തോല്‍വിയിലും വിജയം; ബിജെപി തന്ത്രങ്ങള്‍ അതേപടി തിരിച്ചു പ്രയോഗിച്ചു കോണ്‍ഗ്രസ്

HIGHLIGHTS
  • ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മുൻപ് ഒരു തിരിഞ്ഞു നോട്ടം
  • ഇന്ത്യൻ രാഷ്ട്രീയം 2018ൽ മാറിമറിഞ്ഞതെങ്ങനെ?– പരമ്പര: 3
Indin Elections
ഗ്രാഫിക്‌സ്: ജെയിൻ ഡേവിഡ്.എം.
SHARE

തിരഞ്ഞെടുപ്പുകളിൽ തങ്ങൾക്കു നേരെയുണ്ടായ ബിജെപിയുടെ കുതന്ത്രങ്ങൾ  കോൺഗ്രസ് അതേപടി തിരിച്ചു പ്രയോഗിക്കുന്ന കാഴ്ചയാണ് 2018 കണ്ടത്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  മിന്നുംപ്രകടനം പുറത്തെടുത്ത് ബിജെപി കോൺഗ്രസിനെ ഞെട്ടിച്ചു. അതിനിടെ ജമ്മു–കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ജനാധിപത്യത്തിലെ കല്ലുകടിയുമായി.  2018ല്‍ തിരഞ്ഞെടുപ്പ് നടന്നത് ഒൻപതു സംസ്ഥാനങ്ങളിലേക്കാണ്– ത്രിപുര, മേഘാലയ, നാഗാലാൻഡ്, കർണാടക, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന

ത്രിപുരയിൽ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തിയപ്പോൾ ഒരുപോലെ ഞെട്ടിയത് സിപിഎമ്മും കോൺഗ്രസും. കമ്യൂണിസ്റ്റ് കോട്ടയിൽ 60ൽ 36 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് ആകെ ലഭിച്ചത് 16 സീറ്റുകൾ. കോൺഗ്രസിനാകട്ടെ ഒരു സീറ്റു പോലുമില്ല. ഛത്തീസ്ഗഡിൽ പക്ഷേ ഞെട്ടൽ ബിജെപിക്കായിരുന്നു. 90 സീറ്റുള്ള സംസ്ഥാനത്ത് 68ഉം സ്വന്തമാക്കി കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. മിസോറമിൽ (40 സീറ്റ്) മിസോ നാഷനൽ ഫ്രണ്ടും 26 സീറ്റുമായി അധികാരത്തിലേറി. 

മേഘാലയയിൽ എൻഡിഎ

മേഘാലയയിലെ 60 അംഗ നിയമസഭയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാതെ 19 സീറ്റ് മാത്രമുണ്ടായിരുന്ന നാഷനൽ പീപ്പിൾസ് പാർട്ടിയെ(എൻപിപി)യാണു സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. 9 വർഷമായി ഭരണത്തിലുള്ള കോൺഗ്രസിന് ഇത്തവണ ബിജെപി തന്ത്രത്തിനു മുന്നിൽ അടിപതറി. രണ്ടു സീറ്റ് സ്വന്തമായുള്ള ബിജെപി ആദ്യമേതന്നെ എൻപിപിക്കു പിന്തുണ പ്രഖ്യാപിച്ചു. മണിപ്പുരിലും ഗോവയിലും ചെറുപാർട്ടികളുടെ സഹായത്തോടെ അധികാരം പിടിച്ച തന്ത്രം തന്നെയായിരുന്നു ബിജെപി മേഘാലയയിലും പയറ്റിയത്. സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടി പ്രാദേശിക പാർട്ടികളുമായുള്ള ചർച്ചകൾക്കും ബിജെപി മുന്നിൽ നിന്നു. 

ആറു സീറ്റ് നേടിയ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും (യുഡിപി), നാല് സീറ്റുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും രണ്ടു സീറ്റ് നേടിയ ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (എച്ച്എസ്പിഡിപി) സർക്കാരിൽ കക്ഷി ചേരാനെത്തി. അങ്ങനെ ഒരു സ്വതന്ത്രനടക്കം സാങ്മ സർക്കാരിനു 34 എംഎൽഎമാരുടെ പിന്തുണ. വിശ്വാസവോട്ടു നേടി കോൺറാഡ് സാങ്മ മുഖ്യമന്ത്രിയായി. സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്നു മാറ്റി വച്ച വില്യം നഗറിലെ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കോൺഗ്രസിനെ തോൽപിച്ച് വിജയം എൻപിപിക്കായിരുന്നു. അതോടെ സർക്കാരിന് 35 എംഎൽഎമാരുടെ കരുത്ത്. 28.5% വോട്ടു ലഭിച്ചിട്ടും കോൺഗ്രസ് അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടു.

2018 മേയിൽ പക്ഷേ കോൺഗ്രസ് വീണ്ടും മുന്നിലെത്തി. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ‍രണ്ടു സീറ്റുകളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഒന്ന് അമ്പാട്ടിയും മറ്റൊന്ന് സോങ്സാക്കും. ഇതിൽ സോങ്സാക് അദ്ദേഹം നിലനിർത്തി. അമ്പാട്ടിയിൽ മകൾ മിയാനി ഡി.ഷിറയെ കോൺഗ്രസ് സ്ഥാനാർഥിയാക്കി. മേയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മിയാനി ജയിച്ചതോടെ കോൺഗ്രസ് വീണ്ടും മുന്നിൽ. പക്ഷേ ചെറുകക്ഷികള്‍ കൂടിച്ചേർന്നു ശക്തിപ്രാപിച്ച സർക്കാരിന് ഇതുവരെയും ഇളക്കം തട്ടിയിട്ടില്ല. നിലവിലെ മേഘാലയ സീറ്റ് നില ഇങ്ങനെ:

നാഗാലാൻഡിലും ബിജെപി സഖ്യം

ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ത്രിശങ്കു സഭ വന്ന നാഗാലാൻഡിലും ബിജെപി സഖ്യം ഭരണത്തിലേറി. 60 അംഗ സഭയിൽ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭയുണ്ടാക്കാൻ ക്ഷണം ലഭിച്ചില്ല. 17 സീറ്റ് മാത്രം ലഭിച്ച നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി (എൻഡിപിപി)യുടെ നേതാവ് നെയ്ഫു റിയോയെയാണു ഗവർണർ ക്ഷണിച്ചത്. എൻപിഎഫ് വിട്ട് എൻഡിപിപി രൂപീകരിച്ച റിയോയുടെ മധുരപ്രതികാരം കൂടിയായി അത്. 12 സീറ്റുള്ള ബിജെപി എൻഡിപിപിയെ പിന്തുണച്ചതോടെയാണ് റിയോയുടെ രാശി തെളിഞ്ഞത്. ഇതിനുപുറമെ ജെഡിയുവിന്റെ ഒരു എംഎൽഎയും ഒരു സ്വതന്ത്രനും സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ 31 പേരുമായി സഭയിൽ കേവലഭൂരിപക്ഷം ഉറപ്പായി. 

അധികാരം പങ്കിടാൻ തയാറാണെന്നു പ്രഖ്യാപിച്ച നിലവിലുള്ള ഭരണകക്ഷി എൻപിഎഫിന്റെ ക്ഷണം തള്ളിയാണു ബിജെപി നാഗാലാൻഡിൽ പുതിയ കൂട്ടുകെട്ടുണ്ടാക്കിയത്. ബിജെപിയുമായി ഭരണം പങ്കിട്ടിരുന്ന എൻപിഎഫുമായി തർക്കത്തെ തുടർന്നാണു മുൻ മുഖ്യമന്ത്രി കൂടിയായ നെഫ്യു റിയോ രൂപീകരിച്ച എൻഡിപിപിയുമൊത്ത് ബിജെപി സഖ്യമുണ്ടാക്കിയത്. 27 സീറ്റ് നേടിയ എൻപിഎഫിനൊപ്പം സുരക്ഷിത ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാമെന്ന സാധ്യത തള്ളിയാണു ബിജെപി എൻഡിപിപിയുമായി കൂട്ടുകൂടിയതെന്നതും ശ്രദ്ധേയമായി.

ഫലം വന്നുകൊണ്ടിരിക്കെത്തന്നെ ബിജെപിയുമായി സഖ്യസർക്കാരിനു സമ്മതമാണെന്ന് എൻപിഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചെറുകക്ഷികളുടെ പിന്തുണയോടെ ഭരണം പിടിച്ച് എൻപിഎഫിനെ ഞെട്ടിക്കുകയായിരുന്നു ബിജെപി. നരേന്ദ്ര മോദി സർക്കാർ വന്നശേഷം ഏതു നിയമസഭാ തിരഞ്ഞെടുപ്പിലും ത്രിശങ്കു സഭകൾ വരുന്നിടത്തൊക്കെ ബിജെപി അധികാരം പങ്കിടുകയെന്ന തന്ത്രം ഫലപ്രദമായി നാഗാലാൻഡിലും നടപ്പാക്കുകയായിരുന്നു. 

നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുടെ രണ്ട് എംഎൽഎമാരും ജെഡിയുവിന്റെ ഒരു എംഎൽഎയും എൻപിഎഫിനു പിന്തുണ നൽകുമെന്നാണു തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കിയിരുന്ന ധാരണ. ഇവരിൽ ജെഡിയു എംഎൽഎ കളംമാറി ബിജെപി സഖ്യത്തിലേക്കു ചേർന്നതോടെയാണു ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി അട്ടിമറി സൃഷ്ടിച്ചത്. ഇതിനൊപ്പം ഒരു സ്വതന്ത്രനും ചേർന്നതോടെ നെഫ്യു റിയോ മുഖ്യമന്ത്രിപദത്തിലേക്ക് എളുപ്പം നടന്നുകയറി. 39% വോട്ടു ലഭിച്ചിട്ടും എൻപിഎഫ് അധികാരത്തിൽനിന്നു പുറത്താവുകയും ചെയ്തു. 

അവോൻഗ്ലെൻഡൻ മണ്ഡലത്തിലെ എൻഡിപിപി സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 2019 ഏപ്രില്‍ 11ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. അതിനിടെ ബിജെപിക്ക് ആവേശം പകരുന്ന മറ്റൊരു വാർത്ത കൂടിയെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിപിപി സ്ഥാനാർഥി ടൊക്കേഹോ യെപ്തോമിക്കു പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് എൻപിഎഫിലെ ഏഴ് എംഎൽഎമാരെ പാർട്ടി പുറത്താക്കിയെന്നതാണ് അത്. കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടും ഏഴ് വിമത എംഎൽഎമാരും യെപ്തോമിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതാണ് എൻപിഎഫിനെ ചൊടിപ്പിച്ചത്. 

ബിജെപിക്ക് കർണാടകയിലേറ്റ അടി

2018 മേയിലായിരുന്നു കർണാടകയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ്. 104 സീറ്റിൽ ജയിച്ച ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ഗോവയിലും മണിപ്പുരിലും മേഘാലയയിലുമെല്ലാം ബിജെപി പ്രയോഗിച്ചു വിജയിച്ച തന്ത്രം കോൺഗ്രസ് തിരിച്ചു പ്രയോഗിക്കുന്നതാണു കർണാടകയിൽ കണ്ടത്. 78 സീറ്റു നേടിയ കോൺഗ്രസ് 38 സീറ്റു നേടിയ ജനതാദൾ (എസ്)–ബിഎസ്പി (37+1) സഖ്യത്തിനൊപ്പം ചേർന്നു സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപു തന്നെ സംസ്ഥാനത്തെ കാറ്റെങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നു. ത്രിശങ്കു സഭയുടെ സാധ്യതകളിലേക്കാണ് എക്സിറ്റ് പോളുകളും വിരൽ ചൂണ്ടിയത്. ഭൂരിപക്ഷം കിട്ടാതെ വന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാതിരുന്നാൽ തുടങ്ങി മൂന്നു സാധ്യതകളുടെയും അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനറൽ സെക്രട്ടറി വേണുഗോപാലിന് നേരത്തേ തന്നെ അനുമതി നൽകിയിരുന്നു. ജനതാദളിനെ കൂടെക്കൂട്ടി ‘കീപ്പ് ഔട്ട്’ ബിജെപി എന്നതായിരുന്നു പദ്ധതി. 

Karnataka-Constituency-seats-2014-map

മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യം ഇതിനെ എതിർത്തെങ്കിലും മേയ് 15നു ഫലം വന്നതോടെ തീരുമാനം മാറ്റേണ്ടി വന്നു. സംസ്ഥാനത്തു മൂന്നാം സ്ഥാനത്തിരിക്കേണ്ട പാർട്ടിക്ക് മുഖ്യമന്ത്രിപദം എന്ന മോഹനവാഗ്ദാനം മുന്നിൽവച്ചതോടെ, ദൾ നേതാക്കളായ എച്ച്.ഡി.ദേവെ ഗൗഡയും, കുമാരസ്വാമിയും സമ്മതം മൂളി. 15നു വൈകിട്ട് നാലിനു തന്നെ ദളിനുള്ള പിന്തുണക്കത്തു നൽകാൻ ശ്രമിച്ചെങ്കിലും ഗവർണർക്കു സമയമുണ്ടായിരുന്നില്ല. പിറ്റേന്നു നിയമസഭാകക്ഷി യോഗത്തിനു പിന്നാലെ കോൺഗ്രസ് നേതാക്കൾക്കു കാര്യങ്ങളുടെ ഗതി ബോധ്യപ്പെട്ടു: ഗവർണർ ക്ഷണിക്കുക ബിജെപിയെയായിരിക്കും. രാത്രി സുപ്രീം കോടതിയെ സമീപിക്കുകയാണ് ഏക മാർഗം. സർക്കാരുണ്ടാക്കാൻ യെഡിയൂരപ്പയെ ക്ഷണിച്ചും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമനുവദിച്ചുമുള്ള ഗവർണർ വാജുഭായ് വാലയുടെ നടപടി കോൺഗ്രസും ജെഡിഎസും സംയുക്ത ഹർജിയിൽ കോടതിയിൽ ചോദ്യം ചെയ്തു.

സുപ്രീംകോടതിയിൽ നിയമപരമായി നീങ്ങുന്നതിനിടെ കുതിരക്കച്ചവടത്തിന്റെ സൂചനകളും തെളിഞ്ഞു തുടങ്ങി. അതോടെ കോൺഗ്രസ്, ദൾ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്കു മാറ്റി. കർണാടകയിലെ കോൺഗ്രസിന്റെ കരുത്തൻ ഡി.കെ.ശിവകുമാറിനായിരുന്നു അവിടെ എംഎൽഎമാരുടെ ‘സംരക്ഷണച്ചുമതല’. പക്ഷേ റിസോർട്ടിലെ എംഎൽഎമാർക്കും ബിജെപി ദൂതന്മാരുടെ സന്ദേശം ലഭിച്ചു തുടങ്ങിയതോടെ എല്ലാവരുമായി കൊച്ചിക്കു പോകാൻ തീരുമാനിച്ചു. വിമാനം തയാറാക്കിയപ്പോൾ വിമാനത്താവളത്തിൽനിന്നു യാത്രാനുമതിയില്ല. വിമാനയാത്ര മുടങ്ങിയേക്കുമെന്നു മുന്നിൽ കണ്ടു ബസുകൾ ഏർപ്പാടാക്കിയതു ഗുണമായി.

പുതുച്ചേരിയിലേക്കു പോകുന്നെന്നു പ്രചാരം കൊടുത്തെങ്കിലും പോയതു ഹൈദരാബാദിലേക്ക്. രാത്രി യാത്ര ചെയ്തു ഹൈദരാബാദിലെത്തുന്നതിനിടെ സാമാജികർക്ക് ബിജെപി ക്യാംപിൽനിന്നു വിളി വന്നുകൊണ്ടേയിരുന്നു. അവയെല്ലാം ഒന്നുവിടാതെ റിക്കോർഡു ചെയ്തതു പിന്നീടു ഗുണപ്പെട്ടു. കുതിരക്കച്ചവടത്തിനു ബിജെപി നേതാക്കൾ ശ്രമിക്കുന്നതിനു കോടതിയിൽ തെളിവായി സമർപ്പിച്ചു. യെഡിയൂരപ്പയും മകൻ ബി.വൈ. വിജയേന്ദ്രയും ഉൾപ്പെടെയുള്ളവരുടേതെന്ന് ആരോപിച്ച് കൂറുമാറ്റ പ്രേരണയ്ക്കു തെളിവായി നാല് ഓഡിയോ ക്ലിപ്പുകൾ കോൺഗ്രസ് പുറത്തുവിടുകയും ചെയ്തു. അതിനിടെ സുപ്രീം കോടതി വിധി വന്നു.

ഗവർണറെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പിഴവ് തിരുത്തുക, ആ തിരുത്തൽ അതിരുകടക്കാതെ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക – അതാണു മേയ് 17നും 18നുമായി നാലു മണിക്കൂറിലേറെ വാദം കേട്ടശേഷം സുപ്രീം കോടതി ചെയ്തത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തടയുന്നതു ഗവർണറുടെ അധികാരത്തിലുള്ള കടന്നുകയറ്റമാകുമെന്നു കോടതി വിലയിരുത്തി. ഗവർണർക്കു യെഡിയൂരപ്പ നൽകിയ കത്തുകൾ തർക്കവിഷയമാണെന്നും പിന്നീടു വിശദമായി പരിശോധിക്കാമെന്നും വ്യക്തമാക്കിയ കോടതി, ഹർജിക്കാരുടെ പ്രധാനചോദ്യം എടുത്തുപറഞ്ഞു: 104, 117– ഏതാണു വലിയ സംഖ്യ?

ഭരണഘടനയുടെ 361–ാം വകുപ്പ് ഗവർണറുടെ നടപടികൾക്കു സംരക്ഷണം നൽകുന്നുവെന്നു കേന്ദ്രവും കർണാടക സർക്കാരും വാദിച്ചു. എങ്കിൽത്തന്നെ ഗവർണറുടെയെന്നല്ല, രാഷ്ട്രപതിയുടെയും നടപടികളും തീരുമാനങ്ങളും പുനഃപരിശോധിക്കാൻ സുപ്രീം കോടതിക്കു സാധിക്കുമെന്നു ഹർജിക്കാരും. അതു കോടതി ശരിവച്ചു. തുടർന്നാണ് 15 ദിവസംകൊണ്ടു ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്ന ഗവർണറുടെ തീരുമാനത്തെ ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരുടെ പ്രത്യേക ബെഞ്ച് തിരുത്തിയത്. സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി എത്രയും വേഗം വിശ്വാസ വോട്ടെടുപ്പു വേണമെന്നും കോടതി നിലപാടെടുത്തു. എല്ലാം സുതാര്യമാക്കാൻ ജനങ്ങൾക്കു കാണാനാകും വിധം വോട്ടെടുപ്പു നടപടികളുടെ ലൈവ് സംപ്രേഷണത്തിനും കോടതി നിർദേശം നൽകി.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെ, അധികാരമേറ്റ് 56–ാം മണിക്കൂറിൽ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ രാജിവച്ചു. സർക്കാർ രൂപീകരണത്തിനുള്ള ബിജെപി ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ഗവർണർ ദൾ-കോൺഗ്രസ് സഖ്യത്തെ ക്ഷണിച്ചു. ഇരു പാർട്ടികളുടെയും സംയുക്ത നിയമസഭാകക്ഷി യോഗത്തിനു ശേഷം കുമാരസ്വാമി രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചെങ്കിലും അതിനു മുൻപു തന്നെ തെളിയിക്കുമെന്ന് കുമാരസ്വാമി അറിയിച്ചു. 

വിശ്വാസവോട്ടെടുപ്പ് ദിവസം കോൺഗ്രസ് എംഎൽഎമാരായ പ്രതാപ് ഗൗഡ പാട്ടീലിനെയും ആനന്ദ് സിങ്ങിനെയും കാണാതായെങ്കിലും വൈകിട്ടോടെ ഇരുവരും തിരിച്ചെത്തി. രണ്ടു വട്ടം ബിജെപി എംഎൽഎയും മന്ത്രിയുമായിരുന്ന ആനന്ദ് സിങ് പാർട്ടിയുമായി ഇടഞ്ഞ് 2017 ഫെബ്രുവരിയിലാണു കോൺഗ്രസിൽ ചേർന്നത്. 2008ൽ ബിജെപി എംഎൽഎ ആയിരുന്ന പ്രതാപ് ഗൗഡയാകട്ടെ, 2013ൽ കോൺഗ്രസ് ക്യാംപിലേക്കു മാറിയ വ്യക്തിയാണ്. ഹോട്ടലിൽ തങ്ങുകയായിരുന്ന ഇവരെ ബിജെപി തടഞ്ഞു വച്ചിരിക്കുകയായിരുന്നെന്നായിരുന്നു കോൺഗ്രസ് ആരോപണം. തുടർന്നു പൊലീസ് സംഘത്തോടൊപ്പം കോൺഗ്രസ് നേതാക്കൾ ക്രസന്റ് റോഡിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ എത്തി. വോട്ടെണ്ണൽ ദിവസം മുതൽ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതിരുന്ന ആനന്ദിനോടും പ്രതാപിനോടും സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് പുറപ്പെടുവിച്ചിരുന്നു. ഉച്ചയൂണിന് തൊട്ടു മുൻപ് പ്രതാപ് ഗൗഡ പാട്ടീൽ വൻ പൊലീസ് അകമ്പടിയോടെ സഭയിലെത്തി. ഉച്ചയൂണിനു ശേഷം സഭ ചേരുമ്പോൾ ആനന്ദ് സിങ്ങുമെത്തിയതോടെ അഭ്യൂഹങ്ങൾക്കു പരിസമാപ്തി.

വിശ്വാസവോട്ടെടുപ്പിനൊടുവിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദൾ (എസ്)– കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റു. കർണാടകയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചതു മോദി തനിച്ചാണ്. അവസാന ഘട്ടത്തിൽ പാർട്ടി പിന്നാക്കം പോകുന്നുവെന്നു തോന്നിയപ്പോൾ കൂടുതൽ സമ്മേളനങ്ങളിലൂടെ അദ്ദേഹം കളം തിരിച്ചുപിടിച്ചു. 21 റാലികളിലാണു പ്രധാനമന്ത്രി പങ്കെടുത്തത്. അമിത് ഷായാകട്ടെ, എണ്ണയിട്ട യന്ത്രം പോലെ പാർട്ടി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കി. എന്നാൽ, തോൽവിയിൽനിന്നു വിജയം പിടിച്ചെടുക്കുന്ന തങ്ങളുടെ തന്ത്രം എതിരാളികൾ തിരികെ പ്രയോഗിക്കുമെന്നു മുൻകൂട്ടി കാണാൻ മാത്രം ബിജെപിക്കു കഴിഞ്ഞില്ല.

ജയനഗർ, രാജരാജേശ്വരി നഗർ, രാമനഗർ, ജാംഖണ്ഡി എന്നിവിടങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകളും നടന്നിരുന്നു. ഇതിൽ രാജരാജേശ്വരി നഗറിലും ജയനഗറിലും ജാംഖണ്ഡിയിലും കോൺഗ്രസിനായിരുന്നു ജയം. ഇവിടങ്ങളിലെല്ലാം ജെഡി(എസ്) കോൺഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തു. രാമനഗറിൽ കുമാരസ്വാമിയുടെ ഭാര്യ അനിത ജെഡി(എസ്) സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസ് പിന്തുണയോടെ ജയിച്ചു കയറി. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് എക്സിറ്റ് പോളുകൾ ഭൂരിപക്ഷം പ്രഖ്യാപിച്ചതോടെ കർണാടക രാഷ്ട്രീയത്തിൽ വീണ്ടും ബിജെപി തന്ത്രങ്ങള്‍ തല പൊക്കിക്കഴിഞ്ഞു. ഏതുവിധേനയും ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ്–ദൾ സഖ്യം മറുവശത്ത് നിലയുറപ്പിക്കുന്നതോടെ കർ‘നാടകം’ തുടരുമെന്ന കാര്യം സുവ്യക്തം.

(പരമ്പര 4: ഉൾക്കിടിലമായി കോൺഗ്രസിലെ ഉൾപ്പോര്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA