ഇറാന് താക്കീത്: പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ബോംബറുകള്‍ പറത്തി യുഎസ്

US-Air-Force-B-52H
യുഎസ് വ്യോമസേനയുടെ ബി–52എച്ച് പോർവിമാനം. ചിത്രം: ട്വിറ്റർ‌, യുഎസ് വ്യോമസേന
SHARE

വാഷിങ്ടൻ ∙ ലോകത്തെ ആശങ്കയിലാക്കി, ഇറാനു മുന്നറിയിപ്പുമായി യുഎസിന്റെ സൈനികനീക്കം. അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ആദ്യമായി പ്രതിരോധപ്പറക്കല്‍ നടത്തി. മധ്യപൂര്‍വദേശത്ത് ഇറാന്റെ 'ഭീഷണി' തടയുന്നതിനായി സേന ഞായറാഴ്ച മേഖലയില്‍ പട്രോളിങ് നടത്തിയതായി യുഎസ് എയര്‍ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡാണു വെളിപ്പെടുത്തിയത്.

രാജ്യാന്തര ക്രൂഡോയില്‍ നീക്കത്തില്‍ തന്ത്രപ്രധാന സ്ഥാനമുള്ള ഹോര്‍മുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണു യുഎസിന്റെ സൈനികനീക്കം. 

യുഎസ് വ്യോമസേനയുടെ ബി52എച്ച് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍, എഫ്15സി ഈഗിള്‍സ്, എഫ്35എ ലൈറ്റ്‌നിങ് 2 ജോയിന്റ് സ്‌ട്രൈക് പോര്‍വിമാനങ്ങള്‍ എന്നിവയാണു പ്രതിരോധപ്പറക്കല്‍ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി-135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു. ഏതുവിധേനയും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോര്‍വിമാനങ്ങള്‍ പ്രതിരോധപ്പറക്കല്‍ നടത്തിയതെന്നു യുഎസ് പട്ടാളം വ്യക്തമാക്കി. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പല്‍, ഒരു ക്രൂയിസര്‍, നാല് നശീകരണക്കപ്പല്‍, അനവധി യുദ്ധവിമാനങ്ങള്‍ എന്നിവ മേഖലയില്‍ സജ്ജമായി നില്‍ക്കുന്നുണ്ട്.

ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു യുഎസ് കഴിഞ്ഞവര്‍ഷം ഏകപക്ഷീയമായി പിന്മാറിയതിന്റെ ഭാഗമായുള്ള അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ, തങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന്റെ ഭീഷണിയുള്ളതായി യുഎസ് കഴിഞ്ഞദിവസം ആരോപിച്ചു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുഎസിലേക്കു ക്രൂഡോയിലുമായി പോകേണ്ടിയിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിലൊന്ന് എന്നതു സംഘര്‍ഷത്തിന്റെ തീവ്രത കൂട്ടുന്നു.

b2-bomber-refilling

സുരക്ഷാകാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. മധ്യപൂര്‍വദേശത്ത് ഇറാന്റെ ആക്രമണമോ ആണവായുധങ്ങളുടെ പരീക്ഷണമോ സംഭവിച്ചാല്‍ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കാനാണു യുഎസിന്റെ തീരുമാനം. 1.20 ലക്ഷം പേരടങ്ങിയ സൈന്യത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് വിശദീകരിച്ചതായി ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും തീവ്രനിലപാടുകാരനുമായ ജോണ്‍ ആര്‍.ബോള്‍ട്ടന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഇറാന്റെ മണ്ണില്‍ കടന്നുകയറിയുള്ള തിരിച്ചടി തല്‍ക്കാലം വേണ്ടെന്നാണു തീരുമാനം. അത്തരമൊരു നീക്കത്തിനു കൂടുതല്‍ സേനയെ വേണ്ടിവരുമെന്നതാണു കാരണം. ജോര്‍ജ് ഡബ്ല്യു.ബുഷ് പ്രസിഡന്റായിരിക്കെ, ഇറാനുമായുള്ള ഇടപാടുകള്‍ക്കെതിരെ രംഗത്തെത്തിയ ബോള്‍ട്ടന് അന്നു കിട്ടാതിരുന്ന സ്വാധീനമാണു ട്രംപിന്റെ ഭരണത്തില്‍ ലഭിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍നിന്നു യുഎസ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ച് ട്രംപ് അവരെ മധ്യപൂര്‍വദേശത്തു വിന്യസിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അവലോകന യോഗത്തില്‍ വിശദീകരിച്ചപോലെയുള്ള സേനാമുന്നേറ്റത്തിന് ട്രംപ് അനുമതി നല്‍കിയോ എന്നകാര്യവും പുറത്തുവന്നിട്ടില്ല. കാത്തിരുന്നു കാണാനായിരുന്നു ട്രംപിന്റെ പ്രതികരണം.

സേനാമുന്നേറ്റത്തിനുള്ള പദ്ധതി പ്രാരംഭദശയിലാണെന്നും ഇറാന്റെ നീക്കത്തിന് അനുസരിച്ചാകും ഇതിന്റെ വികാസമെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നയതന്ത്ര തലത്തില്‍ പ്രശ്‌നം കൈകാര്യം ചെയ്യാനായില്ലെങ്കില്‍ മാത്രമേ സൈനിക നടപടിയുമായി മുന്നോട്ടു പോകൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇറാനുമായുള്ള സൈനിക നടപടിയെച്ചൊല്ലി സര്‍ക്കാരില്‍ ഭിന്നതയുണ്ടെന്നാണു റിപ്പോര്‍ട്ട്.

അവലോകന യോഗത്തില്‍ അവതരിപ്പിച്ച സേനാനീക്കത്തിലെ വലുപ്പം ആശങ്കയുളവാക്കുന്നതാണ്. 2003ല്‍ ഇറാഖ് അധിനിവേശത്തിന് ഉപയോഗിച്ചത്രയും സൈനിക ശേഷിയുടെ പദ്ധതിയാണ് ബോള്‍ട്ടന്റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചത്. യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപെയോ ബ്രസല്‍സില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളിലെ പ്രതിനിധികളുമായും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഘേറിനിയുമായും പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.

ഉപരോധത്തില്‍ നിന്നു സംരക്ഷണം നല്‍കിയില്ലെങ്കില്‍ ആണവപദ്ധതി പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതും യുഎസിനെ പ്രകോപിപ്പിച്ചു. ബഹ്റിന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലായാണു യുഎസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.

English Summary: White House Reviews Military Plans Against Iran, in Echoes of Iraq War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA