ADVERTISEMENT

കൊച്ചി ∙ കുന്നത്തുനാട്ടിൽ 15 ഏക്കർ നിലംനികത്താൻ ഭൂമാഫിയക്ക് അനുവാദം നൽകിയ സർക്കാർ നടപടി സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. ഉത്തരവ് മരവിപ്പിച്ചാൽ പോരാ റദ്ദാക്കണം. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്‌ഥാനത്തു നടന്ന ഇത്തരം ഭൂമിയിടപാടുകൾ എല്ലാം വിജിലൻസ് അന്വേഷിക്കണം.

ഇൻഫോപാർക്ക്, സ്മാർട്ട്സിറ്റി, കടമ്പ്രയാർ എന്നിവയോടു ചേർന്നു കിടക്കുന്ന കണ്ണായ സ്‌ഥലം കയ്യടക്കാൻ വിവാദ വ്യവസായിയുടെ നേതൃത്വത്തിൽ നടന്ന അനധികൃത ഇടപാടിൽ പങ്കാളികളായ രാഷ്ട്രീയ, ഉദ്യോഗസ്‌ഥ മേഖലയിലെ വൻ സ്രാവുകളെ പുറത്തുകൊണ്ടുവരും.

2008ൽ നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വരുമ്പോൾ കരഭൂമി അല്ലാത്തതിനാൽ വിവാദമായ 15 ഏക്കർ ഇപ്പോഴും ഡേറ്റാ ബാങ്കിലുളള നിലമാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണു കലക്ടർ നികത്താൻ കഴിയില്ലെന്ന ഉത്തരവിറക്കിയത്. എന്നാൽ അസാധാരണമായ തിടുക്കത്തിൽ റവന്യു മന്ത്രിയെ പോലും നോക്കുകുത്തിയാക്കിയാണു വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അന്നത്തെ റവന്യു അഡീഷനൽ സെക്രട്ടറി നിലം നികത്താൻ അനുമതി നൽകിയത്.

2018 നവംബർ 24നു ലഭിച്ച അപേക്ഷ 30നണു നിയമോപദേശത്തിനായി നിയമവകുപ്പിലേക്ക് അയച്ചത്. എന്നാൽ 2019 ജനുവരി ഏഴിനു വാക്കാലുള്ള നിർദേശത്തെ തുടർന്ന് ഉപദേശം തേടാതെ ഫയൽ തിരികെ വാങ്ങി. തൊട്ടടുത്ത ദിവസം ഇറങ്ങിയ ഉത്തരവിൽ വിഷയത്തിൽ ഹിയറിങ് നടത്തി ഒരാഴ്ചക്കുള്ളിൽ തീരുമാനം എടുക്കാൻ ഉത്തരവിട്ടു. 16നു നടന്ന ഹിയറിങ്ങിനു ശേഷം 29നു നിലംനികത്താൻ അനുമതി നൽകി. തൊട്ടടുത്ത ദിവസം ഇദ്ദേഹം സർവീസിൽ നിന്നു വിരമിക്കുകയും ചെയ്തു.

അന്ന് ഇറങ്ങിയ ഉത്തരവിൽ വ്യവസായിയുടെ ഉടമസ്‌ഥതയിലുള്ള കമ്പനി നിരത്തിയ വാദങ്ങളല്ലാതെ സർക്കാരിനു വേണ്ടി ഡപ്യുട്ടി കലക്ടർ ബോധിപ്പിച്ച കാര്യങ്ങളൊന്നും ഇല്ലാത്തതു ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞു കൊണ്ടാണു തട്ടിപ്പ് നടന്നത്. യുഡിഎഫ്, കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗങ്ങൾ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്‌തു. ‌വിവാദ സ്‌ഥലം സ്വന്തമാക്കാൻ ഒരു കാരണവശാലും ഭൂമാഫിയയെ അനുവദിക്കില്ല.

അനധികൃത നിലം നികത്തലിനു സർക്കാർ അനുമതി നൽകിയ വിഷയത്തിൽ വി.എസ്.അച്യുതാനന്ദനു കത്തു നൽകും. നിലം നികത്തലിനു അനുമതി നൽകിയതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിക്കണം. ബന്ധപ്പെട്ട ഉത്തരവുകൾ തയാറാക്കിയ കംപ്യൂട്ടറുകൾ പിടിച്ചെടുക്കണം. ഫയലുകളുടെയെല്ലാം പകർപ്പുകൾ ഇമെയിലായി വിദേശത്തേക്കു പോയിട്ടുണ്ട്. ഇത് ആർക്കു വേണ്ടി അയച്ചതാണെന്നു സർക്കാർ വ്യക്തമാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. ഭൂമാഫിയ എന്ത് ഉത്തരവുമായി വന്നാലും ഒരു കുട്ട മണ്ണ് പോലും ആ ഭൂമിയിൽ ഇടാൻ ജനങ്ങൾ അനുവദിക്കില്ലെന്നു വി.പി.സജീന്ദ്രൻ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com