ADVERTISEMENT

ന്യൂഡല്‍ഹി∙ എന്‍ഡിഎയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെ മധ്യപ്രദേശില്‍ രാഷ്ട്രീയ കരുനീക്കങ്ങളുമായി ബിജെപി. കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാട്ടി ബിജെപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനു കത്തെഴുതി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു.

കമല്‍നാഥ് സര്‍ക്കാര്‍ താനെ നിലംപതിക്കുമെന്നും കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. സമയമായെന്നും സര്‍ക്കാര്‍ താഴെവീഴുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു തൊട്ടുപിറ്റേന്നാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കമെന്നതും ശ്രദ്ധേയമാണ്. മധ്യപ്രദേശിലെ 29 സീറ്റില്‍ 24 എണ്ണവും ബിജെപി നേടുമെന്നാണ് ഇന്നലെ പുറത്തുവന്ന ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

കേന്ദ്രത്തിൽ വീണ്ടും ബിജെപി വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ, വിഡിയോ സ്റ്റോറി കാണാം

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 230 നിയമസഭാ സീറ്റുകളില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റാണു വേണ്ടത്. കോണ്‍ഗ്രസിന് 114 സീറ്റ് മാത്രമാണുള്ളത്. കുറഞ്ഞ ഭൂരിപക്ഷമുള്ള കമല്‍നാഥ് സര്‍ക്കാര്‍ മായാവതിയുടെയും അഖിലേഷിന്റെയും പിന്തുണയോടെയാണു നിലനില്‍ക്കുന്നത്. ബിജെപിക്ക് 109 അംഗങ്ങളുണ്ട്. മുഖ്യമന്ത്രിയായി അധികാരമേറ്റ കമല്‍നാഥ് ചിന്ദ്വാഡ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലേക്കു മത്സരിക്കുന്നുണ്ട്. കമല്‍നാഥ് ഒഴിഞ്ഞ ഇതേ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് കമല്‍നാഥിന്റെ മകനാണ് ജനവിധി തേടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com