ADVERTISEMENT

ന്യൂഡല്‍ഹി∙ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് അതീവജാഗ്രതയോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ഹോര്‍മുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് സൗദിയുടെ എണ്ണ ടാങ്കറുകള്‍ അടക്കം 4 കപ്പലുകള്‍ക്കു നേരെ ആക്രമണം ഉണ്ടായതിനു തൊട്ടുപിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രി ഇന്ത്യയിലെത്തിയ ഷരീഫ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ഇന്നു കൂടിക്കാഴ്ച നടത്തും. യുഎസുമായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി എത്തിയിരിക്കുന്നതെന്നാണു സൂചന.

ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്ക കഴിഞ്ഞ ദിവസം മധ്യപൂര്‍വേഷ്യയിലേക്ക് വിമാനവാഹിനിക്കപ്പലും ബി-52 ബോംബര്‍ വിമാനങ്ങളും അയച്ചിരുന്നു. ഇറാനുള്ള കൃതമായ മുന്നറിയിപ്പ് എന്ന നിലയിലായിരുന്നു യുഎസ് നടപടി. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടില്‍ ഉറച്ചാണ് ഇറാന്‍. അമേരിക്ക നീക്കം ഒരു അവസരമായാണ് കാണുന്നതെന്ന് ഇറാന്‍ റവലൂഷണറി ഗാര്‍ഡിന്റെ വ്യോമസേനാ വിഭാഗം മേധാവി അമിര്‍ അലി ഹാജിസദേഹ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ ഇന്ത്യക്കത് കൂടുതല്‍ നിര്‍ണായകമാകും.

മധ്യപൂര്‍വേഷ്യയിലെ സഖ്യരാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്ക ഇറാനെതിരെയുള്ള നീക്കം ശക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കാഴ്ചക്കാരാകാന്‍ കഴിയില്ല. സൗദി, ഗള്‍ഫ് രാജ്യങ്ങള്‍, ഇസ്രയേല്‍ എന്നിവരുമായി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നിര്‍ണായക നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യം ഉടലെടുത്താല്‍ ഇവരെയൊന്നും പിണക്കാതെ ഇറാനു ഹാനികരമല്ലാത്ത തീരുമാനം എടുക്കാന്‍ ഇന്ത്യ ഏറെ പണിപ്പെടേണ്ടിവരും. ഇറാന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ ചൈനയ്ക്കു മേലും അമേരിക്ക സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ ഇറാനു വേണ്ടി ശക്തമായി നിലകൊള്ളാന്‍ ചൈനയ്ക്കു കഴിയില്ലെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍.

മേഖലയിലെ ഏതു തരത്തിലുള്ള സംഘര്‍ഷവും എണ്ണ വില കുതുച്ചുയരാന്‍ ഇടയാക്കും. ഇതും ഇന്ത്യക്കു കടുത്ത വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെയാകും. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യ എണ്ണ ഇറക്കുമതി കുറയ്ക്കില്ലെന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്. അമേരിക്കന്‍ ഉപരോധത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചെങ്കിലും ഇളവു നല്‍കാന്‍ കഴിയില്ലെന്ന അഭിപ്രായത്തിലാണ് അമേരിക്ക. തിങ്കളാഴ്ച എണ്ണ വില ബാരലിന് 1.15 ഡോളര്‍ ഉയര്‍ന്നിരുന്നു.

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ അമേരിക്ക നല്‍കിയ നിര്‍ണായകമായ പിന്തുണ കണ്ടില്ലെന്നു നടിക്കാന്‍ ഇന്ത്യക്കു കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇറാനുമായുള്ള വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകളെ ഇതു സ്വാധീനിക്കുമെന്ന് ഉറപ്പാണ്. അതേസമയം എണ്ണ കാട്ടിയാവും ഇറാന്‍ ഇന്ത്യയോടു വിലപേശുക. 60 ദിവസത്തോളം പണം നല്‍കാന്‍ സാവകാശം നല്‍കുന്ന ഏറ്റവും മികച്ച കരാറാണ് ഇറാന്‍ ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്. യുഎന്‍ ഉപരോധം മാത്രം അംഗീകരിക്കുക എന്ന ഇന്ത്യന്‍ നയം എണ്ണ കയറ്റുമതി കാര്യത്തിലും പാലിക്കണം എന്നാവും ഇറാന്‍ ഇന്ത്യയോട് ആവശ്യപ്പെടുക.

അതേസമയം തങ്ങളുടെ എണ്ണ, ബാങ്കിങ് മേഖലകളെ ഉപരോധത്തില്‍നിന്നു സംരക്ഷിച്ചില്ലെങ്കില്‍ ആണവകരാറിന്റെ ഉപാധികളില്‍നിന്നു പിന്മാറി കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാന്‍ അറിയിച്ചു കഴിഞ്ഞു. പ്രശ്‌നം വഷളായതോടെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.

English Summary: As Iran-US tensions escalate, India finds itself in a tough spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com