ADVERTISEMENT

തിരുവനന്തപുരം∙  നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്‌ത വീട്ടമ്മയും മകളും വീടിനുള്ളിൽ അനുഭവിച്ചത് നകരയാതന. ആത്മഹത്യാക്കുറിപ്പിൽ നിന്നാണു ലേഖയും മകൾ വൈഷ്‌ണവിയും കടന്നുപോയ തീരാദുരിതങ്ങളുടെ ആഴം ലോകമറിഞ്ഞത്. കുടുംബപ്രശ്നങ്ങളാണു നെയ്യാറ്റിൻകരയില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്കു കാരണമായതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

കുടുംബവഴക്കെന്നാണു നിലവിലുള്ള സൂചനയെന്നു റൂറല്‍ എസ്പി പറഞ്ഞു.അന്തിമതീരുമാനം മൊഴിയെടുപ്പിനും  ശാസ്ത്രീയ പരിശോധനയ്ക്കും ശേഷമാകും. ബാങ്കിനെ പഴിപറിഞ്ഞതു തെറ്റിദ്ധാരണ പടര്‍ത്താനോ എന്നും അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു. 

Neyyattinkara Suicide

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ ചുറ്റി നീങ്ങിയ അന്വേഷണം ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണു വഴിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിക്കുന്ന കുറിപ്പ്.

ഭര്‍ത്താവ്, അമ്മായി അമ്മ, അമ്മായി അമ്മയുടെ അനിയത്തി, ഇവരുടെ ഭർത്താവ് എന്നിവരാണു  മരണത്തിനു കാരണക്കാർ എന്നു കുറിപ്പിൽ വ്യക്തമായ പരാമർശമുണ്ട്. എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണു കുറിപ്പ് തുടങ്ങുന്നത്.ചന്ദ്രന്‍ വേറെ വിവാഹത്തിനു ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. 

thiruvananthapuram Suicide

കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നതു കൃഷ്ണമ്മയാണ്. ആൽത്തറയുണ്ട്, അവർ നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞു മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്നു വാങ്ങിയിട്ടില്ല.ബാങ്കിൽ നിന്നു നോട്ടിസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല.അയച്ച നോട്ടിസ് ആല്‍ത്തറയിൽ കൊണ്ടുവന്നു പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി.

Suicide

'ഭാര്യ എന്ന സ്ഥാനം ഇതുവരെ തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യും. . ഈ ലോകം മുഴുവൻ എന്നെയും മോളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും ചേർന്നാണ്. 

ഞാൻ വന്നകാലം മുതൽ അനുഭവിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ എനിക്ക് വിഷം നൽകി കൊലപ്പെടുത്താൻ നോക്കി. ജീവൻ രക്ഷിക്കാൻ നോക്കാതെ എന്നെ മന്ത്രവാദികളുടെ അടുത്തു കൊണ്ടുപോയി. ഈ വീട്ടിൽ എന്നും വഴക്കാണ്, നേരം വെളുത്താൽ ഇരുട്ടുന്നത് വരെ. നിന്നെയും മകളെയും കൊല്ലുമെന്നാണു കൃഷ്ണമ്മ പറയുന്നതെന്നും കുറിപ്പിൽ പറയുന്നു. .

ആത്മഹത്യയിൽ അഭിഭാഷക കമ്മീഷനും സമ്മർദ്ദം ചെലുത്തിയതായും തെളിഞ്ഞിരുന്നു. മേയ് പതിനാലിനു പണം തിരിച്ചടക്കണമെന്ന് എഴുതി വാങ്ങി. ഇടപാടിൽ കക്ഷിയല്ലാതിരുന്ന മകൾ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു. ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയും പൊലീസ് കസ്റ്റഡിിൽ എടുത്തിരുന്നു. ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നുവെന്നു റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

English Summary: Family feud too likely behind neyyattinkara suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com