ADVERTISEMENT

ന്യൂഡല്‍ഹി∙ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും  നിയമയുദ്ധത്തിനും വഴിവയ്ക്കുന്ന തീരുമാനമാണു ബംഗാളിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെ പ്രഖ്യാപിച്ചത്. വിലക്ക് ഇന്നു രാത്രി പത്തു മണി മുതലാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടിയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മോദി ഇന്നു രണ്ടു മണ്ഡലങ്ങളില്‍ റാലി നടത്തുന്നതിനാലാണ് നിയന്ത്രണം രാത്രി മുതല്‍ മാത്രമാക്കിയതെന്നാണു വിമര്‍ശനം. 

പ്രചാരണം വെട്ടിച്ചുരുക്കണമെന്ന് ഉത്തരവിടാന്‍ കമ്മിഷന് അധികാരമുണ്ടോയെന്നതാണ്  ഒന്നാമത്തെ പ്രശ്‌നം. പ്രചാരണം വെട്ടിച്ചുരുക്കാന്‍ നിര്‍ദേശിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നു കമ്മിഷന്‍ ഇന്നലത്തെ ഉത്തരവില്‍ തന്നെ പറയുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പു വരെ പ്രചാരണം അനുവദിക്കണമെന്നാണു നിയമം. അതു മല്‍സരരംഗത്തുള്ളവരുടെ അവകാശമാണ്. 

അപ്പോള്‍, കമ്മിഷന്‍ എങ്ങനെ ഈ സാഹചര്യത്തെ മറികടക്കുന്നു? നിയമമില്ലാതിരിക്കുകയും എന്നാല്‍  പ്രശ്‌നം പരിഹരിക്കുകയും ചെയ്യേണ്ട സാഹചര്യങ്ങളില്‍, കമ്മിഷന്‍ കൈകൂപ്പി ഈശ്വരനോടു പ്രാര്‍ഥിക്കുകയോ പുറത്തുള്ള ഏതെങ്കിലും കേന്ദ്രം തങ്ങള്‍ക്ക് അധികാരം നല്‍കണമെന്നു പ്രതീക്ഷിക്കുകയോ അല്ല വേണ്ടതെന്ന് 1978ല്‍ മൊഹീന്ദര്‍ സിങ് കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നതാണ് ഇപ്പോഴത്തെ ഇടപെടലിനു കമ്മിഷന്‍ പറയുന്ന ന്യായീകരണം. അതിലൂടെ, പ്രചാരണം വെട്ടിച്ചുരുക്കാന്‍ അധികാരമുണ്ടെന്ന നിയമ ഭേദഗതി കമ്മിഷന്‍തന്നെ കൊണ്ടുവരുന്നുവെന്നു വ്യാഖ്യാനിക്കാം. 

ശ്രദ്ധേയമായ മറ്റൊരു കാര്യം 1984ലെ ഒരു സുപ്രീം കോടതി വിധി ഉദ്ധരിച്ച് കമ്മിഷന്‍ ഇന്നലെ പറഞ്ഞതാണ്: ക്രമ സമാധാനകാര്യങ്ങളില്‍ കമ്മിഷന്‍ പറയുന്നതാണ് അവസാനവാക്ക്, സംസ്ഥാന സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെ പോലും അഭിപ്രായമല്ല പരിഗണിക്കേണ്ടത്. 

പ്രചാരണം വെട്ടിച്ചുരുക്കുകയെന്ന അസാധാരണ നടപടിയെടുക്കാന്‍ തക്ക മോശമാണു സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യമെന്നാണു കമ്മിഷന്റെ വിലയിരുത്തല്‍. സ്ഥിതി അത്ര വഷളെങ്കില്‍, എന്തുകൊണ്ട് തിരഞ്ഞെടുപ്പു മാറ്റിവയ്ക്കാന്‍ കമ്മിഷന്‍ തയാറാവുന്നില്ലെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. 

ഭീതിയുടെയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷവും അക്രമവും വോട്ടെടുപ്പു നടക്കേണ്ട സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നുവെന്നാണു കമ്മിഷന്‍ വ്യക്തമാക്കുന്നത്. എന്നിട്ടും ഇന്നു രാത്രി 10 നു പ്രചാരണം അവസാനിപ്പിച്ചാല്‍ മതി എന്ന നിലപാടാണ് കമ്മിഷന്റെ ഉത്തരവിനെ രാഷ്ട്രീയമായി സവിശേഷമാക്കുന്നത്. ഡംഡമിലും ഡയമണ്ട് ഹാര്‍ബറിലെ ലക്ഷ്മികാന്തപൂരിലും ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളുണ്ട്. ഫലത്തില്‍, അതു കഴിഞ്ഞു മാത്രമാണു പ്രചാരണ നിയന്ത്രണം നടപ്പിലാകുന്നതെന്നും കമ്മിഷന്‍ ഉറപ്പാക്കുന്നു. 

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജീവ് കുമാറിനെതിരെയുള്ള നടപടിയും വിവാദത്തിനു വഴിവയ്ക്കും. രാജീവ് കുമാറിനെ കേന്ദ്രത്തിലേക്കു മാറ്റാന്‍ കമ്മിഷന്‍ തീരുമാനിക്കുമ്പോള്‍ അവിടെയും കേന്ദ്ര ഭരണകക്ഷിയുടെ താല്‍പര്യം സംരക്ഷിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com