ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത 5 വർഷത്തേക്ക് ഇന്ത്യൻ ഭരണത്തിന്റെ കടിഞ്ഞാൺ പിടിക്കാൻ ആരു വരും? ഭരണത്തുടർച്ചയുമായി നരേന്ദ്ര മോദിക്കു കീഴിൽ ബിജെപിയോ ഭരണമാറ്റത്തിന്റെ കാഹളം മുഴക്കി രാഹുൽ ഗാന്ധിക്കു കീഴിൽ കോൺഗ്രസ്സോ? അതോ പ്രാദേശികക്കരുത്തും മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകളും സമന്വയിപ്പിച്ച് രാജ്യം ഭരിക്കാൻ മൂന്നാമതൊരാൾ എത്തുമോ? ഏഴു ഘട്ടങ്ങളിലായി നടന്ന വിധിയെഴുത്തിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആകാംക്ഷയിലാണ് രാജ്യം.

എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകളുടെ കരുത്തിൽ ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രതീക്ഷ കൈവിടാതെയും അണികൾക്ക് ആത്മവിശ്വാസം പകർന്നും സജീവമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 എന്നിങ്ങനെ ഏഴു ഘട്ടങ്ങളിലായാണ് പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. രാജ്യം ആരു ഭരിക്കും എന്നതിനൊപ്പം 4 സംസ്ഥാനങ്ങളിലെ ജനവിധിയും അറിയാൻ മണിക്കൂറുകൾ മാത്രം. ആന്ധ്രാപ്രദേശ്, അരുണാചല്‍, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും തമിഴ്‌നാട് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടന്നു.

തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതു മുതല്‍ ഏറെ നാടകീയമായ രംഗങ്ങള്‍ക്കാണു പ്രചാരണവേദി സാക്ഷ്യം വഹിച്ചത്. റഫാല്‍ ആരോപണത്തില്‍ തുടങ്ങി, സിഖ് വിരുദ്ധ കലാപവും ബാലാക്കോട്ടും ബൊഫോഴ്‌സ് അഴിമതിയും ഉള്‍പ്പെടെ പ്രചാരണത്തിന് എരിവേറ്റി. പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടുവെന്ന ആരോപണം പലവട്ടം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെത്തന്നെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം പരമോന്നത കോടതിയില്‍ വരെയെത്തി. രണ്ടു മാസത്തോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആകാംക്ഷയുടെ ദിനങ്ങള്‍ക്കു നാളെ ഉത്തരമാകും.

തുടക്കം ഏപ്രില്‍ 11-ന്‌

18 സംസ്ഥാനങ്ങൾ, രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾ, 91 മണ്ഡലങ്ങൾ... പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടിയത് 1279 സ്ഥാനാര്‍ഥികൾ. ഏപ്രിൽ 11നു നടന്ന വോട്ടെടുപ്പിൽ 14 കോടിയിലേറെ വോട്ടർമാർക്കായിരുന്നു സമ്മതിദാനാവകാശം. ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഉത്തരാഖണ്ഡ്, ഒഡീഷ, ബിഹാര്‍. ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, അസം, അരുണാചൽ പ്രദേശ്, മിസോറം, സിക്കിം, ത്രിപുര വെസ്റ്റ്, മണിപ്പുർ, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

രണ്ടാംഘട്ടത്തില്‍ 15 കോടിയിലേറെ വോട്ടര്‍മാര്‍

11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ, ഒരു കേന്ദ്ര ഭരണ പ്രദേശം എന്നിവിടങ്ങളില്‍ ഏപ്രില്‍ 18-നായിരുന്നു രണ്ടാംഘട്ട പോളിങ്‌. 15 കോടിയിലേറെ വോട്ടർമാർ. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജുവൽ ഓറം, സദാനന്ദ ഗൗഡ, പൊൻ രാധാകൃഷ്ണൻ എന്നിവരും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയും ഡിഎംകെയുടെ ദയാനിധി മാരനും എ.രാജയും കനിമൊഴിയും ഉൾപ്പെടെ 1596 സ്ഥാനാർഥികളാണ് ഏപ്രിൽ 18–ന് ജനവിധി തേടിയത്.

കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്‌ലി, രാജ് ബബ്ബാർ, നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, ബിജെപിയുടെ ഹേമമാലിനി, നടി സുമലത, നടൻ പ്രകാശ് രാജ് എന്നിവരും ജനവിധി തേടി.

തമിഴ്നാട്ടിൽ ആകെയുള്ള 39 ലോക്സഭാ സീറ്റുകളിൽ വെല്ലൂരിൽ ഒഴികെ തിരഞ്ഞെടുപ്പ് നടന്നു. ഡിഎംകെ സ്ഥാനാർഥി വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുക്കിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് വെല്ലൂരിൽ വോട്ടെടുപ്പ് റദ്ദാക്കിയത്. ക്രമസമാധാന നില തൃപ്തികരമല്ലാത്തതിനാൽ ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മൂന്നാംഘട്ടമായ ഏപ്രില്‍ 23ലേക്കും മാറ്റി.

11 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെടുപ്പു വിവരങ്ങൾ

തമിഴ്നാട്ടിൽ എൻഡിഎയുടെ ഭാഗമായാണ് അണ്ണാഡിഎംകെ മത്സരിച്ചത്. ബിജെപി, പിഎംകെ, ഡിഎംഡികെ, തമിഴ് മാനില കോൺഗ്രസ് എന്നിവയാണ് സഖ്യകക്ഷികള്‍. സെക്യുലർ പ്രോഗ്രസീവ് അലയൻസ് എന്ന സഖ്യം രൂപീകരിച്ചാണ് ഡിഎംകെയും കോൺഗ്രസും ചേർന്ന് എൻഡിഎയെ നേരിട്ടത്. ഇടതുകക്ഷികളും ഈ സഖ്യത്തിനൊപ്പമാണ്. തെക്കൻ ജില്ലകളിലുൾപ്പെടെ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം ശക്തമായ ത്രികോണ മൽസരത്തിനു കളമൊരുക്കി. നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ പ്രകടനവും ആകാംക്ഷയുണർത്തി. അണ്ണാഡിഎംകെയുടെ തലപ്പത്തു നിന്നും ജയലളിതയും ഡിഎംകെ നേതൃസ്ഥാനത്തു നിന്നു കരുണാനിധിയും വിടപറഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു.

വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ (38):

ആരക്കോണം, ആറണി, ചെന്നൈ സെൻട്രൽ, ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചിദംബരം, കോയമ്പത്തൂർ, ഗൂഡല്ലൂർ, ധർമപുരി, ഡിണ്ടിഗൽ, ഈറോഡ്, കള്ളകുറിച്ചി, കാഞ്ചീപുരം, കന്യാകുമാരി, കാരൂർ, കൃഷ്ണഗിരി, മധുര, മയിലാടുംതുറൈ, നാഗപട്ടണം, നാമക്കൽ, നീലഗിരി, പേരമ്പല്ലൂർ, പൊള്ളാച്ചി, രാമനാഥപുരം, സേലം, ശിവഗംഗ, ശ്രീപെരുമ്പുത്തൂർ, തെങ്കാശി, തഞ്ചാവൂർ, തേനി, തിരുവള്ളൂർ, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, തിരുനൽവേലി, തിരുപ്പുർ, തിരുവണ്ണാമലൈ, വില്ലുപുരം, വിരുദുനഗർ

ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജെഡിയും ബിജെപിയും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ (5): അസ്ക, ബാർഗഢ്, ബൊലാംഗിർ, കന്തമാൽ, സുന്ദർഗഢ്

കർണാടകയിൽ കോൺഗ്രസ്–ജെഡിഎസ് സഖ്യമാണ് ബിജെപിയെ നേരിട്ടത്. തിരഞ്ഞെടുപ്പുഫലത്തിൽ തിരിച്ചടിയുണ്ടായാൽ അതു സംസ്ഥാന മന്ത്രിസഭയെ തന്നെ വീഴ്ത്തുമെന്നതിനാൽ സർവശക്തിയോടെയായിരുന്നു കോൺഗ്രസ്–ജെഡി(എസ്) പ്രചാരണം. ദക്ഷിണേന്ത്യയിലെ നിർണായക സംസ്ഥാനത്തിൽ കരുത്തു തെളിയിച്ചു സീറ്റുകളുടെ എണ്ണം കൂട്ടാനായിരുന്നു ബിജെപി ശ്രമം.

വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ (14): ബാംഗ്ലൂർ സെൻട്രൽ, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സൗത്ത്, ചാമരാജനഗർ, ചിക്കബെല്ലാപുര, ചിത്രദുർഗ, ദക്ഷിണ കന്നഡ, ഹസ്സൻ, കോലാർ, മണ്ഡ്യ, മൈസൂർ, തുംകൂർ, ഉഡുപ്പി, ചിക്ക്മഗളൂർ

വരൾച്ചയും കാർഷിക പ്രശ്നങ്ങളും രൂക്ഷമായ വിദർഭയിലെ മൂന്നും മറാഠ്‌വാഡയിലെ ആറും പശ്ചിമ മഹാരാഷ്ട്രയിലെ ഒന്നും മണ്ഡലങ്ങളിലേക്കാണു മഹാരാഷ്ട്രയിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാൻ(നാന്ദേഡ്), സുശീല്‍ കുമാൻ ഷിൻഡെ (സോലാപ്പുർ) എന്നിവർ ഉൾപ്പെടെ 179 സ്ഥാനാര്‍ഥികൾ ജനവിധി തേടി.  വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ (10): അകോല, അമരാവതി, ബീഡ്, ബുൽധാന, ഹിംഗോലി, ലാത്തുർ, നാന്ദേഡ്, ഒസ്മാനാബാദ്, പർഭാനി, സോലാപുർ

ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ എട്ടു സീറ്റുകളിലേക്ക് ആകെ 85 സ്ഥാനാർഥികൾ മത്സരിച്ചു. 2014ൽ ഈ എട്ടു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു.  വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ (8): ആഗ്ര, അലിഗഢ്, അംറോഹ, ബുലന്ദ്ഷഹർ, ഫത്തേപുർ സിക്രി, ഹത്‌റാസ്, മഥുര, നാഗിന

ജമ്മു കശ്മീരിൽ ശ്രീനഗറിലും ഉദ്ദംപുറിലും നടക്കുന്ന വോട്ടെടുപ്പിനു വൻ സുരക്ഷയാണൊരുക്കിയിരുന്നത്. വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ (2): ശ്രീനഗർ, ഉദ്ദംപുർ

ബംഗാളിൽ മൂന്നിടങ്ങളിലേക്കാണു വോട്ടെടുപ്പ് നടന്നത്. മൂന്നു മണ്ഡലങ്ങളിലെയും 5390 ബൂത്തുകളിൽ 80 ശതമാനം പ്രദേശത്തും കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് പാർട്ടികളാണ് ബംഗാളിൽ മത്സരത്തിനു മുൻനിരയിൽ. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (3): ഡാർജിലിങ്, ജൽപായ്ഗുരി, റായ്ഗഞ്ച്

ബിഹാറിൽ അഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിൽ 68 സ്ഥാനാർഥികളാണു ജനവിധി തേടിയത്. ബിജെപി–ജെഡിയു സഖ്യവും കോൺഗ്രസ്–ആർജെഡി സഖ്യവും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ (5): ഭഗൽപുർ, ഭാംഗ, കിഷൻഗഞ്ച്, കട്ടിഹാർ, പുർണിയ.

അസമിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കൊപ്പം അസം ഗണ പരിഷത് (എജിപി), ബോഡോലാന്‍ഡ് പീപ്പിൾസ് ഫ്രണ്ട്(ബിപിഎഫ്) പാർട്ടികൾ ചേർന്നു സഖ്യം രൂപീകരിച്ചാണു ജനവിധി തേടിയത്. കോൺഗ്രസ്–ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്) സഖ്യമാണ് മറുവശത്ത്. ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിലെ ഉൾപ്പെടെ മണ്ഡലങ്ങളിൽ കനത്ത സുരക്ഷയോടെ നടക്കുന്ന വോട്ടെടുപ്പിൽ 50 സ്ഥാനാർഥികൾ ജനവിധി തേടി. വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ (5): കരിംഗഞ്ച്, മംഗൾദോയ്, നൗഗോങ്, സിൽച്ചാർ, ഓട്ടണോമസ് ഡിസ്ട്രിക്ട് (ദിമ ഹസാവോ, കർബി അങ്‌ലോങ് ജില്ലകൾ)

മണിപ്പൂരിലെ രണ്ടാമത്തെയും അവസാനത്തെയും മണ്ഡലമായ ഇന്നർ മണിപ്പൂരിൽ വോട്ടെടുപ്പ് നടന്നു. മണ്ഡലത്തിലെ 1300 പോളിങ് സ്റ്റേഷനുകളിൽ 76 ഇടത്തും പൂർണമായും വനിതാ ഉദ്യോഗസ്ഥർക്കായിരുന്നു നിയന്ത്രണം. മൂന്നു തവണ എംപിയായ തോക്ചോം മെയ്ന്യയെ മാറ്റി മുൻ ചീഫ് സെക്രട്ടറി ഒ.നബാകിഷോർ സിങ്ങിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ബിജെപിയുടെ ആർ.കെ.രഞ്ജൻ സിങ്ങാണ് പ്രധാന എതിരാളി. സിപിഐയുടെ നാര സിങ്ങും മത്സരിക്കുന്നു.

പുതുച്ചേരിയിലെ ഒരു സീറ്റിൽ നാലു സ്ഥാനാർഥികളാണു പ്രധാനമായും ജനവിധി തേടിയത്–ഡോ.നാരായണസാമി കേശവന്‍ (ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്), എ.ജി.പതിമരാജ് (ബിഎസ്പി), വി.ഇ.വൈത്തിലിംഗം(കോൺഗ്രസ്), കെ.അരുണാചലം (അഖില ഇന്ത്യ മക്കൾ കഴകം). ഓൾ ഇന്ത്യ എൻആർ കോൺഗ്രസിന്റെ ആർ.രാധാകൃഷ്ണനാണ് 2014ൽ ഇവിടെ ജയിച്ചത്. തമിഴ്നാട്ടിലെ 18, ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു.

മൂന്നാം ഘട്ടത്തില്‍ കേരളം ബൂത്തില്‍

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 23-നു മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. ഏഴു ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ മൂന്നാം ഘട്ടത്തിലാണ് പോളിങ് ബൂത്തിലെത്തിയത്. 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18.85 കോടിയിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. രാജ്യത്തെ രണ്ടു പ്രധാന പാർട്ടികളുടെ അധ്യക്ഷന്മാർ വോട്ടുതേടി– വയനാട്ടിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയും ഗാന്ധിനഗറിൽ ബിജെപിയുടെ അമിത് ഷായും. കേരളത്തിലും ഗുജറാത്തിലും ഗോവയിലും മുഴുവൻ ലോക്സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു. രണ്ടാംഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് വോട്ടെടുപ്പും നടന്നു.

കർണാടകയിൽ ശേഷിക്കുന്ന 14 സീറ്റുകളിലേക്കും ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ മൂന്നു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടവും നടന്നു. സുരക്ഷാ കാരണങ്ങളാലാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ അപൂർവ വോട്ടെടുപ്പായി അനന്ത്നാഗിലേതു മാറിയത്. ആകെ 1640 സ്ഥാനാർഥികളാണ് മൂന്നാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടിയത്. ഇതിൽ ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ–371. ദാമൻ, ദിയുവിലാണ് ഏറ്റവും കുറവ്– നാലു പേർ.

ഏറ്റവും കൂടുതൽ വോട്ടർമാരും(4,5,125,680) പോളിങ് സ്റ്റേഷനുകളും (51,709) ഗുജറാത്തിലാണ്. ഗോവയിലാണ് ഏറ്റവും കുറവ് വോട്ടർമാർ–1,135,811. ഏറ്റവും കുറവ് പോളിങ് സ്റ്റേഷനുകൾ ദാമൻ, ദിയുവിലാണ്–152. സമാജ്‌വാദി പാർട്ടിയുടെ മുലായം സിങ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ, ആർജെഡിയിലെ ശരദ് യാദവ്. ജെഎപി–എൽ നേതാവ് പപ്പു യാദവ്, കോൺഗ്രസിന്റെ മല്ലികാർജുൻ ഖർഗെ എന്നീ പ്രമുഖരും ജനവിധി തേടി.

വോട്ടെടുപ്പു നടന്ന മണ്ഡലങ്ങൾ:

കേരളം (20)
കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, പൊന്നാനി, മലപ്പുറം, ആലത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, എറണാകുളം,ആലപ്പുഴ, കോട്ടയം, ഇടുക്കി, മാവേലിക്കര, പത്തനംതിട്ട, ആറ്റിങ്ങൽ, കൊല്ലം, തിരുവനന്തപുരം

ഗോവ (2)
നോർത്ത് ഗോവ, സൗത്ത് ഗോവ

ഗുജറാത്ത് (26)
അഹമ്മദാബാദ് ഈസ്റ്റ്, അഹമ്മദാബാദ് വെസ്റ്റ്, അംറേലി, ആനന്ദ്, ബനസ്കന്ദ, ബർദോലി, ബറൂച്ച്, ഭാവ്നഗർ, ചോട്ടാ ഉദയ്പുർ, ദാഹോദ്, ഗാന്ധിനഗർ, ജാംനഗർ, ജുനഗഢ്, കച്ച്, ഖേഡ, മഹേസന, നവ്സരി, പഞ്ച്മഹൽ, പഠാൻ, പോർബന്തർ, രാജ്ഘോട്ട്, സബർകന്ദ, സൂററ്റ്, സുരേന്ദ്രനഗർ, വഡോദര, വൽസാദ്

അസം (4)
ബർപേട്ട, ധൂബ്രി, ഗൗഹാട്ടി, കോക്രഝാർ

ബിഹാർ (5)
അരേരിയ, ജംജാർപുർ, ഖഗാരിയ, മഥേപുര, സുപൗൽ

ജമ്മു കശ്മീർ (1)
അനന്ത്നാഗ്

കർണാടക (14)
ബാഗൽകോട്ട്, ബെൽഗാം, ബെള്ളാരി, ബീഡർ, ബിജാപുർ, ചിക്കോഡി, ദേവനഗരി, ധാർവാഡ്, ഗുൽബർഗ, ഹാവേരി, കോപ്പാൽ, റായ്ച്ചുർ, ഷിമോഗ, ഉത്തര കന്നഡ

മഹാരാഷ്ട്ര (14)
അഹമ്മദ്നഗർ, ഔറംഗബാദ്, ബരാമതി, ഹട്കനഗ്‌ലെ, ജൽഗാവ്, ജൽന. കോലാപ്പുർ, മാധ. പുണെ, റായ്ഗഢ്, രത്നഗിരി–സിന്ധുദുർഗ, റാവെർ, സംഗ്‌ലി, സത്താറ

ഒഡീഷ (6)
ഭുവനേശ്വർസ കട്ടക്ക്, ധെൻകനാൽ, കിയോഞ്ജർ, പുരി, സംബാൽപുർ

ത്രിപുര (1)
ത്രിപുര ഈസ്റ്റ്

ഉത്തർപ്രദേശ് (10)
അവോൻല, ബദാവുൻ, ബറേയ്‌ലി, എട്ട, ഫിറോസാബാദ്, മെയിൻപുരി. മൊറാദാബാദ്, പിലിബിത്, റാംപുർ, സംഭാൽ

ബംഗാൾ (5)
ബലുൽഘട്ട്, ജാംഗിപുർ, മൽധാഹ ദക്ഷിൺ, മൽധാഹ ഉത്തർ, മുർഷിദാബാദ്

ഛത്തീസ്ഗഡ് (7)
ബിലാസ്പുർ, ദുർഗ്, ജാംഗിരി–ചമ്പ, കോർബ, റായ്ഗഡ്, റായ്പുർ, സർഗുജ

ദാമൻ, ദിയു (1)
ദാമൻ, ദിയു

ദാദ്ര നഗർ, ഹവേലി (1)
ദാദ്ര നഗർ, ഹവേലി

നാലാം ഘട്ടത്തില്‍ 72 മണ്ഡലങ്ങൾ

വിപ്ലവ വീര്യവുമായി ബിഹാറിലെ ബേഗുസരായിയിൽ ജെഎൻയു സമരനായകൻ കനയ്യ കുമാർ, എതിർ സ്ഥാനത്ത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, സെലിബ്രിറ്റി തിളക്കത്തില്‍ മുംബൈ നോർത്തിൽ ബോളിവുഡ് താരം ഊർമിള മാതോംഡ്‌കർ, ഉത്തർപ്രദേശിലെ കനൗജിൽ എസ്പി തലവൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്... ഏപ്രിൽ 29–ന് നാലാം ഘട്ടത്തില്‍ ഇവരെക്കൂടെ 72 മണ്ഡലങ്ങളിലായി ആകെ മത്സരിച്ചത് 961 സ്ഥാനാർഥികൾ; ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്കു കടക്കുമ്പോൾ പോരാട്ടം കടുക്കുകയാണ്. 9 സംസ്ഥാനങ്ങളിലേക്കു നടന്ന നാലാം ഘട്ട തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട വോട്ടെടുപ്പാണ്.

മഹാരാഷ്ട്രയിൽ മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ, പശ്ചിമ, ഉത്തര മഹാരാഷ്ട്രയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ 3.11 കോടി സമ്മതിദായകരാണു വോട്ടു ചെയ്യാനെത്തിയത്. ഒഡീഷയിലെ 41 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പു നടന്നു. ഇവിടെ ആറു ലോക്സഭാ (ആകെയുള്ളത് 21) സീറ്റുകളിലേക്ക് 52 സ്ഥാനാർഥികളും 41 നിയമസഭാ (ആകെ 147) സീറ്റുകളിലേക്ക് 336 പേരുമാണു നാലാം ഘട്ടത്തിൽ മത്സരിച്ചത്.

നാലു ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ തുടക്കവും ഏപ്രിൽ 29–നായിരുന്നു. മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ രണ്ടാം ഘട്ട വോട്ടെടുപ്പാണു നടന്നത്. കുൽഗാം ജില്ലയിലായിരുന്നു വോട്ടെടുപ്പ്.

വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ:

മഹാരാഷ്ട്ര (17)
നന്ദൂർബാർ, ധുളെ, ദിൻഡോരി, നാസിക്, പാൽഘർ, ഭിവണ്ടി, കല്യാൺ, താനെ, മാവൽ, ഷിരൂർ, ഷിർഡി, മുംബൈ നോർത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെൻട്രൽ

ഉത്തർപ്രദേശ് (13)
ഷാജഹാൻപുർ, ഖേരി, ഹർദോയ്, മിസ്‌രിഖ്, ഉന്നാവോ, ഫറൂഖാബാദ്, എത്താവ, കനൗജ്, കാൻപുർ, അക്ബർപുർ, ജലൗൻ, ഝാൻസി, ഹാമിർപുർ

രാജസ്ഥാൻ (13)
ടോംഗ്–സവായ് മധോപുർ, അജ്മേർ, പാലി, ജോധ്പുർ, ബാർമർ, ജലോർ, ഉദയ്പുർ, ബൻസ്വാര, ചിറ്റോർഗഢ്, രാജ്സമന്ദ്, ബിൽവാര, കോട്ട, ജലവാർ–ബാരൻ

ബംഗാൾ (8)
ബഹാറംപുർ, കൃഷ്ണനഗർ, റാണാഘട്ട്, ബർധമാൻ പുർബ, ബർധമാൻ, ദുർഗാപുർ, അസൻസോൾ, ബോൽപുർ, ബിർഭും

മധ്യപ്രദേശ് (6)
സിദ്ധി, ഷാദോൾ, ജബൽപുർ, മാണ്ഡ്‌ല, ബാലാഘട്ട്, ചിന്ദ്വാര

ഒഡീഷ (6)
മയൂർഭഞ്ജ്, ബാലസോർ, ഭഡ്റാക്, ജജ്പുർ, കേന്ദ്രപ്പര, ജഗത്‌സിങ്പുർ

ബിഹാർ (5)
ദർഭാംഗ, ഉജ്യാർപുർ, സമസ്തിപുർ, ബെഗുസരായി, മുംഗേർ

ജാർഖണ്ഡ് (3)
ഛത്ര, ലോഹാർദഗ, പലാമു

ജമ്മു കശ്മീർ (1)
അനന്ത്നാഗ്

വോട്ടെടുപ്പിൽ ‘കുഞ്ഞൻ’ അഞ്ചാം ഘട്ടം; ഗാംഭീര്യം പകർന്ന് രാഹുൽ, സോണിയ, സ്മൃതി

ഏഴു ഘട്ടങ്ങളിലായുള്ള ഇന്ത്യയുടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ‘കുഞ്ഞൻ’– അഞ്ചാം ഘട്ട വോട്ടെടുപ്പിനെ അങ്ങനെ വിശേഷിപ്പിക്കാം. ഏറ്റവും കുറവ് മണ്ഡലങ്ങൾ പങ്കാളികളാകുന്ന വോട്ടെടുപ്പാണ് മേയ് ആറിനു നടന്നത്. ഏഴു സംസ്ഥാനങ്ങളിലായി 51 എണ്ണം. മണ്ഡലങ്ങളുടെ എണ്ണത്തിൽ കുറവാണെങ്കിലും ഗാംഭീര്യത്തിൽ ഒട്ടും കുറവില്ല അഞ്ചാം ഘട്ടത്തിന്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ ഉത്തർ പ്രദേശിലെ റായ് ബറേലി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി നേതാവ് സ്മൃതി ഇറാനിയും നേരിട്ടു പോരാടുന്ന അമേഠി എന്നിവിടങ്ങളിലെ വോട്ടെടുപ്പാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.

മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പും നടന്നു. അനന്ത്നാഗിലെ ഷോപിയാൻ, പുൽവാമ ജില്ലകളിലായിരുന്നു വോട്ടെടുപ്പ്. ബിഹാർ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നു. അഞ്ചാം ഘട്ടത്തിൽ 8.75 കോടിയിലേറെ വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനവിധി തേടിയത് 674 സ്ഥാനാർഥികൾ.

വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ:

ബിഹാർ
ഹജിപുർ(എസ്‌സി), മധുബനി, മുസാഫർപുർ, സരൻ, സിതാമർഹി

ജമ്മു കശ്മീർ
അനന്ത്നാഗ്, ലഡാക്ക്

മധ്യപ്രദേശ്
ബേതുൽ, ദാമോ ഹോഷംഗാബാദ്, ഖജുരാഹോ, രീവ, സത്‌ന, ടിക്കാംഗഡ്

രാജസ്ഥാൻ
അൽവർ, ഭരത്പുർ, ബിക്കാനീർ, ചുരു, ദൗസ, ഗംഗാനഗർ, ജയ്പുർ, ജയ്പുർ റൂറൽ, ജുംജുനു, കരൗലി–ധോൽപുർ, നാഗൗർ, സിക്കാർ

ഉത്തർപ്രദേശ്
അമേഠി, ബഹ്റൈച്ച്, ബാൻഡ, ബറബാൻകി, ധൗരാഹ്റ, ഫൈസാബാദ്, ഫത്തേപുർ, ഗോണ്ട, കൈസർഗഞ്ച്, കൗശാംബി, ലക്നൗ, മോഹൻലാൽഗഞ്ച്, റായ് ബറേലി, സിതാപുർ

ബംഗാൾ
അരംബാഗ്, ബാംഗാവ്, ബരാക്ക്പൊരെസ ഹൂഗ്ലി, ഹൗറ, ശ്രീറാംപുർ, യുലുബേരിയ

ജാർഖണ്ഡ്
ഹസാരിബാഗ്, ഖുൻതി, കോദാർമ, റാഞ്ചി

ആറാം ഘട്ടത്തിൽ 59 മണ്ഡലങ്ങള്‍, 10 കോടി വോട്ടർമാർ

ആറു സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിലുമായി 59 മണ്ഡലങ്ങളിലേക്കാണു മേയ് 19-ന് ആറാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രിമാരായ രാധ മോഹൻ സിങ്, ഹർഷ്‌വർധൻ, മേനക ഗാന്ധി, എസ്പി തലവൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂർ തുടങ്ങിയവരാണ് ജനവിധി തേടിയ പ്രമുഖർ.

ആറാം ഘട്ടത്തിൽ 979 സ്ഥാനാർഥികളാണുണ്ടായിരുന്നത്. വോട്ടെടുപ്പ് നടന്ന 59ൽ 45 മണ്ഡലത്തിലും 2014ൽ ബിജെപിക്കായിരുന്നു വിജയം. തൃണമൂൽ കോൺഗ്രസ് 8, കോൺഗ്രസ് 2, എസ്പി, എൽജെപി ഒന്നു വീതവും സീറ്റ് നേടി. ഉത്തർപ്രദേശിൽ വോട്ടെടുപ്പു നടന്ന 14ൽ 13 മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപിക്കായിരുന്നു. നഷ്ടപ്പെട്ട ഒരേയൊരു സീറ്റ് അസംഗഡ്– അവിടെ ജയം എസ്പിയുടെ മുലായം സിങ് യാദവിനും. പിതാവിന്റെ സിറ്റിങ് സീറ്റിൽ ഇത്തവണ മത്സരിച്ചതാകട്ടെ അഖിലേഷ് യാദവും.

നാലു ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന മധ്യപ്രദേശിൽ മൂന്നാം ഘട്ടമാണ് നടന്നത്. ഭോപാൽ, മൊറീന, ഭിന്ദ് (എസ്‌സി), ഗ്വാളിയർ, ഗുണ, വിദിഷ, രാജ്ഗഢ്, സാഗർ എന്നീ എട്ടു സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂറും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് ഭോപാൽ. ഗുണയിലാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ചത്.

ഡൽഹിയിൽ ഏഴു സീറ്റുകളിലായി 164 പേരാണു മത്സരിച്ചത്. കോൺഗ്രസുമായി എഎപിക്കു സഖ്യത്തിനു സാധിക്കാതെ വന്നതോടെ ബിജെപി ഉൾപ്പെടെ ത്രികോണ മത്സരമാണ് ഡൽഹിയിൽ നടന്നത്. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ബോക്സര്‍ വിജേന്ദർ സിങ്, കേന്ദ്രമന്ത്രി ഹർഷ്‌വർധൻ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എന്നിവരാണ് ഡൽഹിയിലെ പ്രമുഖ സ്ഥാനാർഥികൾ. ചാന്ദ്നി ചൗക്ക്, ഈസ്റ്റ് ഡൽഹി, ന്യൂ ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി എന്നീ സീറ്റുകളിലേക്കാണു വോട്ടെടുപ്പ് നടന്നത്.

ഹരിയാനയിലെ 10 സീറ്റുകളിലേക്കായി നടന്ന വോട്ടെടുപ്പിൽ ആകെ 223 സ്ഥാനാർഥികള്‍ ജനവിധി തേടി. വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ: അംബാല, ഭിവാനി–മഹേന്ദ്രഗഡ്, ഫരിദാബാദ്, ഗുരുഗ്രാം, ഹിസാർ, കർണാൽ, കുരുക്ഷേത്ര, റോത്തക്ക്, സിർസ, സോനിപ്പത്ത്. ബിഹാറിൽ വോട്ടെടുപ്പ് നടന്നത് ഗോപാൽഗഞ്ച്, മഹാരാജ്ഗഞ്ച്, പശ്ചിം ചമ്പാരൻ, പൂർവി ചമ്പാരൻ, ഷിയോഹർ, സിവൻ, വൈശാലി, വാത്മീകി നഗർ എന്നീ മണ്ഡലങ്ങളില്‍. കേന്ദ്രമന്ത്രി രാധ മോഹൻ സിങ് ഉൾപ്പെടെ നാല് സിറ്റിങ് എംപിമാർ മത്സരിച്ചു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ബംഗാളിലെ വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബാങ്കുര, ഝാർഗ്രം, പുരുലിയ, വെസ്റ്റ് മിഡ്നാപുർ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു. ബംഗാളിൽ വോട്ടെടുപ്പ് നടന്നത് ബാങ്കുര, ബിഷ്ണുപുർ, ഘാട്ടൽ, ഝാർഗ്രം, കാന്തി, മേദിനിപുർ, പുരുലിയ, തംലുക്ക് മണ്ഡലങ്ങളില്‍ ജാർഖണ്ഡിൽ വോട്ടെടുപ്പ് നടന്നത് ധൻബാദ്, ഗിരിദി, ജംഷഡ്പുർ, സിങ്ഭും മണ്ഡലങ്ങളിലാണ്. 2014ൽ ഈ നാലു മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം.

മോദി ജനവിധി തേടിയ ഏഴാം ഘട്ടം

വാരാണസിയിൽ നരേന്ദ്ര മോദി ഉള്‍പ്പെടെ 59 മണ്ഡലങ്ങളിലേക്കാണ് മേയ് 23-ന്‌ ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 10.01 കോടിയിലേറെ വോട്ടർമാരാണ് ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിച്ചത്. ബിജെപിയുടെ ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി കിഷൻ കപൂർ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ ഹിമാചലിൽ മത്സരിച്ചു. മുൻ ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂർ ബിജെപി ടിക്കറ്റിലും മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമിന്റെ കൊച്ചുമകൻ ആശ്രയ് ശർമ കോൺഗ്രസ് സ്ഥാനാർഥിയായും ജനവിധി തേടി.

മധ്യപ്രദേശിൽ നിലവിൽ ബിജെപിക്കു കീഴിലുള്ള എട്ടു മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. ഉത്തർപ്രദേശിൽ മോദി ഉൾപ്പെടെ 25 സ്ഥാനാർഥികളാണു മാറ്റുരച്ചത്. വോട്ടെടുപ്പ് നടന്ന 13ൽ 11 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികള്‍ മല്‍സരിച്ചു. പഞ്ചാബിയിൽ ശിരോമണി അകാലിദൾ തലവൻ സുഖ്ബിർ സിങ് ബാദൽ, കേന്ദ്രമന്ത്രിമാരായ ഹർസിമ്രത്ത് കൗർ ബാദൽ, ഹർദീപ് സിങ് പുരി എന്നിവരുൾപ്പെടെ 278 പേർ ജനവിധി തേടി. നടൻ സണ്ണി ഡിയോൾ, പഞ്ചാബ് കോൺഗ്രസ് തലവൻ സുനിൽ ജഖാർ, എഎപിയുടെ പഞ്ചാബ് യൂണിറ്റ് തലവൻ ഭഗ്‌വന്ത് മൻ എന്നിവരും പഞ്ചാബിൽ മത്സരിച്ചു

കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലെ ഒരു സീറ്റിലേക്ക് സിറ്റിങ് എംപി ബിജെപിയുടെ കിരൺഖേറും മുൻ റെയിൽവേ മന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് പവൻ കുമാർ ബൻസലുമാണു മത്സരിച്ചത്. ബംഗാളിലെ ഒൻപതു സീറ്റിലേക്ക് 111 സ്ഥാനാർഥികൾ ജനവിധി തേടി. ബിഹാറിൽ കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, റാം കൃപാൽ യാദവ്, ആർ.കെ.സിങ്. അശ്വിനി കുമാർ തൗബെ എന്നിവരുള്‍പ്പെടെ 157 പേരാണ് അവസാനഘട്ടം ജനവിധി തേടിയത്. രവി ശങ്കറിനെതിരെ പട്ന സാഹിബ് മണ്ഡലത്തിൽ മത്സരിച്ചത് ബിജെപി വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന ശത്രുഘ്നനൻ സിൻഹയാണ്.

ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഷിബു സോറൻ ഉള്‍പ്പെടെ 42 പേർ ജനവിധി തേടി. കേരളത്തിൽ കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലായി കള്ളവോട്ട് സ്ഥിരീകരിച്ച നാലു ബൂത്തുകളിലും വോട്ടെടുപ്പ് നടന്നു. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന പനജിയിലേക്കും, കർണാടകയിലെ കുണ്ടഗോൽ, ചിൻചോലി നിയമസഭാ മണ്ഡലങ്ങളിലും പോളിങ് നടന്നു. തമിഴ്നാട്ടിലെ സൂലൂർ, തിരുപ്പ്രംകുണ്ട്റം, അരവക്കുറിച്ചി, ഒറ്റപ്പീഡാരം(സംവരണം) എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com