sections
MORE

ഹീര തട്ടിപ്പ്: അനാവശ്യമായി ഉപദ്രവിക്കുന്നെന്ന് നൗഹീറ; ഇഡി ചോദ്യം ചെയ്യുന്നു

nowhera-shaik
നൗഹീറ ഷെയ്ഖ് (ഫയൽ ചിത്രം)
SHARE

ഹൈദരാബാദ്∙ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിന്റെ മേധാവി നൗഹീറ ഷെയ്ഖിനെ (45) ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏഴുദിവസത്തേക്കു കസ്റ്റഡിയിൽ എടുത്തു. ചെഞ്ചൽഗുഡ ജയിലിൽ കഴിയുകയായിരുന്ന ഇവർക്കൊപ്പം കൂട്ടാളികളായ ബിജു തോമസ്, മോളി തോമസ് എന്നിവരെയും കസ്റ്റ‍ഡിയിൽ എടുത്തിട്ടുണ്ട്. ബഷീർബാഗിലെ ഓഫിസിൽ വച്ചാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇവരെ ചോദ്യം ചെയ്യുക. നൗഹീരയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, തന്നെയും തന്റെ കമ്പനിയെയും അനാവശ്യമായി ഉപദ്രവിക്കുകയാണ് ഇഡിയെന്ന് നൗഹീറ ആരോപിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പൊലീസിന്റെ കൈയിൽ തെളിവുകളൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നൂറുകണക്കിന് നിക്ഷേപകരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയ നൗഹീറ മൊത്തം 20 കമ്പനികളാണു നടത്തിവന്നത്. ഹൈദരാബാദ് ആണ് ആസ്ഥാനം. ഹീര എക്സിം ഗോൾഡ് എന്ന കമ്പനിയുടെ കോഴിക്കോട്ടെ ഓഫിസ് വഴി 40 കോടിയെങ്കിലും തട്ടിയിട്ടുണ്ട്. ചെമ്മങ്ങാട് പൊലീസ് അന്വേഷിക്കുന്ന കേസിൽ ഇതുവരെ 29 പേരുടെ മൊഴി രേഖപ്പെടുത്തി. കാസർകോട് മുതൽ പാലക്കാട് വരെ ഹീരയുടെ നിക്ഷേപത്തട്ടിപ്പിൽ ഇരകളായവർ ചേർന്നു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപത്തിനു പലിശയ്ക്കു പകരം ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രാജ്യത്തിനകത്തും പുറത്തുമായി 74 ശാഖകളിലൂടെ 430 മാർക്കറ്റിങ് ഏജന്റുമാർ വഴിയാണു നിക്ഷേപം സ്വീകരിച്ചുവന്നത്.

പലിശയ്ക്കു പകരം ലാഭവിഹിതം; ‘ഹീര’ തട്ടിയതു 300 കോടി

നിക്ഷേപകർക്കു പലിശയ്ക്കു പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തു കോഴിക്കോട് ശാഖ വഴി തട്ടിയതു 300 കോടി രൂപ. ഫ്രാൻസിസ് റോഡിൽ പ്രവർത്തിക്കുന്ന ഹീര ഗോൾഡ് എക്സിം എന്ന സ്ഥാപനത്തിലൂടെയായിരുന്നു തട്ടിപ്പ്.
പലിശയെന്ന തിൻമ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള അവസരമുണ്ടെന്നു പ്രചരിപ്പിച്ചാണു നൗഹീറ നിക്ഷേപകരെ ആകർഷിച്ചത്. ഒരു ലക്ഷം രൂപയ്ക്കു 3200 മുതൽ 4500 രൂപവരെ പ്രതിമാസം ലാഭവിഹിതം വാഗ്ദാനം ചെയ്തു.

കോഴിക്കോട്ടെ മുൻനിര ഹോട്ടലുകളിൽ വിരുന്നു സംഘടിപ്പിച്ചു നൗഹീറ നേരിട്ടെത്തിയും കോടികൾ പിരിച്ചെടുത്തു. 6 മാസമായി ലാഭവും മുതലും നൽകാൻ സ്ഥാപനം തയാറാകാതെ വന്നതോടെയാണു നിക്ഷേപകർക്കു സംശയമായത്. ആദ്യം ലാഭവിഹിതമായി ലഭിച്ച തുക പലരും തിരികെ കമ്പനിയിലേക്കു തന്നെ നിക്ഷേപിക്കുകയായിരുന്നു. വീടടക്കമുളള സ്വത്തുക്കൾ വിറ്റു പണം നൽകിയവരുമുണ്ടെന്ന് ഇരകളായവർ പറയുന്നു.

നിക്ഷേപകരെ കബളിപ്പിച്ചത് ആത്മീയതയുടെ മറവിൽ

നിക്ഷേപകരെ ആകർഷിക്കാൻ ആത്മീയതയായിരുന്നു നൗഹീറ ഷെയ്ക്കിന്റെ ആയുധം. പലിശയെന്ന പാപത്തിൽനിന്ന് അകന്നു നിൽക്കാനുള്ള ഉപദേശത്തോടെയാണു ബിസിനസ് പരിചയപ്പെടുത്തുന്നത്. സ്വർണം ഇറക്കുമതിക്കായി പണം നിക്ഷേപിച്ചാൽ പ്രതിമാസ ലാഭം കൃത്യമായി തരുമെന്നതായിരുന്നു വാഗ്ദാനം.

തിരുപ്പതി സ്വദേശിയായ നൗഹീറയുടെ പ്രവർത്തനം രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലും പരന്നുകിടന്നു. കഴിഞ്ഞ വർഷം മുതലാണു ഗ്രൂപ്പിനു നേരെ ശക്തമായ പരാതികൾ ഉയർന്നത്. തുടർന്ന് ഒക്ടോബറിൽ ഹൈദരാബാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഹീരയുടെ വിവിധ കമ്പനികളിലെ വിവിധ സംസ്ഥാനക്കാരായ നിക്ഷേപകർ ഇതോടെ ഹൈദരാബാദിലെത്തി പൊതുപ്രതിഷേധ പരിപാടികൾവരെ നടത്തി. ഹൈദരാബാദിൽ മാത്രം ഇരുന്നൂറോളം പേർ പരാതി നൽകിയിട്ടുണ്ട്. ഇതുകൂടാതെ തെലങ്കാനയിലും മഹാരാഷ്ട്രയിലുമായി വേറെയും കേസുകളുണ്ട്.

ഫ്രാൻസിസ് റോഡിലെ ശാഖ കേന്ദ്രീകരിച്ചു കാസർകോട് മുതൽ പാലക്കാട് വരെയുള്ള ബിസിനസാണു നിയന്ത്രിച്ചിരുന്നത്. 2017ൽ വരെ നൗഹീറ കോഴിക്കോട് സന്ദർശിച്ചിരുന്നതായും ഇടപാടുകാരെ നേരിൽക്കണ്ടിരുന്നതായും നിക്ഷേപകർ പറയുന്നു.

English Summary: Nowhera Shaikh, ED officials took Nowhera Shaikh into 7 days custody on Tuesday from Chenchalguda Jail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA