sections
MORE

നാലാമങ്കത്തിൽ സമ്പത്തിനും പാർട്ടിക്കും കാലിടറി; ആറ്റിങ്ങലിൽ അട്ടിമറിയുമായി അടൂർ പ്രകാശ്

attingal-lok-sabha-candidates
SHARE

ഇതുവരെ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലാത്തവരെ ഇടത്, വലത് മുന്നണികൾ അണിനിരത്തിയ ആറ്റിങ്ങലിൽ ജയം യുഡിഎഫിന്. മൂന്നുവട്ടം വലിയ ഭൂരിപക്ഷത്തോടെ എംപി ആയ സമ്പത്തിനു നാലാമങ്കത്തിൽ വൻതോൽവി. 38,247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് സിപിഎമ്മിൽനിന്ന് മണ്ഡലം സ്വന്തമാക്കി. അടൂർ പ്രകാശ് 3,80,995 വോട്ടും എ.സമ്പത്ത് 3,42,748 വോട്ടും ശോഭ സുരേന്ദ്രൻ 2,48,081 വോട്ടുമാണു നേടിയത്. അഞ്ചുവട്ടം തുടർച്ചയായി കോന്നി നിയമസഭാ മണ്ഡലത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസം അടൂർ പ്രകാശിൽ പ്രകടമായിരുന്നു. ശോഭ സുരേന്ദ്രൻ എന്ന പടക്കുതിരയെ ബിജെപി രംഗത്തിറക്കിയതോടെ പോരിനു തീ പിടിച്ചു. എംപിയുടെ പ്രവർത്തനവും വികസന പദ്ധതികളും ശബരിമലയുമാണു മുഖ്യചർച്ചയായത്.

എൽഡിഎഫിനു മുൻതൂക്കമുള്ള ചരിത്രമാണ് ആറ്റിങ്ങലിലേത്. ചിറയിൻകീഴും പിന്നെ പേരുമാറി ‘ആറ്റിങ്ങലു’മായി നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം 11 തവണ വിജയക്കൊടി പാറിച്ചു; കോൺഗ്രസ് 5 പ്രാവശ്യവും. നിയമസഭാ സീറ്റുകളിൽ അരുവിക്കര ഒഴികെ ആറും എൽഡിഎഫിനൊപ്പമാണ്. ചിറയിൻകീഴ് ലോക്സഭാ സീറ്റിൽ കോൺഗ്രസ് നേടിയ അഞ്ചു ജയവും തുടർച്ചയായിട്ടായിരുന്നു. കരുത്തനായ ആർ.ശങ്കറിനെ കെ.അനിരുദ്ധൻ മുട്ടുകുത്തിച്ച മണ്ണിൽ രണ്ടുംകൽപിച്ചെത്തിയ വയലാർ രവി 1971ലും ’77ലും വലിയ ഭൂരിപക്ഷം നേടി. എന്നാൽ, 1980ൽ‌ കോൺഗ്രസ് (യു) സ്ഥാനാർഥിയായി സിപിഎം മുന്നണിയിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് (ഐ) സ്ഥാനാർഥി എ.എ.റഹിമിനോടു തോൽക്കുകയും ചെയ്തു.

1984ലും ’89ലും കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനൊപ്പമായിരുന്നു മണ്ഡലം. 1989ൽ തോൽപിച്ചതു സിപിഎമ്മിന്റെ പ്രബല നേതാവ് സുശീല ഗോപാലനെ. 1991ൽ തലേക്കുന്നിലിനെ തോൽപിച്ചു സുശീല ഗോപാലൻ മണ്ഡലം തിരികെപ്പിടിച്ച ശേഷം കോൺഗ്രസ് ജയിച്ചില്ല. മൂന്നു തവണ വീതം വർക്കല രാധാകൃഷ്ണനും എ.സമ്പത്തും വിജയക്കൊടി പാറിച്ചു. കോൺഗ്രസിന്റെ സംഘടനാശക്തി ദുർബലമായതും എൽഡിഎഫ് വിജയങ്ങൾക്കു പിന്നിലെ ഘടകങ്ങളിലൊന്നാണ്. 2014ൽ 3,92,478 വോട്ടു നേടിയാണു സമ്പത്തിന്റെ ഹാട്രിക്; ഭൂരിപക്ഷം 69,378. കോൺഗ്രസിന്റെ ബിന്ദു കൃഷ്ണ 3,23,100 വോട്ടോടെ രണ്ടാമതും ബിജെപിയുടെ എസ്.ഗിരിജാകുമാരി 90,528 വോട്ടുമായി മൂന്നാമതും ഫിനിഷ് ചെയ്തു.

കഴിഞ്ഞ 7 തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ വിജയവും നിയമസഭാ മണ്ഡലങ്ങളിലെ മേൽക്കോയ്മയുമാണ് ആറ്റിങ്ങലിനെ ഇടതിന്റെ ഉറച്ച കോട്ടയാക്കിയത്. കെ.അനിരുദ്ധന്റെ മകനെന്ന വാൽസല്യം സമ്പത്തിന് അധികഗുണമായി. വിളിപ്പുറത്തുള്ള എംപിയെന്ന ജനകീയതയും തുണയാകുമെന്നു കരുതി. മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കാര്യമായ നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലെന്നായിരുന്നു എതിർപക്ഷത്തിന്റെ വാദം. എതിരാളിയുടെ കുത്തകയായിരുന്ന സാമുദായിക വോട്ടുകളിൽ‌ വിള്ളൽ വീഴ്ത്തുകയെന്ന തന്ത്രം അടൂർ പ്രകാശ് വിജയകരമായി നടപ്പാക്കി. ശബരിമല പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ശോഭ സുരേന്ദ്രന്റെ വരവിലൂടെ അണികളെ ഉണർത്താൻ ബിജെപിക്കു കഴിഞ്ഞു.

കേരളം യുഡിഎഫ് അങ്ങെടുത്തു, വിഡിയോ സ്റ്റോറി കാണാം

English Summary: Attingal Lok Sabha Election Result, A Sampath Win, Kerala Result, UDF

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA