ADVERTISEMENT

വാഷിങ്ടൻ∙ ഇറാനു ശക്തമായ താക്കീതുമായി വിമാനവാഹിനി യുദ്ധക്കപ്പലും ബോംബർ ടാസ്ക് ഫോഴ്സിനെയും മധ്യപൂർവേഷ്യയിലേക്ക് അയക്കാൻ യുഎസ്. വ്യക്തമായ സന്ദേശം ഇറാനു നൽകുകയാണു ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടൻ പറഞ്ഞു. പ്രശ്നങ്ങളുണ്ടാക്കുന്ന നിരവധി നീക്കങ്ങളും മുന്നറിയിപ്പുകളുമാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിനു മറുപടിയായാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ കപ്പലും സേനയേയും യുഎസ് സെൻട്രൽ കമാൻ‍ഡ‍ിലേക്കു വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎസ് താൽപര്യങ്ങൾക്കോ, സഖ്യരാഷ്ട്രങ്ങൾക്കോ മേലുള്ള ഏതു നീക്കത്തിനും അനുകമ്പയില്ലാതെ സേനയെ ഉപയോഗിച്ചു മറുപടി നൽകും. ഇറാനുമായി യുദ്ധമല്ല യുഎസ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഏതു തരത്തിലുള്ള ആക്രമണങ്ങൾക്കും മറുപടി നൽകുന്നതിന് യുഎസ് സർവ സജ്ജരായിക്കഴിഞ്ഞു. അതേസമയം എന്തുകൊണ്ടാണു സേനാവിഭാഗത്തെ വിന്യസിച്ചതെന്ന കാര്യത്തിൽ ബോള്‍ട്ടൻ കൃത്യമായ കാരണം അറിയിച്ചിട്ടില്ല. പക്ഷേ ഗാസയിലെ പലസ്തീന്‍ പോരാളികളും ഇസ്രയേലും തമ്മിൽ ആക്രമണം രൂക്ഷമായതിനു പിന്നാലെയാണ് യുഎസ് നീക്കമെന്നതും ശ്രദ്ധേയമാണ്.

ഏപ്രിലില്‍ സഖ്യരാഷ്ട്രങ്ങളുമായുള്ള പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പിലാണു കപ്പൽ നിലവിലുള്ളത്. കപ്പൽ കൂടി വിന്യസിക്കുന്നതോടെ യുഎസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണെന്നാണു വിശദീകരണം. ഇറാനുമൊത്ത് മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ 2015ൽ ഒപ്പിട്ട ആണവ കരാറിൽ നിന്ന് ഇക്കഴിഞ്ഞ മേയിലാണ് ട്രംപ് പിൻമാറിയത്. ഇറാനു മേലുണ്ടായിരുന്ന ഉപരോധങ്ങളും പുനഃസ്ഥാപിച്ചു. ഇറാനിലെ സേനാ വിഭാഗമായ വിപ്ലവ ഗാര്‍ഡിനെ ഭീകരസംഘമായി പ്രഖ്യാപിക്കുകയും ചെയ്തു.

യുഎസിന്റെ ഉപരോധത്തിനു കീഴിലുള്ള ഇറാനിൽനിന്നു ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുമേല്‍ ഉപരോധമേർപ്പെടുത്തുമെന്നും യുഎസ് ഭീഷണി മുഴക്കിയിരുന്നു. യുഎസ് ഉപരോധത്തെ തുടർന്നു കനത്ത പ്രതിരോധത്തിലാണ് ഇറാൻ സമ്പദ്‍വ്യവസ്ഥ. ഇറാനിയൻ കറ‍ൻസിയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവാണു രേഖപ്പെടുത്തിയത്. ഉപരോധം ഇറാനിലെ വിദേശനിക്ഷേപങ്ങളെ കാര്യമായി ബാധിച്ചു. രാജ്യത്തു പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.

English Summary: US sends aircraft carrier and bomber task force to warn Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com