ADVERTISEMENT

ന്യൂഡൽഹി∙ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വാർത്താസമ്മേളനത്തിനെത്തി. അധികാരമേറ്റ് അഞ്ച് വർഷത്തിനു ശേഷമാണ് പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് ദേശീയ അധ്യക്ഷൻ അമിത് ഷായോടൊപ്പം പ്രധാനമന്ത്രി തന്റെ ആദ്യ വാർത്താസമ്മേളനത്തിനെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ടാണ് ഇരുവരും വാർത്താസമ്മേളനം നടത്തിയത്.

വാർത്താസമ്മേളനത്തിൽ ആദ്യം സംസാരിച്ചത് അമിത് ഷാ. പിന്നാലെ മോദിയും സംസാരിച്ചു. തുടർച്ചയായി രണ്ടാം തവണയും എന്‍ഡിഎ കേവഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം മോദി പ്രകടിപ്പിച്ചു. ക്രിയാത്മകമായ തിരഞ്ഞെടുപ്പാണ് നടന്നത്. വിശദമായി ആസൂത്രണം ചെയ്താണ് പ്രചാരണം നടത്തിയത്. ഒറ്റ യോഗവും റദ്ദാക്കേണ്ടി വന്നില്ല. കാലാവസ്ഥ പോലും തങ്ങൾക്ക് അനുകൂലമായിരുന്നു.–മോദി പറഞ്ഞു. ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ് മോദി സംസാരം അവസാനിപ്പിച്ചു.

എന്നാൽ മാധ്യമപ്രവർ‌ത്തകരുടെ ചോദ്യങ്ങളിൽ നിന്നു പ്രധാനമന്ത്രി ഒഴിഞ്ഞുമാറി. അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും മറുപടി പാർട്ടി അധ്യക്ഷന്‍ നല്‍കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. റഫാൽ അഴിമതി, പ്രജ്ഞാ സിങ് താക്കൂറിന്റെ സ്ഥാനാർഥിത്വം തുടങ്ങിയ എല്ലാം ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്‍കിയത് അമിത് ഷാ.

മോദി ഭരണം വീണ്ടും കൊണ്ടുവരാൻ ജനങ്ങൾ തീരുമാനിച്ചെന്ന് അമിത് ഷാ പറഞ്ഞു. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴേത്തട്ടുവരെ എത്തിക്കാന്‍ കഴിഞ്ഞു. വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.

എന്‍ഡിഎയിലേക്ക് പുതിയ കക്ഷികളെ ദേശീയ അധ്യക്ഷൻ സ്വാഗതം ചെയ്യുകയും ചെയ്തു. എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും, പുതിയവര്‍ വന്നാല്‍ സ്വീകരിക്കും. സംവാദത്തിന്റെ നിലവാരം തകര്‍ത്തത് ബിജെപിയല്ല. അഴിമതി ജനങ്ങളെ അറിയിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അമിത് ഷാ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com