സ്കൂളുകളിലെ ഉച്ചഭക്ഷണം: 342 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

sadhya
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന് ഈ വർഷം 342 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗം അംഗീകാരം നൽകി. ഇതിൽ 219 കോടി രൂപ കേന്ദ്ര വിഹിതമാണ്. 

സംസ്ഥാനം ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 20 കോടി കൂടുതലാണിത്. സംസ്ഥാനത്തിനു വേണ്ടി പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ആണ് പദ്ധതി കേന്ദ്രത്തിന്റെ അംഗീകാരത്തിനു സമർപ്പിച്ചത്.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകൾക്കും പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് 5000 രൂപ വീതം അനുവദിച്ചു. 1285 സ്കൂളുകളിൽ പാചകപ്പുരകൾ നവീകരിക്കുന്നതിനു സ്കൂൾ ഒന്നിനു 10,000 രൂപ വീതം നൽകും. 3031 സ്കൂളുകളിൽ ഈ വർഷം പാചകപ്പുര നിർമാണം പൂർത്തിയാക്കും. 

കേരളത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ അധ്യയന വർഷം അനുവദിച്ച കേന്ദ്രവിഹിതം കൃത്യമായി ചെലവഴിക്കുകയും ധനവിനിയോഗ രേഖകൾ കൃത്യമായി കേന്ദ്രത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു.

കൃഷിവകുപ്പുമായി ചേർന്നു സ്കൂളുകളിൽ നടപ്പാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്കൂൾ കുട്ടികൾക്കു മുട്ടയും പാലും നൽകുന്നത്, ഭക്ഷണ സാമ്പിളുകളുടെ പരിശോധന, ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ പാചകത്തൊഴിലാളികൾക്കു നൽകുന്ന പരിശീലനം എന്നിവയെ യോഗം പ്രശംസിച്ചു. 

പാചകച്ചെലവ്, പാചകത്തൊഴിലാളികളുടെ പ്രതിഫലം എന്നീ ഇനങ്ങളിൽ കേന്ദ്ര നിർദേശത്തെക്കാൾ കൂടുതൽ തുക അനുവദിക്കുന്ന സംസ്ഥാനത്തിന്റെ നടപടിയും അഭിനന്ദിക്കപ്പെട്ടു. എന്നാൽ പാചകത്തൊഴിലാളികളുടെ പ്രതിഫലം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജെസി ജോസഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 

English summary: Midday Meals in school: centre sanctioned 324 crore proposal of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA