ADVERTISEMENT

ഭൂരിപക്ഷം  എക്സിറ്റ് പോൾ ഫലങ്ങൾ മാത്രമല്ല, ബിജെപിയുടെ സ്വന്തം കണക്കുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടുത്ത സർക്കാരെന്നാണ് പ്രവചിക്കുന്നത്. അടുത്ത സർക്കാരിന്റെ മുൻഗണനാ പട്ടിക തയ്യാറാക്കാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് വിവിധ മന്ത്രാലയങ്ങൾക്കു നിർദ്ദേശം നൽകിയിരുന്നു. 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനായി പാർലമെന്റ് മന്ദിരത്തിലും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 

പ്രധാനമന്ത്രി സാധ്യതാ പട്ടിക – ബിജെപി,എൻഡിഎ

ബിജെപിക്ക് ഒറ്റയ്ക്കോ നിലവിലെ എൻഡിഎയ്ക്കോ ഭൂരിപക്ഷമെങ്കിൽ മോദി തന്നെ പ്രധാനമന്ത്രിയെന്നതിൽ ഭരണപക്ഷത്ത് തർക്കമില്ല. എൻഡിഎയ്ക്കു പുറത്തുള്ളവരുടെ പിന്തുണയോടെയേ സർക്കാർ രൂപീകരണം സാധിക്കൂ എന്ന സ്ഥിതി ഉണ്ടായാലാണ് മോദിയല്ലാതെ മറ്റാരെങ്കിലും എന്ന ആലോചനയുണ്ടാവുക. എൻഡിഎയ്ക്കു പുറത്തുനിന്ന് പിന്തുണയുമായി കടന്നുവരാവുന്നവരുടെ പട്ടികയിലുള്ളത് നവീൻ പട്നായിക്കും കെ.ചന്ദ്രശേഖര റാവുവും ജഗൻ മോഹൻ റെഡ്ഡിയുമാണ്. യുപിഎ പക്ഷത്തല്ല എന്നതാണ് ഇവർ എൻഡിഎയെ പിന്തുണച്ചേക്കുമെന്ന വിലയിരുത്തലിനു കാരണം. ഒഡീഷയുടെ താൽപര്യം സംരക്ഷിക്കുന്നവർക്കാണ് തന്റെ പിന്തുണയെന്നാണ് നവീൻ പറയുന്നത്. 

ഫെഡറൽ മുന്നണിക്കായി ശ്രമിക്കുന്ന കെസിആറിനും, സിബിഐ കേസുകളുടെ പ്രശ്നമുള്ള ജഗനുമൊക്കെ വേണമെങ്കിൽ എൻഡിഎയെ പിന്തുണയ്ക്കാം. എന്നാൽ, തങ്ങളുടെ സംസ്ഥാനങ്ങളിലെ മുസ്‌ലിം വോട്ട് ഇവർക്ക് ബിജെപി അനുകൂല നിലപാട് എടുക്കുകയെന്നത് എളുപ്പമല്ലാതാക്കുന്നു. ബിജെപിയിൽനിന്നു വലിയ വെല്ലുവിളി നേരിടുന്ന മമതാ ബാനർജിയും എൻഡിഎപക്ഷത്തേക്കു പോകാൻ മടിക്കില്ലെന്ന് ഇടതുപക്ഷം പറയും. എന്നാൽ, കെസിആറിന്റെയും ജഗന്റെയും പ്രശ്നം മമതയുടെയും പ്രശ്നമാണ്. 

പുറത്തുനിന്നു പിന്തുണയ്ക്കുന്നവർ പ്രസക്തരായാൽ, അവർ മോദി വേണ്ട മറ്റാരെങ്കിലും പ്രധാനമന്ത്രിയാവണം എന്നു പറയുമെന്നത് പതിവു വർത്തമാനമാണ്. ഇത്തവണ ആ വർത്തമാനം പറയുന്നവർ, പകരക്കാരായി രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയവരുടെ പേരുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ചിലർ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ പേരും പറയുന്നു. യുപിയിൽ മുഖ്യമന്ത്രിയായ രീതിയിൽ ഡൽഹിയിൽ പ്രധാനമന്ത്രിയാവാൻ യോഗി ആദിത്യനാഥിനു സാധിക്കുമെന്നു കരുതുന്നവരുമുണ്ടാവാമെന്നത് ഊഹമാണ്. രാജ്നാഥിന്റെയും ഗഡ്കരിയുടെയും പേരുകൾ പറയുന്നവർ, ഇരുവരും മണ്ഡലത്തിൽ കടുത്ത  മൽസരം പാർട്ടിയിൽനിന്നുതന്നെ നേരിടുന്നുവെന്നും സൂചിപ്പിക്കുന്നു. 

പ്രധാനമന്ത്രി സാധ്യത – പ്രതിപക്ഷം 

ഇന്നലത്തെ യോഗത്തിലെ കണക്കുവച്ച് പ്രതിപക്ഷത്ത് 22 പാർട്ടികളുണ്ട്. കോൺഗ്രസ്, എൻസിപി, തൃണമൂൽ, ബിഎസ്പി, ടിഡിപി എന്നിവയുടെ അധ്യക്ഷസ്ഥാനത്തുള്ളവർ നിലവിൽ പ്രധാനമന്ത്രി സ്ഥാനാർഥികളും എക്സിറ്റ് പോൾ ഫലങ്ങളെ അവിശ്വസിക്കുന്നവരുമാണ്. 

കോൺഗ്രസിന് രാഹുൽ ഗാന്ധി മാത്രമാണ് നിലവിൽ പ്രധാനമന്ത്രി സ്ഥാനാർഥി. ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞതും പിന്നീട് പാർട്ടിതന്നെ തിരുത്തിയതുമായ സമീപനം അവലംബിക്കാൻ പാർട്ടി തയ്യാറായാൽ മായാവതിക്കും മമതയ്ക്കുമൊക്കെ മുന്നോട്ടുവരാം. 30 സീറ്റെങ്കിലുമുള്ള കക്ഷികൾക്ക് ശബ്ദം കനപ്പിച്ചു സംസാരിക്കാനാവുമെന്നതാണ് ഡൽഹിയിൽ പ്രതിപക്ഷ ക്യാംപിലെ വർത്തമാനം.

ഡൽഹിയിൽ മായാവതി, ലക്നൗവിൽ അഖിലേഷ് എന്നതാണ് ബിഎസ്പി – എസ്പിക്കാർ പറയുന്ന സഹകരണ ഫോർമുല. ഫെഡറൽ മുന്നണിയെന്നു പറഞ്ഞിറങ്ങിയ കെസിആർ പലരോടും സൂചിപ്പിച്ചത് തനിക്കു പ്രധാനമന്ത്രിയാവണമെന്നില്ല, ഉപപ്രധാനമന്ത്രി പദമെങ്കിലും മതിയെന്നാണ്. ദേവെഗൗഡ ഇപ്പോഴും മടിയില്ലാത്ത നേതാവാണ്. ചന്ദ്രബാബു നായിഡുവാണ് ഇപ്പോൾ പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നതും ചർച്ച നടത്തുന്നതും. ഐക്യമുന്നണിയുടെ കാലത്തേതാണ് അദ്ദേഹത്തിനു സഹായകമാകുന്ന മുൻപരിചയം. അപ്പോഴും, ലോക്സഭയിലേക്കു കാര്യമായ തോതിൽ സീറ്റുകൾ ലഭിക്കുമോയെന്ന ആശങ്ക മറച്ചുവച്ചാണ് നായിഡു നീങ്ങുന്നത്. കൂട്ടുകക്ഷി സർക്കാരെങ്കിൽ, കോൺഗ്രസ് പുറത്തുനിന്നു പിന്തുണച്ചാൽ പോര, ഉള്ളിലുണ്ടാവണമെന്നാണ് നായിഡുവിന്റെ നിലപാട്. 

1990കളുടെ രണ്ടാം പകുതിയിലെ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നായിഡു കോൺഗ്രസിനെക്കുറിച്ച് അങ്ങനെ പറയുന്നത്. പ്രധാനമന്ത്രിപദമെടുക്കാൻ രാഹുൽ താൽപര്യപ്പെടാതിരുക്കുക,  ആവശ്യമായ ബലം കോൺഗ്രസിനില്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ പരിഗണിക്കപ്പെടാവുന്നതായി പല പേരുകളും കേൾക്കുന്നുണ്ട്. അതു പറയുന്ന കോൺഗ്രസുകാർ, തൊണ്ണൂറുകളുടെ ആദ്യ പകുതിയെ ചേർത്തുവച്ച് ഇങ്ങനെകൂടി പറയും: വളരെ സജീവമായി  രാഷ്ട്രീയത്തിലുള്ളയാളെ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം മടിക്കും.

പാർട്ടിയുടെ നിയന്ത്രണച്ചരട് കൈപ്പിടിയിലൊതുക്കാൻ  ശ്രമിച്ചേക്കാവുന്നവരെ എന്നും പറയാം. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ ബംഗാൾ ഗവർണർ ഗോപാൽ ഗാന്ധി, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ എന്നിങ്ങനെ പല പേരുകളും കേൾക്കുന്നുണ്ട്. ഇതിൽ ആദ്യത്തെ രണ്ടു പേരുകൾക്കും മുൻ പദവികൾ ഭരണഘടനാപരമായ തടസമല്ല.  എന്നാലും മറ്റു ചില കാരണങ്ങളാൽ അവർ സജീവമായി പരിഗണിക്കപ്പെടില്ല എന്ന വാദവുമുണ്ട്. രഘുറാം രാജൻ ഇടതു–മധ്യ–വലത് സാമ്പത്തിക ആശയങ്ങൾ എങ്ങനെ ഇന്ത്യയ്ക്കായി മികച്ച രീതിയിൽ സംയോജിപ്പിക്കാമെന്ന വാദമാണ് അടുത്തകാലത്തായി മുന്നോട്ടുവയ്ക്കുന്നത്. കോൺഗ്രസിന്റെ നിലവിലെ സമീപനങ്ങളോട് ഒത്തുപോകുന്ന വാദങ്ങളാണ് പലതും.

ബിജെപിക്കും എൻഡിഎയ്ക്കും വ്യക്തമായ ഭൂരിപക്ഷമെങ്കിൽ കൂടുതൽ ചർച്ചകൾ വേണ്ട. അല്ലാത്ത സാഹചര്യമെങ്കിൽ നാളെത്തന്നെ എല്ലാം വ്യക്തമാകണമെന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com