sections
MORE

ആത്മഹത്യ ചെയ്ത ദിവസം വഴക്കുണ്ടായി; ‘പോയി മരിച്ചുകൂടെ നിനക്ക്’: കൃഷ്ണമ്മ ആക്രോശിച്ചു

lekha-neyyattinkara-suicide
മരിച്ച ലേഖ
SHARE

തിരുവനന്തപുരം∙ ‘പോയി മരിച്ചുകൂടെ നിനക്ക്’-നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യചെയ്ത ലേഖയോട് ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ ആക്രോശിച്ചതിങ്ങനെ. വീട് നഷ്ടപ്പെടുമെന്ന വേദനയും വഴക്കും സഹിക്കാനാകാതെയാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍(50), ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ(80), കൃഷ്ണമ്മയുടെ സഹോദരി ശാന്ത(63), ഇവരുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു.

ലേഖയും മകളും ആത്മഹത്യ ചെയ്യുന്ന ദിവസം ഉച്ചയ്ക്കും വീട്ടില്‍ വഴക്ക് നടന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. മകളുടെ വിദ്യാഭ്യാസത്തിനും ജപ്തി ഒഴിവാക്കുന്നതിനും വീടു വില്‍‌ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ ഇതിന് അനുവദിച്ചില്ല. വീട്ടില്‍ ജപ്തി നോട്ടിസ് വരുമ്പോള്‍ പൂജ നടത്തുകയായിരുന്നു പതിവ്. മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പും ലേഖയെ ഭര്‍ത്താവും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ലേഖയെ പണ്ടും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സ്ത്രീധനം വേണ്ടെന്ന ധാരണയിലാണു ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്. പിന്നീട് 50,000 രൂപ സ്ത്രീധനം നല്‍കാനുണ്ടെന്ന പേരില്‍ ഉപദ്രവിച്ചിരുന്നു. ലേഖയുടെ ബന്ധുക്കള്‍ ഈ തുക നല്‍കി. മരണം നടക്കുന്ന ദിവസവും ലേഖ ബന്ധുക്കളെ വിളിച്ചു വീട്ടിലെ വഴക്കിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നു.

അതേസമയം, വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചുവെന്നു ചന്ദ്രന്‍ മൊഴി നല്‍കി. വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്നു മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്‍റെ മൊഴിയിലുണ്ട്. ആത്മഹത്യാക്കുറിപ്പിലെ പകുതിയിലേറെ ആരോപണങ്ങളും ചന്ദ്രന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീടു വില്‍പ്പനയ്ക്ക് അമ്മ തടസം നിന്നെന്നും കടബാധ്യത തീര്‍ക്കാതെ പൂജയില്‍ വിശ്വസിച്ചെന്നും മൊഴി. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യയ്ക്കു കാരണമായതായി പൊലീസ് അനുമാനിക്കുന്നു.

∙ വീടിനു പിന്നില്‍ മന്ത്രവാദം

വീടിനു പിന്നില്‍ ചന്ദ്രന്‍ പൂജാ സ്ഥലം ഒരുക്കിയിരുന്നു. രണ്ടു വിഗ്രഹങ്ങളും പൂജാസാമഗ്രികളും പൊലീസ് കണ്ടെടുത്തു. കോട്ടൂരുള്ള മന്ത്രവാദിയാണു സ്ഥിരമായി പൂജ നടത്തിയിരുന്നത്. അരഭിത്തിക്കു മുകളില്‍ ടാര്‍പ്പോളിന്‍ വിരിച്ച സ്ഥലത്താണു പൂജ. ബാങ്കില്‍നിന്നു ജപ്തി നോട്ടിസെത്തിയാല്‍ അത് ഇവിടെ പൂജിക്കും. പൂജ നടത്തിയാല്‍ പ്രശ്നങ്ങളെല്ലാം മാറുമെന്നാണു ചന്ദ്രനും അമ്മയും വിശ്വസിച്ചിരുന്നത്. ജപ്തി ഒഴിവാക്കാന്‍ മന്ത്രവാദത്തിനു കഴിയുമെന്ന് ഇരുവരും കരുതി. നാട്ടുകാരുമായി സംസാരിക്കാന്‍ ലേഖയെയും വൈഷ്ണവിയെയും അനുവദിച്ചിരുന്നില്ല. ലേഖയും വൈഷ്ണവിയും മരിക്കുന്നതിനു തലേദിവസവും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം, മന്ത്രവാദിയെ പൊലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന.

English Summary: Neyyattinkara Suicide, Mother Daughter Duo Suicide, Chandran, Krishnamma, Lekha, Vaishnavi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA