ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാളായ കഴക്കൂട്ടം സ്വദേശി അഡ്വ. ബിജുവിന്റെ ഭാര്യ വിനീത രത്നകുമാരിയെ ഡിആര്‍ഐ(ഡയറക്ടറ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) കസ്റ്റഡിയിലെടുത്തു. 

വിനീത  5 കിലോ വീതം സ്വര്‍ണം 4 തവണ കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു. വിദേശ കറന്‍സിയും പലതവണ കടത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സ്വര്‍ണം കടത്തിയതെന്ന് ഇവര്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇവരുടെ ഭര്‍ത്താവ് അഡ്വ.ബിജു ഒളിവിലാണ്.

ബിജു നിരവധി തവണ വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐയുടെ അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്ക് പിന്നിലുള്ളവരെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ബിജുവിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഭാര്യയുടെ പങ്ക് വെളിവാക്കുന്ന തെളിവുകള്‍ ഡിആര്‍ഐയ്ക്ക് കിട്ടിയത്. 

തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാർ(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42)എന്നിവരാണ് 25 കിലോ സ്വർണ്ണവുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അഭിഭാഷകന്റെയും ഭാര്യയുടേയും പങ്ക് വെളിപ്പെടുന്നത്.

സ്വര്‍ണവുമായി പിടിയിലായ സുനിൽകുമാർ നേരത്തെ അഞ്ചുതവണ സെറീനയുമായി ചേര്‍ന്ന് സ്വർണം കടത്തിയതായി ഡിആർഐയ്ക്ക് വിവരം ലഭിച്ചു. സുനില്‍കുമാറിനെ ഡിആര്‍ഐ അറസ്റ്റു ചെയ്യുമ്പോള്‍ സെറീനയും ഒപ്പമുണ്ടായിരുന്നു. അഡ്വ. ബിജു വഴിയാണ് സെറീന സുനിൽകുമാറിനെ പരിചയപ്പെടുന്നത്. രണ്ടുപേരും സന്ദർശക വിസയിലാണ് ശനിയാഴ്ച ദുബായിലേക്ക് പോയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനു പിന്നിൽ വൻ സംഘമുണ്ടെന്നാണ് ഡിആര്‍ഐ അധികൃതര്‍ പറയുന്നത്. സ്വര്‍ണം കൊണ്ടുവന്നവര്‍ പിടിയിലായതോടെ സ്വര്‍ണം ഏറ്റുവാങ്ങാന്‍ വന്നവര്‍ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണം കൊണ്ടുവന്നത് ആര്‍ക്കു വേണ്ടിയാണെന്ന വിവരവും ശേഖരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com