ADVERTISEMENT

ചെന്നൈ∙ മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും നടനുമായ കമൽ ഹാസനെതിരെ ചെരുപ്പേറ്. തമിഴ്‌നാട്ടിലെ തിരുപ്പരൻകുൻഡ്രം നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ആക്രമണം. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്സെ ആണെന്ന കമൽ ഹാസന്റെ പരാമർശമാണ് ആക്രമണത്തിനു കാരണമെന്നാണു നിഗമനം.

വേദിയിൽ സംസാരിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ കമലിനു നേരെ ചെരുപ്പുകൾ എറിയുകയായിരുന്നു. മക്കൾ നീതി മയ്യത്തിന്റെ പരാതിയിൽ പതിനൊന്നോളം ബിജെപി, ഹനുമാൻ സേന അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡ്‌സെയ്ക്കെതിരെയുള്ള പരമാർശത്തിൽ ഹിന്ദു മുന്നണി പ്രവർത്തകർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കമൽ ഹാസനെതിരെ പരാതി നൽകിയിരുന്നു.

അരവാക്കുറിച്ചിയിൽ പ്രചാരണത്തിനിടെയായിരുന്നു കമലിന്റെ വിവാദ പരാമാർശം. വിവാദത്തെ തുടർന്നു രണ്ടു ദിവസം പ്രചാരണത്തിൽനിന്നു വിട്ടുനിന്ന കമൽ കഴിഞ്ഞ ദിവസം കനത്ത സുരക്ഷയിൽ 6 യോഗങ്ങളിൽ പങ്കെടുത്തിരുന്നു.

ഗോഡ്സെ ഹിന്ദു ഭീകരവാദിയെന്നല്ല, തീവ്രവാദിയെന്നു തന്നെയാണ് താൻ പറഞ്ഞതെന്നും ഭീകരവാദിയാണെന്നു വളച്ചൊടിച്ചതു മാധ്യമങ്ങളാണെന്നും കമൽ പറഞ്ഞു. അരവാക്കുറിച്ചി പ്രസംഗത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ ഹർജി നൽകിയിരുന്നു. 

2017 നവംബറിലും ‘ഹിന്ദു വിഘടനവാദം’ എന്ന വാക്ക് ഉപയോഗിച്ച് കമൽ ഹാസൻ വിവാദമുണ്ടാക്കിയിരുന്നു. ബിജെപിയും ഹിന്ദു സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മേയ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 4 നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് അരവാകുറിച്ചി. എസ്. മോഹൻരാജാണ് എംഎൻഎമ്മിന്റെ ഇവിടുത്തെ സ്ഥാനാർഥി.

English Summary: Slippers Thrown At Kamal Haasan Amid Controversy Over Godse Remark, Election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com