ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവായി ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമാണെന്ന് കുറിപ്പില്‍ പറയുന്നു. ബാങ്കിന്റെ ജപ്തി നടപടികള്‍ കാരണമാണ് ഇരുവരും ആത്മഹത്യ െചയ്തത് എന്നായിരുന്നു നേരത്തെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. മുറിയിലെ ചുവരില്‍ ഒട്ടിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ചുവരില്‍ ആത്മഹത്യയ്ക്കു കാരണക്കാരായവരുടെ പേര് എഴുതിയിട്ടുണ്ട്. കതകിനോടു ചേർന്ന് ‘എന്റെയും മോളുവിന്റെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തിയും കാശിയും ചന്ദ്രനുമാണ്’ എന്നാണ് ഭിത്തിയിൽ എഴുതി വച്ചിരുന്നത്.

മരിച്ച ലേഖയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു. ചുവരില്‍ എഴുതിയത് ലേഖയും വൈഷ്ണവിയും ആണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

∙ മരിച്ച ലേഖയുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ

ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളുമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നു കത്തില്‍ കുറ്റപ്പെടുത്തുന്നു. ‘കൃഷ്ണമ്മ (ഭര്‍ത്താവിന്റെ അമ്മ), ഭര്‍ത്താവ് (ചന്ദ്രന്‍), കാശി, ശാന്ത (ബന്ധുക്കള്‍) എന്നിവരാണു മരണത്തിന് ഉത്തരവാദികള്‍. ഞാന്‍ ഈ വീട്ടില്‍ വന്നകാലം മുതല്‍ അനുഭവിക്കുകയാണ്. എന്നെയും മകളെയുംപറ്റി പുറത്തു പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയുമാണ്. എന്നെ സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷംതന്ന് കൊല്ലാന്‍ നോക്കി. എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം നടത്തി. അവസാനം എന്നെ എന്റെ വീട്ടില്‍ കൊണ്ടുവിട്ടു. എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്.

കൃഷ്ണമ്മ കാരണം ഈ വീട്ടില്‍ എന്നും വഴക്കാണ്. നേരം വെളുത്താല്‍ ഇരുട്ടുന്നതുവരെ എന്നെയും മകളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നതു നിന്നെയും നിന്റെ മകളെയും കൊല്ലുമെന്നാണ്. ഭര്‍ത്താവ് അറിയാതെ ഒരു പൈസയും നാട്ടുകാരുടെ കയ്യില്‍നിന്ന് ഞാന്‍ വാങ്ങിയിട്ടില്ല. ഭര്‍ത്താവ് വിദേശത്തുനിന്ന് അയച്ച പൈസ ബാങ്കിലും പിന്നെ പലിശയും കൊടുത്തു. 22,000 രൂപയായിരുന്നു ഭര്‍ത്താവിന്റെ ശമ്പളം. ഞാന്‍ എന്തു ചെയ്തു എന്നു ഭര്‍ത്താവിന് അറിയാം.

9 മാസം ആയി ഭര്‍ത്താവു വിദേശത്തുനിന്നു വന്നിട്ട്. ബാങ്കില്‍നിന്നു ജപ്തി നോട്ടിസ് വന്നിട്ടും പത്രത്തില്‍ ബാങ്കുകാര്‍ ജപ്തിയുടെ പരസ്യം ഇട്ടിട്ടും ഭര്‍ത്താവ് ബാങ്കിലേക്കു പോകുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ല. ബാങ്കില്‍നിന്ന് അയച്ച പേപ്പര്‍ അല്‍ത്തറയില്‍ കൊണ്ടുവന്നു പൂജിക്കുകയാണ് അമ്മയുടെയും മകന്റെയും ജോലി. ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. മന്ത്രവാദി പറയുന്നതു കേട്ട് എന്നെ ശകാരിക്കുകയും മര്‍ദിക്കുകയും വീട്ടില്‍നിന്ന് ഇറങ്ങിപോകാന്‍ പറയുകയും ചെയ്യും. അമ്മയുടെ മുന്നില്‍ ആളാകാന്‍ മകന്‍ എന്തും ചെയ്യും. എനിക്കും എന്റെ മകള്‍ക്കും ആഹാരം കഴിക്കാന്‍പോലും അവകാശമില്ല. ഇതിനെല്ലാം കാരണം ഈ 4 പേരാണ്. ഞങ്ങളെ ജീവിക്കാന്‍ ഈ നാലുപേരും അനുവദിക്കില്ല’.

English Summary: Neyyattinkara Suicide, Suicide Note, Mother - Student Duo Death, Vaishnavi, Lekha, Chandran, Krishnamma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com