ADVERTISEMENT

കൊൽക്കത്ത∙ പാർട്ടി പരിപാടിക്കിടെ ബംഗാളിൽ പ്രശ്നമുണ്ടാക്കിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പണ്ഡിതൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നു ഖേദം പ്രകടിപ്പിക്കുകപോലും ചെയ്തിട്ടില്ല. ബംഗാളിലെ ജനങ്ങൾ ഇതു വളരെ ഗൗരവമായാണ് എടുത്തിട്ടുള്ളത്. അമിത് ഷായ്ക്കെതിരെ നടപടി സ്വീകരിക്കണം– കൊൽക്കത്തയിൽ മമത പറഞ്ഞു.

അമിത് ഷാ ഇന്നൊരു വാർത്താ സമ്മേളനം നടത്തുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളുടെ ഫലമാണോ ഇപ്പോഴത്തെ നടപടി. ബംഗാൾ ഭയന്നിട്ടില്ല. മോദിക്കെതിരെ ഞാൻ സംസാരിക്കുന്നതുകൊണ്ടാണ് ബംഗാളിനെ ലക്ഷ്യമിടുന്നത്. ബിജെപിക്കു കീഴിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം.

ഇതുവരെയുമില്ലാത്ത ഒരു തീരുമാനമാണിത്. ചൊവ്വാഴ്ചത്തെ അക്രമങ്ങൾക്കു കാരണം അമിത്ഷായാണ്. എന്തുകൊണ്ടു തിരഞ്ഞെടുപ്പ് കമ്മിഷൻ അമിത് ഷായ്ക്കു കാരണം കാണിക്കൽ നോട്ടിസ് നൽകുന്നില്ല?. സ്വന്തം ഭാര്യയെ സംരക്ഷിക്കാത്ത ആളാണ് നരേന്ദ്ര മോദി, പിന്നെങ്ങനെ താങ്കൾ രാജ്യത്തെ സംരക്ഷിക്കും?– മമത ചോദിച്ചു. അക്രമികളെ ബംഗാളിലേക്കു പുറമേനിന്നും എത്തിക്കുകയായിരുന്നു. കാവി ധരിച്ച് അവർ നടത്തിയ അക്രമം ബാബറി മസ്ജിദ് തകർത്തതിനു സമാനമായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം പക്ഷപാതപരമാണ്. നാളെ രണ്ടു റാലികൾ തീർക്കാനുള്ള സമയം മോദിക്ക് അനുവദിക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്തതായി മമതാ ബാനര്‍ജി ആരോപിച്ചു. തുടർച്ചയായ അക്രമങ്ങള്‍ക്കു പിന്നാലെ ബംഗാളിലെ പരസ്യ പ്രചാരണം നാളെ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. 24 മണിക്കൂറാണു പ്രചാരണ സമയത്തിൽനിന്നു കമ്മിഷൻ വെട്ടിക്കുറച്ചത്. നാളെ രാത്രി 10 മണിക്കുശേഷം ബംഗാളിൽ പരസ്യ പ്രചാരണം നടത്താനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

English Summary: Bengal is not scared: Mamata after EC action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com