ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കേ ജനവിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍. മികച്ച വിജയം സ്വന്തമാക്കാനാകുമെന്ന് എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുമ്പോള്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി. ശബരിമല വിഷയം ആരുടെ വോട്ടുബാങ്ക് നിറച്ചെന്നും ചോര്‍ത്തിയെന്നുമുള്ള ചോദ്യത്തിനും നാളെ ഉത്തരമാകും.

തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ കൂടി വിലയിരുത്തലാകുമെന്നതിനാല്‍ വിജയം ഭരണമുന്നണിക്ക് അനിവാര്യം. കഴിഞ്ഞതവണ നേടിയ 8 സീറ്റുകള്‍ നേടാനായാല്‍ പ്രളയവും ശബരിമല വിവാദവുമൊന്നും ജനവിധിയെ ബാധിച്ചില്ലെന്ന് അവകാശപ്പെടാം. അതിനും മുകളിലേക്ക് പോയാല്‍ മുന്നോട്ടുവച്ച നയങ്ങളിലൂന്നിയുള്ള രാഷ്ട്രീയ വിജയമാകും. 5 സീറ്റിനു താഴേക്ക് പോയാല്‍ ശബരിമലയടക്കമുള്ള വിഷയങ്ങളിലെ നിലപാടുകള്‍ മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ചയാകും. ബിജെപി വിജയിച്ചാല്‍ മുന്നണി പ്രതിരോധത്തിലാകും. ശബരിമല തദ്ദേശ തിരഞ്ഞെടുപ്പിലും ചര്‍ച്ചയാകും.

ഒരു മടങ്ങിവരവാണ് ഈ തിരഞ്ഞെടുപ്പിലൂടെ യുഡിഫ് ആഗ്രഹിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാണെന്നും മികച്ച വിജയം നേടാനാകുമെന്നും മുന്നണി നേതൃത്വം കണക്കുകൂട്ടുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തരംഗമാകുമെന്ന പ്രതീക്ഷയുമുണ്ട്. 20 സീറ്റെന്നാണ് അവകാശവാദമെങ്കിലും 18 സീറ്റ് ഉറപ്പാണെന്ന് നേതൃത്വം വിശദീകരിക്കുന്നു. മികച്ച വിജയം നേടിയാല്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാമെന്നും നേതൃത്വം കരുതുന്നു. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാതെ പോകുകയോ പ്രതീക്ഷിച്ച മണ്ഡലങ്ങള്‍ കൈവിടുകയോ ചെയ്താല്‍ മുന്നണിയില്‍ തര്‍ക്കങ്ങളുണ്ടാകാം. മറുവശത്ത് 18 സീറ്റാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നതെങ്കിലും 12 സീറ്റുകളിലാണ് പ്രതീക്ഷ.

ശബരിമല വിഷയത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍വരികയും കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്താല്‍ കേരളം പിടിക്കാനുള്ള ആഗ്രഹത്തിന് വേഗമേറും. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ നേട്ടമുണ്ടാകാം. പരാജയപ്പെട്ടാല്‍ ശബരിമല അടക്കമുള്ള അനുകൂല സാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിയാത്തതെന്തെന്ന കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും.

ശബരിമല വിഷയം ആരുടെ വോട്ടുകള്‍ ചോര്‍ത്തുമെന്ന ആശങ്കയിലാണ് മുന്നണികള്‍. ബിജെപിക്ക് വോട്ടുവിഹിതം കൂടുമെന്ന് ഉറപ്പിക്കുമ്പോള്‍ ആരുടെ വോട്ടാണ് ചോരുന്നതെന്ന ചോദ്യം വരുന്നു. ബിജെപിയിലേക്ക് വോട്ടുകള്‍ ചോരുന്നത് ചില മണ്ഡലങ്ങളില്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുമോയെന്നും നാളെ അറിയാം. ന്യൂനപക്ഷ സമുദായവും എന്‍എസ്എസ് അടക്കമുള്ള സംഘടനകളും സ്വീകരിച്ച നിലപാടുകള്‍ എങ്ങനെ ബാധിക്കുമെന്നറിയാനും ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.

സംസ്ഥാനത്തെ 29 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി 14 കൗണ്ടിങ് ടേബിളുകളാണ് ഓരോയിടത്തുമുള്ളത്. വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. തപാല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. 8 മണിവരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും വോട്ടെണ്ണലില്‍ ഉള്‍പ്പെടുത്തും. കൗണ്ടിങ് ഹാളിലെ എല്ലാ നടപടികളും വിഡിയോയില്‍ പകര്‍ത്തും. വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും വിവിപാറ്റുകളിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com