ADVERTISEMENT

ഇത്തവണ കേരളത്തിൽ വോട്ടെടുപ്പു നടന്ന് 30 ദിവസത്തിനു ശേഷമാണ് വോട്ടെണ്ണൽ. 2009ൽ ലോക്സഭയിലേക്കും 2011ൽ നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളുടെയും ഫലമറിയാൻ 30 ദിവസം കാത്തിരിക്കേണ്ടി വന്നു. ഏറ്റവും ദീർഘമായ കാത്തിരുപ്പ് (36 ദിവസം) 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു. 1999ൽ 25, 2006ൽ 19, 1996ൽ 11 ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. 1960 മുതൽ മറ്റവസരങ്ങളിൽ വോട്ടെണ്ണൽ തുടങ്ങാൻ 4 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നിട്ടില്ല; മിക്കവാറും പിറ്റേന്നു തന്നെ വോട്ടണ്ണൽ നടക്കുമായിരുന്നു.

ഇന്നു രാജ്യം മുഴുവൻ പോളിങ് പൂർത്തിയായതിനു ശേഷമാണ് കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തുന്നത്. എന്നാൽ നേരത്തെ പോളിങ് തീരും മുൻപേ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടന്നിരുന്നു.

1951–52ൽ ഒന്നാം ലോക്‌സഭയിലേക്കും തിരുവിതാംകൂർ–കൊച്ചി നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ്. 14 ഘട്ടങ്ങളായി പോളിങും ഇതിനിടയിൽ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തി. മലബാർ ഉൾപ്പെട്ട മദ്രാസിലും ഇതുപോലെയായിരുന്നു. രണ്ടാം ലോക്‌സഭയിലേക്കും ഒന്നാം കേരള നിയമസഭയിലേക്കും 1957ൽ നടന്ന തിരഞ്ഞെടുപ്പിലും വോട്ടെടുപ്പിനിടയിൽ തന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തി.

അതേസമയം തിരുവിതാംകൂർ–കൊച്ചി നിയമസഭയിലേക്ക് 1954ൽ 8 ഘട്ടമായി നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അവസാനഘട്ട പോളിങിന്റെ പിറ്റേന്നായിരുന്നു കൗണ്ടിങും ഫലപ്രഖ്യാപനവും തുടങ്ങിയത്. ഒരു മണ്ഡലത്തിലെ ഫലപ്രഖ്യാപനം മറ്റു മണ്ഡലങ്ങളിലെ പോളിങിനെ ബാധിക്കാതിരിക്കാനായിരുന്നു ഈ ക്രമീകരണം.

1960 മുതൽ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം പോളിങ് പൂർത്തിയായതിനു ശേഷം മാത്രമേ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തിയിട്ടുള്ളൂ. 1962 മുതൽ കേരളത്തിൽ നടന്നിട്ടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഇങ്ങനെ തന്നെയായിരുന്നു. 1967ൽ അഖിലേന്ത്യാ തലത്തിലുള്ള വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു മുൻപു തന്നെ കേരളത്തിൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തിയെന്നു മാത്രം. 1971, 1977, 1980, 1984, 1989 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ അവസാന ഘട്ട വോട്ടെടുപ്പു ദിവസം തന്നെ വോട്ടെണ്ണൽ നടന്നെങ്കിലും വോട്ടെടുപ്പ് തീർന്നതിനു ശേഷം മാത്രമാണ് ഫലപ്രഖ്യാപനം നടത്തിതുടങ്ങിയത്. 

പിന്നീടുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം പോളിങ് തീർന്നതിനു ശേഷം മറ്റൊരു ദിവസമാണ് കൗണ്ടിങ് നടത്തിയിട്ടുള്ളത്. തിരുവിതാംകൂർ നിയമസഭയിലേക്ക് 1948ൽ നടന്ന തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായിട്ടാണ് നടന്നത്. ഓരോ ദിവസത്തെയും പോളിങ് കഴിയുമ്പോൾ തന്നെ കൗണ്ടിങും ഫലപ്രഖ്യാപനവും നടത്തിയിരുന്നു. അക്കൊല്ലം നടന്ന കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങിനു ശേഷമായിരുന്നു കൗണ്ടിങ്.

English Summary: Counting before polling finishes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com