ADVERTISEMENT

പാലക്കാട്∙ പാലക്കാടിന്റെ കിഴക്കന്‍മേഖലയിലെ അതിര്‍ത്തി വഴികളില്‍ അത്തിമണി അനിലിന്റെ വണ്ടികൾക്കു സ്റ്റോപ്പുണ്ടാവില്ല. ആരെങ്കിലും തടഞ്ഞാല്‍ ഏതുരീതിയിലും കൈകാര്യം ചെയ്യുന്ന സംവിധാനമുണ്ട്. സ്പിരിറ്റു കടത്തുന്നതില്‍ പ്രധാനിയാണ് അത്തിമണി അനില്‍ എന്ന അനില്‍കുമാര്‍. സിപിഎമ്മിനുവേണ്ടി എന്തും ചെയ്യും. സ്വന്തം ആവശ്യത്തിനുവേണ്ടി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തും. പണവും സ്വാധീനവും അനിലിനു വഴികാട്ടിയായപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പോലും വഴിതെറ്റിയതിന് ഒട്ടേറെ തെളിവുകളുണ്ട്.

എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനതാദള്‍ എസ്. പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളിലുള്‍പ്പെടെ അനില്‍ പ്രതിയാണെങ്കിലും അനിലിനെ പൊലീസ് സംരക്ഷിച്ചുകൊണ്ടേയിരിക്കും. ആരുമറിയാതെ പല കേസുകളില്‍ നിന്നും അനിലിനെ ഒഴിവാക്കിയിട്ടുണ്ട്. സാക്ഷിമൊഴികള്‍ തിരുത്തിപ്പിച്ചിട്ടുണ്ട്. ശിവന്‍ കൊലപാതകത്തിലൂടെയാണ് അനില്‍ അറിയപ്പെട്ടത്. പിന്നീട് എഫ്ഐആറില്‍ എഴുതപ്പെടാതെ പോയ എത്രയോ കേസുകള്‍. അനിലിന്റെ ക്രൂരതയില്‍ ഇരകളായവര്‍ ഇന്നും വേദന തിന്നു ജീവിക്കുകയാണ്. 

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ രാഷ്ട്രീയ ആക്രമണകേസുകളിലെ പ്രതികളുമായും അനിലിനു ബന്ധമുണ്ടെന്നാണ് ആരോപണം. ഒരിക്കലും പിടിക്കപ്പെടാതെ പിടികാടുക്കാതെ കേസുകളില്‍ പ്രതിയാകാതെ അനില്‍ രക്ഷപെട്ടുകൊണ്ടേയിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ചിറ്റൂരിലും ചിറ്റൂരിനു പുറത്തും മുക്കിനും മൂലയിലും സ്പിരിറ്റ് എത്തിച്ചത് അനിലായിരുന്നു. തെങ്ങിന്‍തോപ്പുകളും ഒഴിഞ്ഞപറമ്പുകളും ചില വിശ്വസ്തരായവരുടെ കടകളും കേന്ദ്രീകരിച്ച് സ്പിരിറ്റ് സൂക്ഷിച്ച് കടത്തിക്കൊണ്ടേയിരുന്നു.

സര്‍വസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പുകാലത്തു വഴിയടച്ചു പരിശോധിച്ച ഉദ്യോഗസ്ഥരൊക്കെ അനിലിനെ തൊടാതെ കൈമടക്കി. ഏറ്റവും ഒടുവില്‍ അപ്രതീക്ഷിതമായാണ് അനില്‍ സ്പിരിറ്റു കേസില്‍ പ്രതിയായത്. ഉന്നത കേന്ദ്രങ്ങളില്‍ നിന്നു വിളി വന്നെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ എക്സൈസ് ഇന്റലിജന്‍സും പ്രതിപ്പട്ടികയില്‍ നിന്നു പേരുവെട്ടാതെ പിടിമുറുക്കി.

അനിലിനെ പ്രതിയാക്കിയാക്കിയതോടെ സിപിഎം നേതൃത്വം വെട്ടിലായി. അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ അനിലിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയാണു തടിതപ്പിയത്. പുറത്താക്കലൊക്കെ പുറമറയാണെന്നാണ് ചിറ്റൂരിലെ നാട്ടുവര്‍ത്തമാനം. അനിലിന് അത്രമേല്‍ എല്ലായിടത്തും സ്വാധീനമുണ്ട്. ചിറ്റൂരില്‍ എസ്ഐ ആയിരുന്ന എം.ജെ. ജിയോയെ ആക്രമിച്ച കേസില്‍ അനില്‍ പ്രതിയാണ്. കോടതിയുടെ പരിഗണനയിലിരിക്കെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങി. അനിലിനുവേണ്ടി ഉദ്യോഗസ്ഥര്‍ ഏതു കേസും അട്ടിമറിക്കുമെന്നതിനു തെളിവാണിത്.

ചുമട്ടുതൊഴിലാളിയായാണ് അനിലിന്റെ തുടക്കം. അല്‍പം തണ്ടുംതടിയുമൊക്കെയായി നാട്ടില്‍ വിലസുമ്പോള്‍ സിഐടിയു അംഗത്വം ലഭിച്ചു. പിന്നീടിങ്ങോട്ടു കൊണ്ടും കൊടുത്തുമാണു ജീവിതം. ചുമട്ടുജോലി കാര്‍ഡ് മറ്റൊരാള്‍ക്കു വിറ്റു. പിന്നീട് ഷാപ്പ് നടത്തിപ്പും കള്ള് ചെത്തിന്റെ ഇടപാടുകളുമായി വലിെയാരു ശൃംഖല കെട്ടിപ്പൊക്കി. ഓലക്കുടിലിലെ ജീവിതമായിരുന്ന അനിലിനു പെരുമാട്ടി ഗ്രാമപഞ്ചായത്താണ് ഭവനപദ്ധതിപ്രകാരം വീടു വച്ചുനല്‍കിയത്. ഇന്നിപ്പോള്‍ പണത്തിന്റെ വരവു കൂടിയതോടെ ലക്ഷങ്ങള്‍ മുടക്കി മറ്റൊരിടത്തു വീടു നിര്‍മിക്കുകയാണെന്നാണ് ആക്ഷേപം.

അത്തിമണിയെ കുടുക്കാന്‍ ഇനിയും വൈകരുതെന്ന് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ വഴിവിട്ട ഇടപാടുകള്‍ക്കു ചുക്കാന്‍ പിടിച്ചത് ചിറ്റൂര്‍ പൊലീസിലെ ഒരു ഉന്നതനായിരുന്നു. ജനതാദള്‍ എസ് പ്രവര്‍ത്തകരും സ്പിരിറ്റുകടത്ത് കേസില്‍ അനിൽ പ്രതിയായതില്‍ സന്തോഷിക്കുകയാണ്. അകാരണമായി രാഷ്ട്രീയസംഘര്‍ഷം ഉണ്ടാക്കുന്നതിന് അനില്‍ പലപ്പോഴും ശ്രമിച്ചെന്നാണ് ആരോപണം. അനിലിനെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിലെ ഉന്നതരും രാഷ്ട്രീയനേതൃത്വത്തിലെ പ്രമുഖരും നിയമത്തിനു മുന്നിലെത്തണമെന്നു സാധാരണക്കാരും ആഗ്രഹിക്കുന്നു. 

English Summary: Spirit haul: The untold story of Athimani Anil former CPM branch secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com