ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ജപ്‌തി ഭയന്ന് അമ്മയും മകളും മരിച്ച സംഭവത്തിൽ കാനറ ബാങ്കിനു നേരേ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്തെ കാനറ ബാങ്ക് മേഖലാ ഓഫിസിലേക്കു യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളിക്കയറിയതിനെ തുടർന്ന് സംഘർഷമുണ്ടായി, റിസപ്ഷന്‍ കൗണ്ടര്‍ തല്ലിതകര്‍ത്തു.പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. 

ആത്മഹത്യയ്ക്കു കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര ശാഖ രാവിലെമുതല്‍  നാട്ടുകാര്‍ ഉപരോധിക്കുകയാണ്. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്കു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകൾ ഇന്ന് അടച്ചിടും. 

മകള്‍  മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു.പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചായിരുന്നു വിളികള്‍. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.സംഭവത്തിൽ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്നു പൊലീസ് ഇന്ന് തീരുമാനിക്കും.ബാങ്കിന്റെ ഭാഗത്ത് നിന്നു സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് തീരുമാനം. 

വീട് ജപ്തി ചെയ്യാനുള്ള കാനറാ ബാങ്കിന്റെ നടപടികള്‍ വേഗത്തിലായതാണ് നെയ്യാറ്റിൻകര മരായമുട്ടത്ത് പെണ്‍കുട്ടിയും അമ്മയും ആത്മഹത്യ ചെയ്യാന്‍കാരണമെന്നു തിരുവനന്തപുരം എഡിഎം  റിപ്പോര്‍ട്ട് നൽകിയിരുന്നു.സംസ്ഥാനത്താകെ വായ്പകൾക്കു മൊറട്ടോറിയം നിലനില്‍ക്കുമ്പോള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയത് അംഗീകരിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കാനറാബാങ്ക് ജനറൽ മാനേജറെ അറിയിച്ചിരുന്നു.

മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സ്ഥലം എംഎല്‍എ ഇടപെട്ട് അല്‍പംകൂടി സാവകാശം ലഭിക്കാന്‍ ശ്രമം നടക്കുമ്പോഴാണ്, കാനറാ ബാങ്ക് കേസും ജപ്തി നടപടികളും വേഗത്തിലാക്കിയത്. അഭിഭാഷക കമ്മിഷൻ വീട്ടിലെത്തി നടപടികള്‍ വിശദീകരിച്ചതോടെയാണ് ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ വൈഷ്ണവിയും കടുത്ത മാനസിക പ്രയാസത്തിലായത്–തിരുവനന്തപുരം എഡിഎം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

English Summary: KSU-Youth Congress activists vandalise Canara bank regional office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com