sections
MORE

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിൽ; മറ്റൊരു ബ്രസീലാകും: മോദിയുടെ ഉപദേശകന്‍

rathin-roy-economic-advisory-council
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തികോപദേശക സമിതി അംഗം രതിൻ റോയ്. ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നുവെന്നു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസിയുടെ ഡയറക്ടർ കൂടിയായ രതിൻ റോയ് പറഞ്ഞു. നമ്മൾ കരുതുന്നതിലും ആഴത്തിൽ ഉള്ളതാണ് ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെന്നും രതിൻ റോയ് പറഞ്ഞു. 

നേരത്തെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളെല്ലാം പരാജയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യവളര്‍ച്ചയെ പിന്നോട്ടടിച്ചതായും കണക്കുകള്‍ ഉണ്ടായിരുന്നു ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതിയിലെ അംഗം തന്നെ ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു തുറന്നു പറയുന്നതും. 

ഘടനാപരമായ തളർച്ചയിലേക്കാണ് ഇന്ത്യൻ സമ്പദ് വ്യ‌വസ്ഥയുടെ പോക്ക്. 1991 മുതൽ കയറ്റുമതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നേറി കൊണ്ടിരുന്നത്. ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് സമ്പദ് ഘടനയുടെ വളർച്ച. ഈ സാധ്യതയുടെ പരാമവധിയിലെത്തി നിൽക്കുകയാണെന്നും രതിൻ റോയ് പറയുന്നു. സാമ്പത്തിക മന്ത്രാലയം  2019 മാർച്ചിൽ പുറത്തിറക്കിയ റിപ്പോർട്ടിലും സമാനമായ പരാമർശമുണ്ടായിരുന്നു. 

സാമ്പത്തിക വളർച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോൾ മുരടിപ്പു നേരിടേണ്ടി വരുന്ന സാമ്പത്തികാവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങികൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി സൂചിപ്പിക്കുന്നത് ഇന്ത്യ ചൈനയോ കൊറിയയോ ആകില്ലെന്നും ഒരു ദക്ഷിണാഫ്രിക്കയോ ബ്രസീലോ ആയി മാറുമെന്നാണെന്നും രതിൻ റോയ് പറയുന്നു.

ജനസംഖ്യയിലെ നല്ലൊരു ശതമാനം ജനങ്ങളും ദാരിദ്രത്തിൽ കഴിയുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ ഈ പ്രതിസന്ധി നേരിട്ടേ മതിയാകു. മിഡിൽ ഇൻകം ട്രാപ്പ് എന്ന് പേരിട്ടു വിളിക്കുന്ന ഈ പ്രതിസന്ധിയിൽ വീഴാതെ പലരാജ്യങ്ങളും രക്ഷപ്പെട്ടിട്ടുണ്ട്. ഈ കെണിയിൽ ഒരിക്കൽ വീണാൽ കരകയറുകയെന്നത് അത്ര എളുപ്പമല്ലെന്നു രതിൻ റോയ് പറയുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കാൻ ഇത്തരം പ്രതിസന്ധികൾ കാരണമാകുകയും ചെയ്യും.    

ഇന്ത്യ ലോകത്തിൽ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്ന വാദം ശരിയാണെങ്കിലും ചരിത്രം പരിശോധിക്കുമ്പോൾ ഇതൊരു നല്ല വളർച്ചാവേഗമാണെന്ന അഭിപ്രായമില്ലെന്നും രതിൻ റോയ് പറയുന്നു. ചൈന അതിവേഗം വളരുന്ന സാമ്പത്തിക ശക്തി അല്ലാത്തതു കൊണ്ടു മാത്രമാണെന്ന് ഇന്ത്യയ്ക്ക് ആ പദവി ലഭിച്ചതെന്നും രതിൻ റോയ് പറയുന്നു.

6.1 മുതൽ 6.6 ശതമാനം വരെയാണ് ഇന്ത്യയുടെ വളർച്ചാനിരക്ക്. മികച്ച വളർച്ചാനിരക്ക് തന്നെയാണ് ഇത്. എന്നാൽ  ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന തളർച്ച ഈ വളർച്ചാ നിരക്കിനെ തളർത്തും. അഞ്ചോ ആറോ വർഷം ഈ നിരക്കിൽ ഇന്ത്യ മുന്നോട്ടു പോകും. ശേഷം അത് നിലയ്ക്കുമെന്നും രതിൻ റോയ് പറയുന്നു. 

വളര്‍ച്ചാ നിരക്ക് പെരുപ്പിക്കാന്‍ മോദി സര്‍ക്കാര്‍ വ്യാജ കണക്കുകള്‍ സൃഷ്ടിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ (എന്‍എസ്എസ്ഒ) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്ത് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയതായി നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മോദി സര്‍ക്കാര്‍ പറഞ്ഞ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്ന ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി തന്നെ പുറത്തു വിട്ട റിപ്പോർട്ട്. മോദി സര്‍ക്കാര്‍ പുറത്തുവിട്ട ജിഡിപി നിരക്ക് തെറ്റാണെന്ന് അന്താരാഷ്ട്ര നാണയനിധിയിലെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥും വ്യക്തമാക്കിയിരുന്നു.

English Summary: Crisis Shadow On India's Economy says Rathin Roy, member of the Prime Minister's Economic Advisory Council 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA