതിയെന്താണെന്നു തനിക്ക് അറിയില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോടു പറഞ്ഞു.

English Summary: Arun Jaitley Now Wades Into PM's Caste Status Row, Says Modi Never Practised Caste Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com