ADVERTISEMENT

മോദിയെ പുറത്താക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിനിടെ സ്വന്തം സംസ്ഥാനത്തുനിന്നുപോലും ചന്ദ്രബാബു നായിഡു ആട്ടിയോടിക്കപ്പെട്ടു. ആന്ധ്രപ്രദേശിലെ നിലവിലെ മുഖ്യമന്ത്രിയും ടിഡിപി (തെലുങ്ക് ദേശം പാർട്ടി) നേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ രാഷ്ട്രീയ സാധ്യത പോലും ചോദ്യം ചെയ്യുന്ന തലത്തിലേക്കാണു തിരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശിൽ നടന്നത്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 145 മണ്ഡലങ്ങളുള്ള നിയമസഭയിൽ 80ഓളം സീറ്റുകളിൽ വൈഎസ്ആർ മുന്നേറുകയാണ്. 29 സീറ്റുകളിൽ മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്. 25 ലോക്സഭ മണ്ഡലങ്ങളിൽ 24ഉം വൈഎസ്ആർ കുതിക്കുകയാണ്. 

എൻഡിഎ സർക്കാരിൽ ഘടകകക്ഷിയായിരുന്ന ടിഡിപി 2018 മാർച്ചിലാണ് പിന്തുണ പിൻവലിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാൻ തായാറാകാതെ വന്നതോടെയാണ് എൻഡിഎ വിട്ടത്. കോൺഗ്രസും ടിഡിപിയും ഒറ്റക്ക് മത്സരിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ ഒന്നിക്കാമെന്നുമായിരുന്നു ധാരണ.

ബിജെപിയെ തോൽപ്പിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള  പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം സ്ഥാപിക്കുക എന്ന ലക്ഷ്യമായിരുന്നു നായിഡുവിന്. ഇതിനായി രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തരം കൂടിക്കാഴ്ചകൾ  നടത്തി. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ വിജയിക്കാൻ സാധിച്ചിെല്ലെന്നു മാത്രമല്ല വീണ്ടും എൻഡിഎ തന്നെ അധികാരത്തിലേറുന്ന സ്ഥിതിയുമായി. ഇതിനിടെ സ്വന്തം സംസ്ഥാനത്ത് ദയനീയ പരാജയത്തിലേക്കു കൂപ്പുകുത്തുകയാണ്.

ആന്ധ്രയിലെ ആളിക്കത്തുന്ന കർഷകരോഷം തന്നെയായിരുന്ന ജഗൻമോഹൻ റെഡ്ഡിയുടെ ആയുധം. ആന്ധ്രക്ക് പ്രത്യേക പദവി ഉറപ്പു നൽകിയാണ് പ്രചാരണം നടത്തിയതും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് 670 കോടി രൂപ 67 ലക്ഷം കർഷകർക്കായി ചന്ദ്രബാബു നായിഡു സർക്കാർ  നൽകിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ കോൺഗ്രസും ബിജെപിയും വൈഎസ്ആറിനെ ഒപ്പം നിർത്താനും നീക്കം നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചിരുന്ന ജഗൻമോഹൻ റെഡ്ഡി ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിൽ പുതിയ വീടും ഓഫീസും വരെ നിർമിച്ചിരുന്നു. 

English summary: Chandrababu Naidu expel from power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com