ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരുടെ അറ‌സ്‌റ്റ് രേഖപ്പെടുത്തി. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബാങ്കിന്‍റെ ജപ്തി നടപടികളാണ് ആത്മഹത്യയിലേക്കു പ്രേരിപ്പിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ലേഖയുടെ ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയതോടെ കേസില്‍ വഴിത്തിരിവായി.

ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. അറസ്റ്റിലായ ചന്ദ്രനെ വീട്ടിലെത്തിച്ച് പൊലീസ് മൃതദേഹങ്ങള്‍ കാണിച്ചു. അറസ്റ്റിലായവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കിയേക്കും. 

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ ചുറ്റി നീങ്ങിയ അന്വേഷണം ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണു വഴിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിക്കുന്ന കുറിപ്പ്. 

വീട് ജപ്തിയുടെ ഘട്ടത്തിലെത്തിയപ്പോഴും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും ആല്‍ത്തറയുണ്ടെന്ന കാരണത്താല്‍ വസ്തു വിറ്റ് കടംവീട്ടുന്നതിനു ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ തടസം നിന്നുവെന്നും കുറിപ്പിൽ  വെളിപ്പെടുത്തിയിരുന്നു.

തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞു. വീട്ടില്‍ മന്ത്രവാദം നടത്താറുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ നിരന്തരം പീഡിപ്പിക്കുകയും വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ചന്ദ്രനു വേറെ വിവാഹം ആലോചിച്ചെന്നും കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടന്നിരുന്നതായും അതിനു ലേഖ എതിരായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. 

ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനെയും ബന്ധുക്കളെയും അന്വേഷണസംഘം ക‌സ്‌റ്റഡിയിൽ എടുത്തു വിശദമായി ചോദ്യം ചെയ്‌തിരുന്നു. ആരോപണം പ്രതികള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രന്‍, കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരുടെ അറ‌സ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

English Summary: Neyyattinkara suicide,suicide note hints at husband’s involvement, Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com