sections
MORE

വോൻസാൻ നഗരത്തിൽനിന്നു വീണ്ടും ഉത്തരകൊറിയയുടെ ഹ്രസ്വദൂര മിസൈൽ പരീക്ഷണം

Kim Jong Un
SHARE

സോൾ∙ വോൻസാൻ നഗരത്തിൽനിന്നു വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തര കൊറിയ ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. അണ്വായുധങ്ങളും ബാലസ്റ്റിക് മിസൈലുകളും വികസിപ്പിക്കില്ലെന്ന് യുഎസിന് ഉറപ്പുനൽകിയ ഉത്തര കൊറിയ, ‘തന്ത്രപരമായ അത്യന്താധുനിക ആയുധം’ വിജയകരമായി പരീക്ഷിച്ചതായി അവകാശപ്പെട്ടിരുന്നു.  കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവായുധ വിമുക്തമാക്കാനുളള യുഎസ് ശ്രമങ്ങൾ പാളുന്നതിനിടെയാണ് വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. 

ഇന്ന് രാവിലെ 9.06 നും 9.27 നും ഇടയിലാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ആദ്യം മിസൈൽ എന്നായിരുന്നു പ്രസ്‌താവനയിൽ പറഞ്ഞിരുന്നുവെങ്കിലും  പിന്നീട് മിസൈലുകൾ എന്നു തിരുത്തി. ഉത്തര കൊറിയയ്ക്കും ജപ്പാനും ഇടയിലുളള സമുദ്രത്തിൽ പതിക്കുന്നതിനു മുൻപ് 70 മുതൽ 200 കിലോമീറ്ററായിരുന്നു ഇവയുടെ വേഗമെന്നും പ്രസ്‌താവനയിൽ പറയുന്നു.

ഉത്തര കൊറിയയുടെ നീക്കത്തെ കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നതായും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് പറഞ്ഞു. 2017 നു ശേഷം ആദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. എന്നാൽ സമുദ്രത്തിൽ മിസൈൽ പതിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലായം പ്രതികരിച്ചു. 

രാഷ്ട്രത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ അത്യന്താധുനിക ആയുധം പരീക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നത് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.  

അടുത്തിടെ നടന്ന ഉച്ചകോടിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അണ്വായുധം സംബന്ധിച്ചു നൽകിയ ഉറപ്പുകൾ കിം പാലിക്കുമെന്നാണു പ്രതീക്ഷയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നേരത്തെ പ്രതികരിച്ചിരുന്നു. ആണവ നിരായുധീകരണത്തിനുള്ള തുടർനടപടികളൊന്നും ഉത്തരകൊറിയ കൈക്കൊണ്ടതായി സൂചനയില്ലെന്ന് യുഎസ് വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, ഉത്തര കൊറിയയിൽ 13 രഹസ്യസ്ഥലങ്ങളിലായി ബാലിസ്റ്റിക് മിസൈൽ പദ്ധതി പുരോഗമിക്കുകയാണെന്ന വിവരം വാഷിങ്ടൻ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻ‍ഡ് ഇന്റർനാഷനൽ സെക്യൂരിറ്റി പുറത്തുവിട്ടിരുന്നു.

English Summary :North Korea fires short-range missiles into the sea, report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA