ADVERTISEMENT

കോഴിക്കോട്∙ എം.പി.വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) കേരള ഘടകത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന നിർണായക സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ. ലാലുപ്രസാദ് യാദവ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ജനതാദളിലോ (ആർജെഡി) മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയിലോ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ലയിക്കണമെന്നാണു നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ വികാരം. അതേസമയം പ്രത്യേക സംസ്ഥാന പാർട്ടിയായി നിലകൊള്ളണമെന്നു വാദിക്കുന്നവരും പാർട്ടിയിലുണ്ട്. ആർജെഡി നേതാവ് തേജസ്വി യാദവുമായി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ കഴിഞ്ഞ ദിവസം പട്നയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

എൽജെഡി നേതാവ് ശരത് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ മധേപുര മണ്ഡലത്തിൽ ആർ‍ജെഡി ചിഹ്നത്തിലാണു മൽസരിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം ആർജെഡിയിൽ ലയിക്കാമെന്ന ഉറപ്പിലായിരുന്നു ഈ നീക്കം. കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡിയിൽ ലയിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരളത്തിൽ ഇടതുമുന്നണിയിൽ അംഗമായ എൽജെഡി നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാതെ പ്രത്യേക പാർട്ടിയായി നിൽക്കാനായിരുന്നു കേരള ഘടകത്തിന്റെ ആദ്യതീരുമാനം.

എന്നാൽ ഇതിനിടെയാണു കഴിഞ്ഞ ദിവസം എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ ലാലുപ്രസാദ് യാദവിന്റെ മകനും ആർജെഡി നേതാവുമായി തേജസ്വി യാദവുമായി പട്നയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇതോടെ ലയനം നടക്കുമെന്ന പ്രതീതിയുയർന്നു. ആർജെഡിയുമായോ സമാജ്‌വാദി പാർട്ടിയുമായോ ലയനം വേണമെന്നാണു സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഇപ്പോഴത്തെ നിലപാട്. ലയിക്കാതെ സംസ്ഥാന പാർട്ടിയായി നിലകൊള്ളണമെന്നു മറുവിഭാഗവും വാദിക്കുന്നു. ഇന്ന് എറണാകുളത്തു ചേരുന്ന എൽജെഡി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലെ പ്രധാന ചർച്ചാവിഷയം ഇതുതന്നെയാകും.

English Summary: LokTantrik Janata dal (LJD) state committee meeting today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com