sections
MORE

വാർത്താ അവതാരകൻ ഗോപൻ നിര്യാതനായി; ആ ‘വലിയ’ ശബ്ദത്തിന്റെ ഉടമ

SHARE

ന്യൂഡൽഹി ∙ ആകാശവാണിയിലെ മുൻ വാർത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും ഒട്ടേറെ പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയ കലാകാരനുമായ ഗോപൻ (ഗോപിനാഥൻ നായർ – 79) നിര്യാതനായി. പുകവലിക്കെതിരായ പരസ്യത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. 1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാള വിഭാഗത്തിൽ ജോലി ചെയ്തു. ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യത്തിലൂടെയും മലയാളികൾക്കു സുപരിചിതനാണ്. ഭാര്യ: രാധ. മകൻ: പ്രമോദ്. അഞ്ചു പതിറ്റാണ്ടിലേറെയായി ഡൽഹിയിലായിരുന്നു താമസം.

gopan-newsreader
ഗോപൻ (ഫയൽചിത്രം)

ഡൽഹി ആകാശവാണിയിലെ മലയാള വിഭാഗത്തിൽ നിന്നെത്തുന്ന വാർത്താ ബുള്ളറ്റിനുകളിലൂടെയാണ് ഒരുകാലത്ത് മലയാളികൾ ലോകത്തെയും രാജ്യത്തെയും നാട്ടിലെത്തന്നെയും വർത്തമാനങ്ങൾ കേട്ടറിഞ്ഞിരുന്നത്. ആകാശവാണി, ഡൽഹി, വാർത്തകൾ വായിക്കുന്നത് എന്നു പറഞ്ഞുതുടങ്ങുമ്പോൾ തന്നെ വായിക്കുന്ന ആളുടെ പേര് മലയാളികൾ പൂരിപ്പിച്ചിരുന്നു. ശബ്ദത്തിലും ശൈലിയിലുമുള്ള വൈവിധ്യത്തിലൂടെ കേൾവിക്കാരന്റെ കാതുകളിൽ സ്വന്തം ഇടമുറപ്പിച്ച വാർത്താ അവതാരകരിലൊരാളായിരുന്നു ഗോപൻ.

2016 ഫെബ്രുവരിയിൽ ഗോപനെക്കുറിച്ച് മലയാള മനോരമയിൽ മിഥുൻ എം.കുര്യാക്കോസ് എഴുതിയ ലേഖനം ചുവടെ:

ചോദ്യം: ശ്വാസകോശം എന്തു പോലെയാണ്?

ഈ ചോദ്യത്തിന് ഉത്തരം പറയാൻ മലയാളിക്കു ക്ളൂ ഒന്നും വേണ്ട.

ശ്വാസകോശമെന്നു കേട്ടാലേ നമ്മൾ പറയും അതു സ്പോഞ്ച് പോലെയാണെന്ന് !

ഡൽഹിയിൽ നിന്നൊരു മലയാളി ശബ്ദം നമ്മുടെ ശ്വാസകോശത്തിൽ നിറഞ്ഞിട്ട് നാളേറെയായി. രാജ്യ തലസ്ഥാന നഗരിയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഗോപിനാഥൻ നായർ ആണ് ആ ശബ്ദത്തിന്റെ ഉടമ. ഗോപന്റെ ഭാഷയിൽ പറഞ്ഞാൽ ‘ആ വെറുപ്പിക്കുന്ന ശബ്ദം എന്റേതാണ്!’

gopan-akashavani3
ഗോപൻ. ചിത്രം: ഫെയ്സ്ബുക്

ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന വാചകത്തിൽ തുടങ്ങുന്ന, പുകവലി വിരുദ്ധ പരസ്യത്തിന് ഇത്രമേൽ പ്രചാരം ലഭിച്ചതിന്റെ മുഴുവൻ കയ്യടിയും ഗോപനു നൽകണം. കേൾവിക്കാരെ അൽപമൊന്നു പേടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ ശബ്ദത്തിന്റെ ഉടമ ‘വാർത്തകൾ വായിക്കുന്നത് ഗോപൻ’ എന്ന ആമുഖത്തോടെ രാജ്യതലസ്ഥാന നഗരിയിലെ ആകാശവാണിയിൽ നിന്ന് 39 വർഷം നമ്മെ വാർത്തകൾ വായിച്ചു കേൾപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ സിനിമ തുടങ്ങുന്നതിനു മുമ്പ് കേൾക്കുക ഗോപന്റെ ശബ്ദമാണ്. വീട്ടിൽ സിഡി ഇട്ടു സിനിമ കാണാമെന്നു വിചാരിച്ചാൽ, സിനിമ തുടങ്ങും മുൻപ് ശ്വാസകോശം സ്പോഞ്ച് പോലെയാണെന്നു ഗോപൻ പറഞ്ഞിരിക്കും!

gopan-akashavani1
ഗോപൻ. ചിത്രം: ഫെയ്സ്ബുക്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി സന്നദ്ധ സഘടനയാണു പരസ്യം ഒരുക്കിയത്. പരസ്യത്തിലെ ഡയലോഗ് കേട്ടാൽ ആളുകൾ പുകവലി നിർത്തണം എന്നായിരുന്നു നിർമാതാവിന്റെ നിബന്ധന. ഗോപൻ അത് അക്ഷരംപ്രതി പാലിച്ചു.

സിനിമാ നടൻ സുരാജ് വെഞ്ഞാറമ്മൂട് ആണ് ആ ശബ്ദത്തിനു പിന്നിൽ ഗോപനാണെന്ന നഗ്നസത്യം ലോകത്തെ വിളിച്ചറിയിച്ചത്. മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഡൽഹിയിലെത്തിയ സുരാജ് ഗോപനെ ‘കയ്യോടെ പിടികൂടി’.

gopan-akashavani4
ഗോപൻ. ചിത്രം: ഫെയ്സ്ബുക്

അതുപോട്ടെ, ഇതൊക്കെ പറയുന്ന ഗോപൻ പുകവലിക്കുമോ? അതിഭീകരമായി വലിച്ചിരുന്നു. ചെറുപ്പത്തിൽ ഒന്നാന്തരം പുകവലിക്കാരനായിരുന്നു ഗോപൻ. എഴുപതുകളിൽ ഹൃദയത്തിനു നേരിയ പ്രശ്നം നേരിട്ടതോടെ നിർത്തി.

പരസ്യത്തിനു ശബ്ദം നൽകുന്നതിനും വർഷങ്ങൾ മുൻപേ താൻ പുകവലി നിർത്തിയെന്നു ഗോപൻ പറയുന്നു. പക്ഷേ, സുരാജ് സമ്മതിക്കില്ല. ‘സാറിന്റെ ചുണ്ട് കണ്ടാലറിയില്ലേ ഇപ്പോഴും നല്ല വലിയാണെന്നു’ സുരാജ് ഗോപനെ കളിയാക്കും.

gopan-akashavani2
ഗോപൻ. ചിത്രം: ഫെയ്സ്ബുക്

പക്ഷേ, ഗോപൻ തന്റെ സ്വതസിദ്ധമായ ശബ്ദത്തിൽ ലോകത്തോടു പറയുന്നു: ‘പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു മനസ്സിലാക്കിയപ്പോൾ അതുപേക്ഷിച്ചവനാണു ഞാൻ!’

English Summary: AIR Malayalam newsreader Gopan passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA