ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ്‌ പോൾ ഫലങ്ങൾ വന്നതിന്റെ തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ചു. ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത് എന്തുവിലകൊടുത്തും തടയുകയെന്നതാണ് ലക്ഷ്യം. 

പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമ്പോൾ മമതയുടെ സാന്നിധ്യവും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ചന്ദ്രബാബു നായി‌ഡു മമതയെ കൊൽക്കത്തയിൽ സന്ദർശിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌യ്‌തു. 

ഇവിഎമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സംസാരിക്കുന്നതിനാണു പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മീഷനെ കാണുന്നത്. എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. ആന്ധ്രാപ്രദേശിലെ 25 സീറ്റിൽ 15 സീറ്റും ജഗൻമോഹൻ റെഡ്‌ഡി നേടുമെന്നും പത്ത് സീറ്റ് മാത്രമെ ചന്ദ്രബാബു നായിഡുവിനു ലഭിക്കുവെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ മമത ബാനർജിയും ചന്ദ്രബാബു നായിഡുവും തള്ളി.

എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിനു ശേഷവും ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളുമായി ചർച്ച തുടരുകയാണ്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, ശരത് യാദവ്, അരവിന്ദ് കേജ്‌രിവാൾ എന്നിവരേയും ചന്ദ്രബാബു നായിഡു സന്ദർശിച്ചിരുന്നു. 

തങ്ങൾ രാഷ്ട്രീയത്തെക്കുറിച്ചു സംസാരിച്ചുവെന്നു മമതയെ സന്ദർശിച്ച ശേഷം ചന്ദ്രബാബു നായിഡു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യത കാത്തുസൂക്ഷിക്കണം.എന്തുകൊണ്ടാണു 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാത്തതെന്ന് അദ്ദേഹം ചോദിച്ചു.

ജനങ്ങളെല്ലാം വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളെക്കുറിച്ചു സംസാരിക്കുന്നുണ്ട്. ഇവിഎമ്മിലെ ബട്ടണിൽ അമർത്തുമ്പോൾ സ്ഥാനാർഥിയുടെ പേരും ചിഹ്നവും അച്ചടിച്ച പേപ്പർ പുറത്തു വരികയും വോട്ട് ചെയ്ത ആൾക്കു പരിശോധിച്ച ശേഷം  ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണു തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ കേന്ദ്രമന്ത്രി അരുൺ ജയ്‌റ്റ്ലി രംഗത്തെത്തി. എക്സിറ്റ് പോളുകൾ വ്യക്തികളുമായി അഭിമുഖം നടത്തി ചെയ്തതാണ്. 23നു വരുന്ന ഫലവും എക്സിറ്റ് പോൾ ഫലങ്ങളും ഒരുപോലെയാണെങ്കിൽ ഇവിഎമ്മിനെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു തെളിയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.  

കേന്ദ്രത്തിൽ വീണ്ടും ബിജെപി വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ, വിഡിയോ സ്റ്റോറി കാണാം

English Summary: Chandrababu Naidu Meets Mamata Banerjee 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com