ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ സ്ത്രീകളുടെ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായി ഡിആര്‍ഐക്ക്(ഡയറക്ടറ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) വിവരം ലഭിച്ചു. 2018 നവംബര്‍ മുതല്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങള്‍ ലഭിച്ചതായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവച്ചിരിക്കുകയാണ്. സ്ത്രീകളില്‍ ചിലര്‍ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

പിടിയിലായ സ്വര്‍ണ കടത്തുകാരില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നു യാത്രാരേഖകള്‍ പരിശോധിച്ചാണു സ്ത്രീകളെ തിരിച്ചറിഞ്ഞത്. ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. ഇവരില്‍ പലരും ഒരു മാസത്തിനിടെ പലതവണ വിദേശത്തേക്ക് പോയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിആര്‍ഐ വ്യക്തമാക്കി. 

വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സെറീന സ്ഥിരമായി സ്വര്‍ണം കടത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ അഡ്വ.ബിജുവുമായി സെറീനയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. സെറീന ഇടയ്ക്കിടെ ദുബായിലേക്ക് പോയിരുന്നു. സെറീനവഴിയാണ് സ്വര്‍ണക്കടത്തിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. ബിജുവിനു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ബിജുവിനായുള്ള തിരച്ചില്‍ തുടരുകയാണ്. ബിജുവിന്റെ ഭാര്യ വിനീതയെ ഇന്നലെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. 

ബിജുവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഇവര്‍ 4 തവണ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ പറയുന്നു. നിയമബിരുദധാരിയാണ് വിനീത. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമായാണ് ഇവര്‍ ദുബൈയിലേക്ക് പോയി സ്വര്‍ണം കേരളത്തിലേക്ക് കടത്തുന്നത്. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സുനില്‍കുമാര്‍, സെറീന എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബിജുവിനെക്കുറിച്ചും വിനീതയെക്കുറിച്ചും വിവരം ലഭിച്ചത്. ഇവരുടെ ചെന്നൈ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്.

English summary: Number of women agents involved in gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com