അന്ന് മാണിക്കൊപ്പം രാജിക്ക് ജോസഫ് മടിച്ചു; വിമർശനവുമായി പ്രതിച്ഛായ

Pratichaya | PJ Joseph
SHARE

പാലാ∙ പി.ജെ. ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. മുറിവുണങ്ങാത്ത മനസുമായാണു കെ.എം. മാണി മടങ്ങിയതെന്നാണു പ്രതിച്ഛായയിലെ ലേഖനം വിശദമാക്കുന്നത്. ബാർ കോഴ വിവാദത്തിൽ അന്വേഷണം നീട്ടി കൊണ്ടുപോകാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും ലേഖനത്തിൽ പറയുന്നു. പത്രാധിപർ കുര്യാസ് കുമ്പളക്കുഴിയുടേതാണു ലേഖനം. 

പാർട്ടിയുടെ അറിവോടെ അല്ല ലേഖനമെന്നു ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തും. ലേഖനം ലേഖകന്റെ വ്യക്തപരമായ അഭിപ്രായമാണെന്നു മോൻസ് ജോസഫ് എംഎൽഎ. ചെയർമാൻ സ്ഥാനം സംബന്ധിച്ചു ചർച്ച നടന്നിട്ടില്ല.

അതേസമയം ബാർ കോഴക്കേസിൽ യുഡിഎഫ് നേതാക്കൾ കെ.എം. മാണിക്കൊപ്പം ഒന്നിച്ചു നിന്നുവെന്നു പി.ജെ. ജോസഫ് പ്രതികരിച്ചു. യുഡിഎഫ് നേതാക്കൾ ഒന്നിച്ചു വന്നാണു കെ.എം. മാണിയെ തിരികെ വിളിച്ചത്. വർഷങ്ങളോളം കെ.എം. മാണിക്കൊപ്പം പ്രവർത്തിച്ചു. ഇതുവരെ ഒന്നും എതിരെ പറഞ്ഞിട്ടില്ല. പാലായിൽ യുത്ത് ഫ്രണ്ട് കെ.എം. മാണി അനുസ്മരണത്തിൽ പ്രസംഗിക്കുമ്പോഴാണ് പി.ജെ. ജോസഫിന്റെ മറുപടി. എന്നാൽ പ്രതിഛായയിലെ പരാമർശത്തോടെ പ്രതികരണം മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പ്രതിഛായ കണ്ടില്ലെന്നായിരുന്നു മറുപടി..

മന്ത്രിസഭയിൽനിന്ന് ഒരുമിച്ചു രാജി വയ്ക്കാമെന്ന നിർദ്ദേശം മാണി മുന്നോട്ടു വച്ചെങ്കിലും പി.ജെ. ജോസഫ് തയാറായില്ല. പിന്നീടു മാണിക്ക് ഒറ്റയ്ക്കു രാജി വയ്ക്കേണ്ടിവന്നെന്നും ലേഖനത്തില്‍ പറയുന്നു. മന്ത്രിസഭയെ പുറത്തുനിന്നു പിന്തുണയ്ക്കാമെന്നു നിർദ്ദേശം വച്ചതിനെ ജോസഫ് എന്തുകൊണ്ട് എതിർത്തുവെന്നതു ദുരൂഹമെന്നും ലേഖനത്തിലുണ്ട്.

ബാർ കോഴ ആരോപണത്തിൽ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നോയെന്ന് അറിയില്ല. അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കോൺഗ്രസ് ശ്രമിച്ചു. ബാർ കോഴ വിവാദം വിവാദം പൊട്ടിപ്പുറപ്പെട്ട അന്നുമുതൽ കെ.എം. മാണിയെന്ന നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

English Summary: Kerala Congress M Mouth Piece Pratichaya Against PJ Joseph And Congress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA