ADVERTISEMENT

നിഷ്കളങ്കയായ കുഞ്ഞായിരുന്നു ജൊവാന ഡെന്നി. പക്ഷേ യുകെയിൽ ഇപ്പോൾ ഇവരുടെ പേരു കേട്ടാൽ കുട്ടികളും മുതിർന്നവരും വിറയ്ക്കും; പ്രത്യേകിച്ചും പുരുഷന്മാർ. രാജ്യം കേട്ടുകേൾവിയില്ലാത്ത വിധം ആൺവിരോധത്താൽ മൂന്നു പുരുഷന്മാരെ കൊന്ന സീരിയൽ കില്ലറാണു ജൊവാന. കുസൃതിയും പ്രസരിപ്പും നിറഞ്ഞ കുഞ്ഞിക്കണ്ണുകളിൽനിന്നു ക്രൂരതയുടെ ഇരുൾ മൂടിയ ഭയാനകമുഖം. എച്ച്.എം. ബ്രോൺസ്ഫീൽഡ് ജയിലിൽ കിടന്നു മരിക്കാനേ യോഗമുള്ളൂവെന്നു മകളെക്കൊണ്ടു പറയിപ്പിച്ച സ്ത്രീ.

2013 മാർച്ചിലാണു യുകെയെ ഞെട്ടിച്ച കൊലപാതക പരമ്പര നടന്നത്. കേംബ്രിജ്ഷയറിൽ ക്രൂരമായി കൊല്ലപ്പെട്ട മൂന്നു പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തി. ‘പീറ്റർബറോ ഡിച്ച് മർഡേഴ്സ്’ എന്ന പേരിലാണിത് അറിയപ്പെട്ടത്. ആഴത്തിൽ വെട്ടിയും കുത്തിയും കൊന്നശേഷം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ. തുടർന്നുള്ള അന്വേഷണത്തിലാണു ‘ജയിൽ സംവിധാനത്തിലെ ഏറ്റവും ഭീകരയായ സ്ത്രീ’ എന്നു മുദ്രകുത്തി ജെവാനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വെറുതെ രസത്തിനുവേണ്ടിയാണു മൂന്നു കൊലയും ജൊവന നടത്തിയതെന്നതാണു ശ്രദ്ധേയം. ‘എനിക്കെന്റെ വിനോദം വേണം. നീയെനിക്കു വിനോദത്തിനുള്ള വഴി കണ്ടെത്തണം’– കുറ്റകൃത്യങ്ങളിലെ കൂട്ടാളി എന്ന് ആരോപിക്കപ്പെട്ടിരുന്ന ഗാരി സ്റ്റ്രെച് എന്ന ഗാരി റിച്ചാർ‍ഡ്സ് ജൊവാനയുടെ വിചിത്രസ്വഭാവത്തെ ഓർത്തെടുത്തു. അറസ്റ്റിലായശേഷം മനഃശാസ്ത്രജ്ഞനെ കാണിച്ചപ്പോൾ ജൊവാന പറഞ്ഞു, ‘ഒന്നിന്റെ രുചി പിടിച്ചുപോയി, പിന്നെ നിർത്തിയില്ല’. അതിവിചിത്രങ്ങളായ ചിന്തകളിലും പ്രവൃത്തികളിലും ഏര്‍പ്പെടുന്ന ചിത്തരോഗി എന്നാണ് ഇവരെ ചികിൽസിച്ച ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകിയത്.

joanna-dennehy3
ജൊവാന ഡെന്നി കുട്ടിക്കാലത്തും ഇപ്പോഴും. ചിത്രം: ഫെയ്സ്ബുക്

സ്നേഹമുള്ള സഹോദരി

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ ജൊവാനയുടെ സ്വഭാവമാറ്റത്തിൽ സഹോദരി മരിയ ദുഃഖവും ആശ്ചര്യവും പ്രകടിപ്പിച്ചു. സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറിയിരുന്ന ചേച്ചി എങ്ങനെയാണു നാടു പേടിക്കുന്ന രക്തദാഹിയായി മാറിയതെന്ന് അറിയില്ലെന്നു മരിയ പറഞ്ഞു. മരിയ സൈന്യത്തിൽ ചേർന്നപ്പോൾ നേർവിപരീത വഴിയിൽ മയക്കുമരുന്നുകളുടെയും ആക്രമണങ്ങളുടെയും ലോകത്തിലേക്കാണു ജൊവാന കാലെടുത്തുവച്ചത്.

കുട്ടിക്കാലത്തു താൻ പീഡിപ്പിക്കപ്പെട്ടതായി ജൊവാന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പക്ഷേ അങ്ങനെയുണ്ടായിട്ടില്ലെന്നാണു മാതാപിതാക്കളുടെ നിലപാട്. യാതൊരു നിയന്ത്രണവുമില്ലാതെ കഞ്ചാവും ലഹരിയും ഉപയോഗിച്ചാണു സഹോദരിക്ക് ആക്രമണ വാസനയും കൊലപാതക ത്വരയും ഉണ്ടായതെന്നാണു മരിയയുടെ നിഗമനം. 14 വയസ്സിനുശേഷം ചേച്ചിയുടെ പെരുമാറ്റത്തിൽ ഇത്ര വലിയ മാറ്റത്തിനു കാരണം കൃത്യമായി തനിക്കറിയില്ലെന്നും മരിയ പറയുന്നു.

കടുപ്പമേറിയ മനസ്സും വിമത സ്വഭാവവുമായിരുന്നു ജൊവാനയ്ക്ക്. തന്നേക്കാൾ മുതിർന്ന, ലഹരി ഉപയോഗിക്കുന്ന ആൺകുട്ടികളുമായുള്ള കൂട്ടാണു വ്യക്തിത്വത്തെ മാറ്റിമറിച്ചത്. അതിനുമുമ്പ് ഒരേ മുറിയിലാണു രണ്ടുപേരും കഴിഞ്ഞിരുന്നത്. രഹസ്യങ്ങളെല്ലാം പങ്കുവയ്ക്കുമായിരുന്നു. ജൂനിയർ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ എല്ലാവിധ ആക്രമണങ്ങളിൽനിന്നു സംരക്ഷിച്ചു. കളിക്കളത്തിൽ മോശം ഭാഷയിൽ കളിയാക്കിയ മുതിർന്ന ആൺകുട്ടിയെക്കൊണ്ടു മാപ്പു പറയിപ്പിച്ചാണു ജൊവാന സ്നേഹം പ്രകടിപ്പിച്ചത്. എനിക്കുവേണ്ടി പാട്ടുണ്ടാക്കി പാടുമായിരുന്നു– മരിയ ഓർക്കുന്നു.

കുതറിമാറിയ മിടുക്കിക്കുട്ടി

ചുറ്റുവട്ടത്ത് കറങ്ങിനടക്കുന്ന ജോൺ ട്രെനർ എന്ന പയ്യനെ കണ്ടുമുട്ടിയതോടെയാണു ജൊവാനയുടെ കൂസലില്ലായ്മ മറ്റൊരു രീതിയിലായത്. അഞ്ചു വയസ്സിനു മൂത്തതായിരുന്നു ജോൺ. അയാളുമായി ചങ്ങാത്തമായതോടെ ജൊവാന കടുപ്പക്കാരിയായി, സഹോദരിയുമായി അകലാൻ തുടങ്ങി. ബാല്യകാല സുഹൃത്തുക്കളെ ഉപേക്ഷിച്ചു. മരിയയെ കാണുമ്പോൾ എന്തൊരു ശല്യം എന്നു പറയാൻ തുടങ്ങി. രണ്ടു പെൺകുട്ടികൾക്കും ഒരേ പ്രാധാന്യവും അവസരങ്ങളുമാണ് മാതാപിതാക്കൾ നൽകിയത്. എന്നിട്ടും മൂത്ത മകൾ കുതറിമാറി.

മിടുക്കിയായ മകൾ എന്നാണു രക്ഷിതാക്കൾ ജൊവാനയെ വിളിച്ചിരുന്നത്. പഠിപ്പിച്ച് അഭിഭാഷകയാക്കണം എന്നായിരുന്നു ആഗ്രഹം. മക്കളെ ശാസിക്കുകയോ അടിക്കുകയോ ചെയ്യാതെ സ്വാതന്ത്ര്യത്തോടെ വളർത്തി. പാവകളോടൊത്തു കളിക്കാനും അണിഞ്ഞൊരുങ്ങി നടക്കാനും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു ജൊവാന. വായാടിയായ മരിയയെപ്പോലെയല്ല, ശാന്തസ്വഭാവമായിരുന്നു. ഏവരോടും ബഹുമാനത്തോടെയുള്ള ഇടപെടൽ. എന്നാൽ ലഹരി ശരീരത്തിൽ കയറിയതോടെ ജൊവാനയുടെ ഉള്ളിലുള്ള ക്രൂരതകൾ പുറത്തുചാടി എന്നാണു വീട്ടുകാരുടെ അഭിപ്രായം.

അമ്മയ്ക്കായി മകളുടെ മാപ്പ്

ജോൺ ട്രെനറുമായി ജീവിതം തുടങ്ങിയ ജൊവാനയ്ക്കു രണ്ടു മക്കളുണ്ട്. ജൊവനയ്ക്ക് 17 വയസ്സുള്ളപ്പോൾ 1999ൽ ആണ് ഷിയാനെ ട്രെനർ എന്ന മൂത്ത പെൺകുട്ടി ജനിച്ചത്. മൂന്നു വർഷത്തിനുശേഷം രണ്ടാമത്തെ കുട്ടി പിറന്നു. അമ്മ ജയിലിലായതു ഷിയാനെയെ ഞെട്ടിച്ചു. വളർന്നപ്പോൾ ജൊവാനയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ മകൾ അസ്വസ്ഥയായി. അമ്മ ‘ജയിലിൽ കിടന്ന് മരിക്കേണ്ടയാളാണ്’ എന്നാണു 19കാരി ഷിയാനെ പറയുന്നത്. ജൊവാന അക്രമകാരിയപ്പോൾ ഷിയാനെയെ മറ്റൊരിടത്താണു ജോൺ വളർത്തിയത്.

മദ്യപാനം, മയക്കുമരുന്ന്, നിയന്ത്രണമില്ലാത്ത സെക്സ്, സ്വയം പീഡിപ്പിക്കൽ എന്നിവയിലൂടെയാണ് അമ്മ ആൺവിരോധിയായ സൈക്കോപാത്ത് ആയതെന്നു മകൾ പറയുന്നു. കഴിഞ്ഞദിവസമാണ് അമ്മയെ ആദ്യമായി ജയിലിൽ സന്ദർശിച്ചത്. വികാരനിർഭരമായിരന്നു കൂടിക്കാഴ്ച. ‘അമ്മയെക്കുറിച്ച് എനിക്കൊന്നും സംസാരിക്കാനില്ല. എനിക്ക് ഉത്തരങ്ങളാണു വേണ്ടത്. ഇനിയുള്ള ജീവിതം അവർ ജയിലിൽതന്നെ കഴിയട്ടെ. കൊല്ലപ്പെട്ടവരോടും അവരുടെ ബന്ധുക്കളോടും മാപ്പു ചോദിക്കുന്നു’– സൺഡേ മിററിനു നൽകിയ അഭിമുഖത്തിൽ ഷിയാനെ പ്രതികരിച്ചു.

2013ൽ ജൊവാന മൂന്നുപേരെ കുത്തിക്കൊന്ന വിവരം അറിയുമ്പോൾ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഷിയാനെ. അച്ഛനാണു വിവരം പങ്കുവച്ചത്. 18 വയസ്സായപ്പോൾ അമ്മയെപ്പറ്റി കൂടുതലറിയേണ്ടതുണ്ട് എന്നാഗ്രഹിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ജയിലിലേക്കു കത്തെഴുതി. തന്നോടു വെറുപ്പായിരുക്കുമെന്നാണു കരുതിയത്. ജൊവാനയുമായി ഒരു ബന്ധം സൃഷ്ടിക്കാൻ ആഗ്രഹിച്ചുമില്ല. എന്നാൽ, ഞെട്ടിച്ചുകൊണ്ട് സ്നേഹത്തിന്റെയു ഊഷ്മളതയുടെയും ഭാഷയിൽ വലിയൊരു മറുപടി കിട്ടി. ഇത്രമാത്രം അമ്മ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ ഷിയാനെ പൊട്ടിക്കരഞ്ഞു.

കറുത്ത ടീ ഷർട്ടും നീല ജീൻസും ബൂട്ടുമായിരുന്നു അമ്മയുടെ ജയിൽവേഷം. കണ്ണിനു സമീപത്തിലായി മുഖത്തു ചെറിയ വളയം കുത്തിയിരുന്നു. സ്വര്‍ണ്ണത്തലമുടിയും ആരോഗ്യവുമുള്ള സ്‌ത്രീ. കാവൽക്കാരല്ലാതെ ഞങ്ങൾ രണ്ടുപേർ മാത്രം. രണ്ടുവട്ടം സൂക്ഷിച്ചു നോക്കിയപ്പോഴാണു ഞാനാണെന്നു മനസ്സിലായത്. പരസ്പരം നോക്കി കുറെനേരം കരഞ്ഞു. എന്നോടവർ മാപ്പിരന്നു. ചെയ്തതൊന്നും ശരിയല്ലെന്നും ന്യായീകരണമില്ലെന്നും പറഞ്ഞു. മകൾ വളരുന്നതു കാണാനും കല്യാണത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതും ശിക്ഷയുടെ ഭാഗമാണെന്നും സങ്കടപ്പെട്ടു

അമ്മ നന്നായി പുസ്തകങ്ങൾ വായിക്കുമായിരുന്നു. തന്റെയും കൂട്ടുകാരുടെയും ഒപ്പം കടലാസ് കളികളിലും ചേരുമായിരുന്നു. വീട്ടിലെ ചുവർ നിറയെ ഞങ്ങൾ ചിത്രം വരച്ചിട്ടുണ്ട്. ഇതെല്ലാം കണ്ട് അച്ഛനു ഭ്രാന്തു വരും. പക്ഷേ അതെല്ലാം നിറമുള്ള ഓർമകളാണ്. എന്നേക്കാൾ വലിയ കുട്ടിയെപ്പോലെയാണു അമ്മ കളികളിലും വിനോദത്തിലും പങ്കെടുത്തിരുന്നത്’– ഷിയാനെ പറഞ്ഞു.

joanna-dennehy1
ജൊവാന ഡെന്നി. ചിത്രം: ഫെയ്സ്ബുക്

ജൊവാന ചെകുത്താനായപ്പോൾ

പ്രഭാതഭക്ഷണത്തിനൊപ്പം കടുപ്പമുള്ള ലാഗർ ബീയർ കഴിക്കുകയും വോഡ്ക കുപ്പി നിലത്തിടുകയും സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണു ജൊവനയിൽ ‘ചെകുത്താൻ’ പ്രവർത്തിച്ചു തുടങ്ങിയത് – ജോൺ ട്രെനർ ഓർക്കുന്നു. ഒരു ദിവസം ജോണിനെ മർദിക്കാൻ അർധരാത്രിയിൽ മറ്റൊരാൾക്കു ക്വട്ടേഷൻ കൊടുത്തതോടെ കാര്യങ്ങൾ സങ്കീർണമായി. ആ സംഭവത്തിനുശേഷം ജൊവാന ആളാകെ മാറി, കൂടുതൽ രഹസ്യാത്മകമായി.

ദിവസങ്ങളും മാസങ്ങളും അവർ രഹസ്യ സ്ഥലങ്ങളിൽ കഴിഞ്ഞു. വീട്ടിലേക്കുള്ള വരവു കുറഞ്ഞു. എവിടെയാണുള്ളതെന്ന് അറിയാനുമായില്ല. പിന്നീടു വീട്ടിൽ വന്നപ്പോഴെല്ലാം ദേഹമാകെ മുറിവുകളായിരുന്നു. പങ്കാളിയെയും മക്കളെയും പ്രകോപിപ്പിക്കാനായി സ്വതന്ത്ര സെക്സിൽ ഏർപ്പെട്ടു. മുഖത്തും കഴുത്തിലും ദന്തക്ഷതങ്ങളും നഖപ്പാടുകളും ഉണങ്ങാതെ കിടന്നു. ജോണുമായി വലിയ വാഗ്വാദങ്ങൾ പതിവായി.

വർഷങ്ങൾക്കു മുമ്പ് ജൊവാനയുടെ കുസൃതികൾക്കും വിനോദങ്ങൾക്കും കൂട്ടായിനിന്ന ജോൺ അകന്നു. രണ്ടുപേരും രണ്ടുവഴിക്കായി. ജൊവാന സ്വതന്ത്ര ജീവതത്തിലും മയക്കുമരുന്നതിലും ആർമാദിച്ചു. പിന്നീടാണു കൊലപാതകങ്ങൾ അരങ്ങേറിയതും അറസ്റ്റിലായതും. പിടിയിലായപ്പോൾ, വളരെ എളുപ്പമാണു കൊലപാതകം എന്നായിരുന്നു മൊഴി നൽകിയത്. രാജ്യത്തു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മൂന്നു സ്ത്രീകളിലൊരാളാണ് ഇപ്പോൾ ജൊവാന.

joanna-dennehy2
ജൊവാന ഡെന്നി. ചിത്രം: ഫെയ്സ്ബുക്

ജൊവാനയുടെ ‘വിനോദ ഇരകൾ’

ജോണുമായുള്ള വാക്കുതർക്കത്തിനുശേഷം പലവിധ പുരുഷന്മാരെയും ജൊവാന ജീവിതത്തിലേക്കു ക്ഷണിച്ചു. എല്ലാം ക്ഷണികമായ പ്രേമബന്ധങ്ങൾ. പതിയെപ്പതിയെ അവർക്കു പുരുഷന്മാരോട് എന്തെന്നില്ലാത വിരോധവും തുടങ്ങി. പോളണ്ട് സ്വദേശി ലൂക്കാസ് സ്ളാബോസെസ്കി (31), ജോൺ ചാപ്മാൻ (56), കെവിൻ ലീ (48) എന്നിവരാണു ജൊവാനയുടെ കൈകളാൽ കൊലപ്പെട്ടത്.

പോളണ്ടിൽനിന്ന് 2005ൽ യുകെയിലെ പീറ്റർബറോയിൽ ജോലി തേടി എത്തിയതായിരുന്നു ലൂക്കാസ്. ഹെറോയിനും മെത്തഡോണും ഉപയോഗിച്ചിരുന്നു ലൂക്കാസ്. 2013 മാർച്ച് 19നാണ് ഇയാളെ ഒടുവിൽ ജീവനോടെ കണ്ടത്. തലേദിവസം ഇയാളും ജൊവാനയും പരിചയപ്പെട്ടിരുന്നു. തനിക്കൊരു ‘ഇംഗ്ലിഷ് പെൺസുഹൃത്തിനെ’ കിട്ടിയതായി ഇയാൾ സുഹൃത്തുക്കളോടു പറയുകയും ചെയ്തു. 19ാം തീയതിയോ പിറ്റേന്നോ ഇയാൾ കൊലചെയ്യപ്പെട്ടിരിക്കാം എന്നാണു പൊലീസ് പറയുന്നത്. റോൾസ്റ്റൺ ഗർത്തിൽ വച്ചാണ് ഇയാളെ ജൊവാന കുത്തിക്കൊന്നത്. ഉരുട്ടിക്കൊണ്ടുപോകുന്ന വേസ്റ്റ്ബിന്നിൽ ലൂക്കാസിന്റെ മൃതദേഹം ദിവസങ്ങളോളം സൂക്ഷിച്ചു.

ഫാക്‌ലാൻഡ് യുദ്ധത്തിൽ നാവികസേനയിൽ സേവനം ചെയ്തയാളാണു ലീഡ്സിൽനിന്നുള്ള ജോൺ ചാപ്മാൻ. മദ്യപാനിയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഇഷ്ടം പോലെ മദ്യപിക്കും. ഒർട്ടോൺ ഗോൾഡ്ഹേയിൽ ജൊവാന താമസിക്കുന്നതിന് അടുത്തായിരുന്നു ചാപ്മാൻ കഴിഞ്ഞിരുന്നത്. ഇരുവരും പരിചയമുണ്ടായിരുന്നു. മാർച്ച് 29ന് ഹൃദയത്തിൽ കുത്തേറ്റാണു ചാപ്മാൻ കൊല്ലപ്പെട്ടത്. ചാപ്മാന്റെയും ലൂക്കാസിന്റെയും മൃതദേഹങ്ങൾ തോർണി ഡെയ്ക്കിന്റെ ഭൂമിയിലാണു കുഴിച്ചിട്ടത്. ഏപ്രിൽ മൂന്നിന് ഒരു കർഷകനാണു രണ്ടു മൃതദേഹങ്ങളും കണ്ടതും പൊലീസിനെ അറിയിച്ചതും.

joanna-dennehy4
ജൊവാന ഡെന്നി. ചിത്രം: ഫെയ്സ്ബുക്

ഭാര്യ ക്രിസ്റ്റീനയ്ക്കും രണ്ടു മക്കൾക്കും ഒപ്പമാണു ഫ്ളെറ്റണിൽ പ്രോപ്പർട്ടി ഡെവലപ്പറായിരുന്ന കെവിൻ ലീ കഴിഞ്ഞിരുന്നത്. താമസിക്കാനുള്ള ഇടം തേടി ജൊവാന കെവിനെ സമീപിച്ചു. ജൊവാനയെ ഇഷ്ടപ്പെട്ട കെവിൻ തന്റെ ഓഫിസിൽ അവർക്കു ജോലി നൽകി. ജൊവാനയിൽ തൽപരനായ കെവിൻ അവിഹിതബന്ധം ആരംഭിച്ചു. ഒമ്പതു ദിവസത്തിനുശേഷം, ദുഃഖവെള്ളിയാഴ്ച ജൊവാനയ്ക്കു കെവിൻ ഈസ്റ്റർ ആശംസാകാർഡ് സമ്മാനിച്ചു. അതിനുപിന്നാലെ റോളസ്റ്റൺ ഗാർത്തിൽ വച്ചു കാണാമോയെന്നു ഫോണിലൂടെ ജൊവാന തിരക്കി. ആ കൂടിക്കാഴ്‍ച അവസാനിച്ചതും മരണത്തിലായിരുന്നു. മാർച്ച് 30ന് മിഡിൽ റോഡിൽ കുഴിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

English Summary: 'She deserves to die in prison': Daughter, 19, of Joanna Dennehy reveals how her loving mum turned into a man-hating serial killer as she says 'sorry' to the victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com