അഭിഭാഷകന്റെ സ്വര്‍ണക്കടത്തിന് കൂടുതല്‍ തെളിവുകള്‍; ഭാര്യയെ കാരിയറായി ഉപയോഗിച്ചു

Gold Smuggling
SHARE

തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയെന്നു റവന്യൂ ഇന്റലിജന്‍സ് പറയുന്ന അഭിഭാഷകന്‍ ബിജു മോഹനന്റെ കള്ളക്കടത്തിനു കൂടുതല്‍ തെളിവുകള്‍. ഭാര്യയെ സ്വര്‍ണക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്. ദുബായില്‍ ഒളിവില്‍ കഴിയുന്ന മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനും ഡിആര്‍ഐ തീരുമാനിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ 25 കിലോ സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണികളിലൊരാള്‍ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹനനാണെന്നാണു ഡിആര്‍ഐയുടെ നിഗമനം. കാരിയേഴ്സിനെ ഉപയോഗിച്ചു പല തവണ സ്വര്‍ണം കടത്തിയെന്നും പറയുന്നു. ഇതിനു കൂടുതല്‍ തെളിവ് ലഭിക്കുന്ന മൊഴി ബിജുവിന്റെ ഭാര്യ വിനീത രത്മകുമാരിയില്‍നിന്നു ലഭിച്ചെന്നാണു ഡിആര്‍ഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജുവിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണക്കടത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചെന്നാണ് വിനീതയുടെ മൊഴി. 20 കിലോ സ്വര്‍ണമാണ് ഇത്തരത്തിൽ കടത്തിയത്.

ഇതു കൂടാതെ വിദേശ കറന്‍സികളുടെ കടത്തലിനും കാരിയറായെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിനീതയെ റിമാന്‍ഡ് ചെയ്തത്. ബിജുവും സ്വര്‍ണക്കടത്ത് സംഘത്തിലെ മറ്റ് മുഖ്യകണ്ണികളായ വിഷ്ണു, ജിത്തു എന്നിവരും ഒളിവിലാണ്. മലയാളിയെങ്കിലും പൂര്‍ണമായും ദുബായില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ജിത്തു അവിടെ ഒളിവിലെന്ന നിഗമനത്തില്‍ കണ്ടെത്താനായി വിദേശ ഏജന്‍സികളുടെ സഹായം തേടിയേക്കും. അതേസമയം കേരളത്തില്‍ തന്നെയുണ്ടെന്ന് കരുതുന്ന അഡ്വ. ബിജുവും വിഷ്ണും കീഴടങ്ങിയേക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA