ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുപിഎ സർക്കാരിന്റെ കാലത്തു കോണ്‍ഗ്രസല്ല, സൈന്യമാണു മിന്നലാക്രമണം നടത്തിയത്. 70 വർഷമായി സൈന്യത്തിനു മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്. അതിൽ മോദിക്കു യാതൊരു പങ്കുമില്ല. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വിഡിയോ ഗെയിമുകളിലാണ് യുപിഎ കാലത്തെ സർജിക്കൽ സ്ട്രൈക്ക് എന്നു പറയുമ്പോൾ മോദി കോൺഗ്രസിനെയല്ല, മറിച്ചു സൈന്യത്തെയാണ് അപമാനിക്കുന്നത്. പ്രധാന വിഷയമായ തൊഴിലില്ലായ്മയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും പറയുന്നില്ല. തിരഞ്ഞെടുപ്പു കഴിയുമ്പോൾ മോദി പുറത്തുപോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്കു വൈദഗ്ധ്യമില്ല. വിദഗ്ധരെ അദ്ദേഹം ഉപയോഗിക്കുന്നുമില്ല. തൊഴിൽ, അഴിമതി വിഷയങ്ങളില്‍ സംവാദം നടത്താൻ പ്രധാനമന്ത്രി തയാറാകണം. നിങ്ങളാഗ്രഹിക്കുന്ന സ്ഥലത്തുവച്ച് എനിക്ക് 10 മിനിറ്റ് അനുവദിക്കൂ. പക്ഷേ അത് അനിൽ അംബാനിയുടെ വീട്ടിൽവച്ചു വേണ്ട.

സുപ്രീംകോടതിയുമായി സംബന്ധിച്ച പ്രതികരണമായതിനാലാണു ഖേദം പ്രകടിപ്പിച്ചത്. ബിജെപിയോടൊ, മോദിജിയോടോ അല്ല ഖേദം പ്രകടിപ്പിച്ചത്. ‘ചൗക്കീദാർ ചോർ ഹെ’ എന്ന മുദ്രാവാക്യം ഇനിയും തുടര്‍ന്നുപോകും. ജയ്ഷെ ഭീകരൻ മസൂദ് അസ്ഹറിന്റെ കാര്യത്തിൽ ശക്തമായ നടപടികൾതന്നെ കൈക്കൊള്ളണം. പക്ഷേ ആരാണ് അയാളെ വിട്ടയച്ചത്?. കോൺഗ്രസല്ല, ബിജെപി സർക്കാരാണ് മസൂദ് അസ്ഹറിനെ വിട്ടയച്ചത്.

എനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യമായ അന്വേഷണം നടത്താമെന്നും രാഹുൽ അമിത് ഷായുടെ ആരോപണത്തിനു മറുപടിയായി പറഞ്ഞു. യുപിഎ ഭരണകാലത്ത് രാഹുൽഗാന്ധിയുടെ മുൻ ബിസിനസ് പങ്കാളിക്കു പ്രതിരോധ കരാർ ലഭ്യമായിരുന്നെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അന്വേഷണത്തിനു തയാറാണ്.– രാഹുൽ വ്യക്തമാക്കി.

English Summary: The Army,Air Force or Navy are not personal properties of Narendra Modi ji: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com