ADVERTISEMENT

തിരുവനന്തപുരം ∙ റോഡരികില്‍ പാര്‍ക്ക് ചെയ്തുപോയ കാര്‍ ‘അല്‍പനേരം’ കാണാതായ സംഭവത്തില്‍ ദുരൂഹത. കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ ജീവനക്കാരന്‍ 27ാം തീയതി രാവിലെ വാഹനം പാര്‍ക്കു ചെയ്തത് ശാസ്തമംഗലം - വെള്ളയമ്പലം റോഡില്‍ എസ്ബിഐയുടെ എതിര്‍വശത്ത്. അഞ്ചുമണി കഴിഞ്ഞ് ഓഫിസില്‍നിന്ന് തിരികെയെത്തിയപ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് വാഹനമില്ല. അരമണിക്കൂര്‍ നേരം പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 

പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശമനുസരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നിര്‍ദേശപ്രകാരം രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം കിടന്ന സ്ഥലത്തെത്തി പരിശോധന നടത്തുകയും പാര്‍ക്കു ചെയ്തിരുന്ന സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെയായി കണ്ടെത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നതിനു മുന്‍പ്, ആദ്യം തിരച്ചില്‍ നടത്തുമ്പോള്‍ ഈ സ്ഥത്ത് വാഹനം ഇല്ലായിരുന്നതായി ഉടമസ്ഥന്‍ പരാതിയിൽ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ മിനിറ്റുകള്‍ക്ക് മുന്‍പാണ് വാഹനം അവിടെ കൊണ്ടുവന്നിട്ടതെന്നു മനസ്സിലായി. എഞ്ചിനും ബോണറ്റും ചൂടായിരുന്നു. പൊലീസിന്റെ നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥന്‍ വാഹനവുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ തിരുവനന്തപുരം നഗരമധ്യത്തില്‍ നഗരസഭയുടെ പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം പാര്‍ക്കു ചെയ്തതിന്റെ തെളിവായി പാര്‍ക്കിങ് രസീത് വാഹനത്തിനുള്ളിൽനിന്നു ലഭിച്ചു.

വാഹനം പാര്‍ക്കു ചെയ്തിരിക്കുന്ന സമയം 4 മണി. തീയതി ഏപ്രിൽ 27. രാവിലെ വാഹനം പാര്‍ക്കു ചെയ്തശേഷം വാഹനം സ്റ്റാര്‍ട്ട് ആക്കുകയോ പാര്‍ക്കിങ് കേന്ദ്രത്തിലേക്കു പോകുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റാരോ വാഹനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. വാഹനം ഉപയോഗിച്ചശേഷം അതേസ്ഥലത്ത് തിരിച്ചിട്ടതാരാണെന്നറിയാന്‍ മ്യൂസിയം പൊലീസ് പാര്‍ക്കിങ് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com