ADVERTISEMENT

കൊൽ‌ക്കത്ത∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ കൊൽക്കത്തയിൽ സംഘർഷം. അക്രമികൾ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വൈകിട്ട് 4.30നാണ് ‘സേവ് റിപ്പബ്ലിക് റാലി’ എന്നു പേരിട്ട ബിജെപി അധ്യക്ഷന്റെ റാലിക്കു തുടക്കമായത്. എന്നാൽ‌ റാലി വിദ്യാസാഗർ കോളജിനടുത്ത് എത്തിയപ്പോൾ സംഘർഷമുണ്ടാകുകയായിരുന്നു.

കോളജിൽ സ്ഥാപിച്ചിരുന്ന ബംഗാളി പണ്ഡിതൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അക്രമികൾ തകർ‌ത്തു. കൊൽക്കത്ത ബിദാൻ സരനിയിലെ കോളജ് ഹോസ്റ്റലിൽനിന്ന് അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. ബിജെപി പ്രവർത്തകർ തിരിച്ചടിക്കാനെത്തിയതോടെ സംഭവം സംഘർഷത്തിൽ കലാശിച്ചു. ഇടതുമുന്നണി–ബിജെപി പ്രവർത്തകർ തമ്മിലാണു സംഘർഷമുണ്ടായതെന്നു ദേശീയ വാർത്താ ഏജൻസി പിടിഐ റിപ്പോർട്ടു ചെയ്തു.

ബിജെപി അധ്യക്ഷൻ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരെ ചിലർ വടികൾ വലിച്ചെറിഞ്ഞതാണു സംഘർ‌ഷത്തിലേക്കു നയിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. ബിജെപി റോഡ്ഷോയ്ക്കു മുന്നോടിയായി പാർട്ടിയുടെ പോസ്റ്ററുകളും കൊടികളുമെല്ലാം തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും നീക്കം ചെയ്തതായി ബിജെപി ആരോപിച്ചു. ജാര്‍ഖണ്ഡ്, ബിഹാർ, ഉത്തർ‌പ്രദേശ് സംസ്ഥാനങ്ങളിലുള്ളവരെവച്ചാണു ബിജെപി അധ്യക്ഷൻ റാലി നടത്തുന്നതെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടിച്ചു.

തിങ്കളാഴ്ച ബംഗാളിലെ ജാദവ്പൂർ മണ്ഡലത്തിൽ അമിത് ഷായുടെ റാലിക്കു സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ബിജെപി അധ്യക്ഷന്റെ ഹെലികോപ്റ്റർ ഇറങ്ങുന്നതിനും അനുമതി ലഭിച്ചില്ല. പരിപാടി നടത്താനിരുന്ന സ്ഥലത്തെച്ചൊല്ലി ബിജെപി–തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു.

English Summary: Clashes during Amit Shah's roadshow in Kolkata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com