ADVERTISEMENT

വർഷത്തിൽ ഭൂരിഭാഗവും മഞ്ഞിന്റെ ആലസ്യത്തിൽ മയങ്ങുന്ന സംസ്ഥാനം. വലിയ ബഹളമില്ല. സ്വച്ഛം സുന്ദരം. ആ ആലസ്യം ഹിമാചൽ പ്രദേശിന്റെ രാഷ്ട്രീയത്തിലും കാണാം. ഏറെ കോലാഹലങ്ങളില്ല. ജനസംഖ്യയുടെ കാര്യത്തിലാണെങ്കിൽ കേരളത്തിന്റെ മൂന്നിലൊന്നു വരില്ല; 68.6 ലക്ഷം. രാഷ്ട്രീയത്തിൽ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്കു പക്ഷഭേദമില്ല. ‘തുല്യത’യാണു  ഹിമാചലിന്റെ രാഷ്ട്രീയനയം.

മത്സരിക്കാൻ കാര്യമായി രണ്ടു പാർട്ടികൾ– കോൺഗ്രസും ബിജെപിയും. ഒരു തവണ കോണ്‍ഗ്രസിനെ വിജയിപ്പിച്ചാൽ അടുത്ത തവണ ബിജെപിക്ക് അനുകൂലമായി വിധിയെഴുകും. ഈ രീതിയാണു കാലങ്ങളായി തുടരുന്നത്. നിലവില്‍ ഇന്ത്യൻ രാഷ്ട്രീയത്തിൽ വന്ന ചലനങ്ങൾ ഹിമാചൽ പ്രദേശിലും നേരിയ തീപ്പൊരി വീഴ്ത്തുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഇരുപക്ഷത്തും ആത്മവിശ്വാസക്കുറവുണ്ട്, അടിയൊഴുക്കുകൾ എങ്ങോട്ടായിരിക്കുമെന്നതു സംബന്ധിച്ച് പ്രവചനങ്ങളുമില്ല. 

Himachal-Pradesh-MAL-Loksabha-Constituency-seats-2014-map

ആകെ നാലു ലോക്സഭാ മണ്ഡലങ്ങൾ. മാണ്ഡി, കാംഗ്ര, ഹാമിർപൂർ, ഷിംല. മൊത്തം 51.59 ലക്ഷം വോട്ടർമാർ. 2014ൽ ഇത് 48.10 ലക്ഷം ആയിരുന്നു. മൂന്നര ലക്ഷത്തിലധികം വോട്ടർമാരുടെ വർധന ഇരുമുന്നണികൾക്കും പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നു.

ഉയരം കൂടുന്തോറും പോളിങ് കൂടുമോ?

എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളാണ് സംസ്ഥാനത്തു ഭൂരിഭാഗവും. മലനിരകളും താഴ്‌വരയും നിറയുന്ന ഭൂപ്രദേശമായതിനാൽ വോട്ടർമാര്‍ക്കു ബൂത്തിലെത്തുക ശ്രമകര ദൗത്യമാണ്. സമ്മതിദായകരെ പോളിങ് സ്റ്റേഷനുകളിലെത്തിക്കുക എന്നതു രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചും വലിയ തലവേദനയാണ്. ഹിമാചലിലെ ജനങ്ങൾക്ക് പോളിങ് എന്നത് കഠിന വ്യായാമമാണെന്നാണു ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. 

51 ലക്ഷത്തിലേറെ വരുന്ന ജനങ്ങളാണ് ഇത്തവണ വോട്ടു ചെയ്യുന്നത്. അതിൽ 88,127 പേര്‍  കന്നി വോട്ടർമാരാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണു ഹിമാചൽ. ഗോത്ര ഗ്രാമമായ താഷിഗാങ് ആണ് നിലവിൽ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ. ഇക്കഴി​ഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ അത് ലാഹോൽ– സ്പിറ്റി ജില്ലയിലെ ഹിക്കിമായിരുന്നു.

രാജ്യത്തെ ജനങ്ങൾക്ക് എത്തിപ്പെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പോളിങ് ബൂത്ത് എവിടെയാണെന്നു ചോദിച്ചാല്‍ അതും ഹിമാചൽ പ്രദേശിൽ തന്നെ. ചംബ ജില്ലയിലെ ‘ശക്തി’ പോളിങ് സ്റ്റേഷനാണത്. 20 കിലോമീറ്റർ നടന്നു വേണം അവിടെ എത്താൻ. ഉന ജില്ലയിലെ ശാന്തോഘർ ആണ് ഏറ്റവും കൂടുതൽ വോട്ടർമാരെത്തുന്ന പോളിങ് സ്റ്റേഷൻ– 1359 പേർ.

ആര് വാഴും ആര് വീഴും?

2014ലെ തിരഞ്ഞെടുപ്പിൽ ഹിമാചലിലെ നാലു മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു ആധിപത്യം. രാഷ്ട്രീയ കാലാവസ്ഥ തങ്ങൾക്ക് അനുകൂലമാണെന്നു തന്നെയാണു ബിജെപിയുടെ അവകാശവാദം. ഈ വാദത്തിനു കൂടുതൽ ബലം നൽകുന്നതാണു മാണ്ഡിയിലെ എംപിയായ റാം സ്വരൂപ് ശർമയുടെ ഫണ്ട് ചെലവഴിക്കൽ. 2014–19 കാലഘട്ടത്തിൽ അനുവദിക്കപ്പെട്ട 25.81 കോടി രൂപയിൽ ഭൂരിഭാഗവും അദ്ദേഹം ഉപയോഗിച്ചു എന്നതു തന്നെയാണ് ബിജെപി ഉയർത്തിക്കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിനായി വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല. പക്ഷേ, അദ്ദേഹത്തെ ജനങ്ങൾക്കെല്ലാം വലിയ ഇഷ്ടമാണെന്നാണു മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ വാദം. 2014 ആവർത്തിക്കപ്പെടുമെന്നും അദ്ദേഹം പറ‍യുന്നു.

‘കാവൽക്കാരൻ കള്ളനാണെന്ന’ മുദ്രാവാക്യം ഉയർത്തിയാണ് മോദിക്കെതിരെ കോൺഗ്രസിന്റെ പ്രചാരണം. പ്രതികരണമെന്നവണ്ണം ഓരോ തിരഞ്ഞെടുപ്പു റാലിയിലും രാഹുൽ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അസഭ്യവർഷങ്ങളുമാണു ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സാഥി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽത്തന്നെ വലിയ ചർച്ചയുമായി. ഗാന്ധി കുടുംബത്തെ ഒന്നടങ്കം പരസ്യമായി അപമാനിക്കുംവിധമായിരുന്നു സാഥിയുടെ പരാമർശം.

എതിരാളിയുടെ മോശം പരാമർശങ്ങൾ ജനങ്ങള്‍ക്കിടയിൽ സഹതാപതരംഗം സൃഷ്ടിക്കാനിടയുണ്ടെന്ന കണക്കുകൂട്ടലുകളും കോണ്‍ഗ്രസ് ക്യാംപിനുണ്ട്. അതേസമയം മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുന്നത് പാർട്ടിക്ക് ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. കോൺഗ്രസ് ക്യാംപുകളിലാകട്ടെ രാഹുലിന്റെ സാന്നിധ്യമാണു പ്രതീക്ഷ പകർന്നത്. ഷിംലയിലും മാണ്ഡിയിലും മോദി പ്രചാരണത്തിനെത്തിയപ്പോൾ ഷിംലയിലും ഹാമിർപുരിലുമായിരുന്നു രാഹുലിന്റെ റാലി. 

കളംനിറഞ്ഞവർ കളമൊഴിഞ്ഞു

ഹിമാചൽ രാഷ്ട്രീയത്തിൽ കളംനിറഞ്ഞ രണ്ടുപേർ. ഈ വമ്പന്മാരില്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ വീരഭദ്ര സിങ്ങും ബിജെപിയുടെ പ്രേംകുമാർ ധുമാലും. ആറു തവണയാണ് വീരഭദ്ര സിങ് ഹിമാചലിന്റെ മുഖ്യമന്ത്രിയായത്.

പ്രേംകുമാർ ധുമൽ രണ്ടുതവണയും. തലമുറമാറ്റത്തിന്റെ ഭാഗമായാണ് 83 വയസ്സുള്ള വീരഭദ്ര സിങ് തിരഞ്ഞെടുപ്പ് ഗോദയിൽ നിന്നും വിട്ടു നിൽക്കുന്നതെന്നാണു പറയപ്പെടുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ് എഴുപത്തിമുന്നൂകാരനായ ധുമലിനെ സജീവ രാഷ്ട്രീയത്തിൽനിന്നും അകറ്റിയത്. 

ഇവരാണു പോരാളികൾ

ഹിമാചലിലെ നാലു മണ്ഡലങ്ങളും ഇപ്പോൾ ബിജെപിയുടെ കയ്യിലാണ്. ബിജെപിയും കോൺഗ്രസും തമ്മിലാണു പ്രധാന മത്സരമെങ്കിലും മാണ്ഡിയിൽ ദലീപ് കിഫ്ത്തിയെ ഇറക്കി സിപിഎമ്മും കളത്തിലുണ്ട്. നിലവിലെ എംപിയായ രാംസ്വരൂപ് ശർമ തന്നെയാണ് മാണ്ഡിയിൽ ബിജെപി സ്ഥാനാർഥി.

കോൺഗ്രസിന്റെ ആശ്രയ് ശർമയാണ് എതിരാളി. മുൻമന്ത്രി സുഖ്‌റാമിന്റെ പേരക്കുട്ടിയാണ് ആശ്രയ് ശർമ. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇവരാണ്: കാംഗ്ര– കിഷൻ കപൂർ(ബിജെപി), പവൻ കാജൾ (കോൺഗ്രസ്). ഹാമിർപുർ– അനുരാഗ് ഠാക്കൂർ (ബിജെപി), രാംലാൽ ഠാക്കൂർ (കോൺഗ്രസ്). ഷിംല– സുരേഷ് കശ്യപ് (ബിജെപി), ധനിറാം ഷാന്റിൽ (കോൺഗ്രസ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com