ADVERTISEMENT

കൊച്ചി∙ പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്നു നിർബന്ധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ളയാണെന്ന തോമസ് ഐസക്കിന്റെ ഫെയ്സ്ബുക് കുറിപ്പിനോടുള്ള മറുപടിക്കിടെയായിരുന്നു ഈ പരാമർശം. പ്രളയത്തിന്റെ ദുരിതത്തിൽപ്പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് ആ കത്തിലുള്ളതെന്നും അല്ലാതെ മന്ത്രി ആരോപിച്ചതുപോലെ ദേശീയപാത വികസനം അട്ടിമറിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പലരും വന്നു മെമ്മൊറാണ്ടം തരാറുണ്ട്. വായിച്ചുനോക്കി അതു ബിജെപിയുടെ കവറിങ് ലെറ്റർ വച്ച് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചു നൽകാറുണ്ട്. അതാണ് ചെയ്തത്. സിപിഎമ്മിന്റെ ഒരു നേതാവും തന്നെ കാണാൻ വന്ന സംഘത്തിലുണ്ടായിരുന്നു. പാർട്ടി നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. ആവശ്യം കാര്യപ്രസക്തമാണെങ്കിൽ സഹായിക്കാവുന്നതുപോലെ സഹായിക്കും’ – വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

‌പ്രളയത്തിനു പിന്നാലെ എറണാകുളത്തെ ഭൂമിയേറ്റെടുക്കൽ തടയണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രത്തിനു ശ്രീധരൻപിള്ള കത്തയച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ശ്രീധരൻപിള്ള അയച്ച കത്തും തോമസ് ഐസക്ക് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. സംയുക്ത സമരസമിതിയുടെ ആവശ്യപ്രകാരമാണു കത്ത് അയയ്ക്കുന്നതെന്നാണു ശ്രീധരൻപിള്ള 2018 സെപ്റ്റംബർ 14ന് അയച്ച കത്തിൽ പറയുന്നത്. പ്രളയത്തിൽ തകർന്നടിഞ്ഞ എച്ച് 66ന്റെ ഭാഗമായി ഇടപ്പള്ളി – മൂത്തകുന്നം ഭാഗത്തെ ഭൂമിയേറ്റെടുക്കലിനെയാണു കത്തിൽ ശ്രീധരൻപിള്ള പരമാർശിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കൽ കുറച്ചുകാലത്തേക്ക് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com