sections
MORE

നരേന്ദ്ര മോദി: കോൺഗ്രസ് തലകുത്തി വീണ വാരിക്കുഴി; അടവും ചുവടും പിഴച്ച് നേതൃത്വം

Narendra Modi, Rahul Gandhi
SHARE

ശത്രുവിന്റെ ശത്രുവും മിത്രങ്ങളുടെ മിത്രവും ഒന്നായതാണ് ഇക്കുറി ജനവിധിയുടെ മൂലക്കല്ല്. ബിജെപിക്കു മാത്രമല്ല, കോൺഗ്രസിനും പറയാനുണ്ടായിരുന്നത് ഒരാളെക്കുറിച്ചായിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ ഉയർത്തിക്കാട്ടിയതും കോൺഗ്രസിന്റെ മുൻകയ്യിൽ പ്രതിപക്ഷം ഇകഴ്‍ത്തിക്കാട്ടിയതും ഒരാളെയായിരുന്നു– നരേന്ദ്ര മോദി. ശത്രുവിന്റെ കൂരമ്പുകളേറ്റുള്ള മുറിവുകൾ ‌രക്തസാക്ഷി പരിവേഷവും മിത്രങ്ങളുടെ തേൻവാക്കുകൾ ധീരനായകത്വവും അദ്ദേഹത്തിനു സമ്മാനിച്ചു. പ്രശംസയോ വിമർശനമോ എന്തായാലും മുഖ്യസ്ഥാനത്തു പ്രതിഷ്ഠിക്കാനാണു‌ മോദി ശ്രമിച്ചത്. ജനമനസ്സിൽ ഇടമുറപ്പിക്കാനുള്ള ബിജെപിയുടെ ഈ തന്ത്രത്തിൽ കൊത്തിപ്പോയതാണു കോൺഗ്രസിനു സംഭവിച്ച വലിയ പിഴവ്.

കോൺഗ്രസിന്റെ രാഹുല്‍ തരംഗവും പ്രിയങ്ക തരംഗവും മോദി തരംഗത്തിനു മുന്നിൽ നിഷ്പ്രഭമായി. മോദിയെ വീഴ്ത്താന്‍ തുനിഞ്ഞിറങ്ങിയ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാർക്ക് അടവു പിഴച്ചിരിക്കുന്നു. 2014ല്‍ നേടിയ 44 സീറ്റുകളില്‍നിന്നു മുന്നോട്ടുപോയി എന്നതു മാത്രമാണ് ആശ്വാസം. സകല ആയുധങ്ങളും പുറത്തെടുത്ത ജീവന്മരണ പോരാട്ടത്തിൽ വലിയ വിജയമാണു പാർട്ടിയും അണികളും പ്രതീക്ഷിച്ചത്. പക്ഷേ, ‘ആയിരം വില്ലൊടിഞ്ഞു, ആവനാഴിയിലമ്പു തീർന്നു’ എന്ന അവസ്ഥയിലായി. കിഴക്കൻ യുപിയുടെ ചുമതലയുമായി പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ സജീവമായതു കോൺഗ്രസിനു മൃതസഞ്ജീവനി ആകേണ്ടതായിരുന്നു. ബിജെപിയെ അങ്കലാപ്പിലാക്കിയെങ്കിലും പ്രിയങ്കയുടെ രംഗപ്രവേശ മുഹൂർത്തം വൈകിപ്പോയി.

അമിത് ഷായുടെ വിമർശനം കേട്ടു കോൺഗ്രസുകാർ എന്നെങ്കിലും മനസ്സാ കയ്യടിച്ചിരിക്കുമോ? മേയ് മൂന്നാംവാരം ഹിമാചൽപ്രദേശിലെ നഹാനിൽ പ്രസംഗിക്കവെ, സർക്കാരിന്റെ ഭരണനേട്ടത്തെ കോൺഗ്രസുമായി ചേർത്തു കളിയാക്കുകയായിരുന്നു ഷായുടെ ഉദ്ദേശ്യം. സൈന്യത്തിനായി മോദി സർക്കാർ ഒആർഒപി (വൺ റാങ്ക് വൺ പെൻഷൻ) നടപ്പാക്കി. ‘വൺ രാഹുൽ, വൺ പ്രിയങ്ക’ എന്നതാണു കോൺഗ്രസിന്റെ ഒആർഒപി– ഷായുടെ കുത്തുവാക്ക്. ശരിയാണ്, മറ്റെല്ലാത്തിനും മുകളിലായിരുന്നു ഇത്തവണ കോൺഗ്രസിനു രാഹുലും പ്രിയങ്കയും. ഒരേ റാങ്കിലല്ലെങ്കിലും ദൃഢചിത്തമായ ഒറ്റമനസ്സുള്ള രണ്ടുപേർ. നടുക്കടലിൽ മുങ്ങിത്താണിരുന്ന കോൺഗ്രസ് കപ്പലിനെ കരയ്ക്കെത്തിക്കാൻ നിയോഗിക്കപ്പെട്ട സഹോദരങ്ങൾ.

രാഹുല്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ഉന്മേഷത്തിലായിരുന്നു കോൺഗ്രസ്. പലതലമുറ നേതാക്കളെ വിഭാഗീയതയുടെ വിഴുപ്പുകളില്ലാതെ ഒരുമിപ്പിച്ചു. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങൾ ദേശീയതലത്തിൽ രാഹുലിന്റെ പ്രഭ കൂട്ടി. മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാജ്യമെങ്ങും ഓടി. 115 പൊതുറാലികൾക്കും യോഗങ്ങൾക്കുമായി 1,23,466 കിലോമീറ്ററിലേറെ ‌സഞ്ചാരം. പലരുമായും കൂട്ടുകെട്ടും സഖ്യവും ചർച്ച ചെയ്തു. പ്രിയങ്കയും സംസ്ഥാനങ്ങളിൽ പ്രസംഗങ്ങളുമായെത്തി. രണ്ടു നേതാക്കളെയും കാണാനും കയ്യടിക്കാനും ജനക്കൂട്ടം ഇരമ്പിയാർത്തു. സമൂഹമാധ്യമങ്ങൾ ഇരുവരെയും താരങ്ങളാക്കി. പക്ഷേ വോട്ടിങ് മെഷീനിൽ ജനം മറിച്ചുകുത്തി.

കോൺഗ്രസ് കാത്തുസൂക്ഷിച്ച ബ്രഹ്മാസ്ത്രമായിരുന്നു പ്രിയങ്ക. തോൽവിയും പരിഹാസവും തീക്കനൽ പാകിയ വഴികളിലൂടെ നടന്നതിന്റെ അനുഭവപ്പൊള്ളലിന്റെ തഴക്കമായിരുന്നു രാഹുൽ. ബിജെപിയെയും സർക്കാരിനെയും ഒരുപോലെ തോളിലേറ്റിയ മോദിയായിരുന്നു ഇരുവരുടെയും എതിരാളി. ജീവിതത്തിലെ എറ്റവും വലിയ പോരാട്ടമായിരുന്നു രാഹുലിന്റേത്. പ്രതിപക്ഷത്തിരുന്നാണു രാഹുൽ പഠിച്ചതും പയറ്റിയതും. രൂക്ഷമായ ആക്രമണ ശൈലിയായിരുന്നു മോദിയുടേത്. ഇടംവലം നോക്കാതെയുള്ള കൂറ്റൻപ്രഹരം. മോദി ഒറ്റയാൾ പട്ടാളമായി വിലസി. ആൾക്കൂട്ടത്തിനുള്ളിൽ ചോദ്യങ്ങളെ നേരിടുമ്പോഴും രാഹുൽ ഉന്നമിട്ടതു മോദിയെ. അങ്ങനെ രാഹുലിന്റെ പ്രസംഗങ്ങളുടെ തലക്കെട്ടിലും മോദി ഇടംനേടി.

മോദിയുടെ വിനാശകരവും നിഷേധാത്മകവും നാണംകെട്ടതുമായ രാഷ്‌ട്രീയത്തിനെതിരെയാണു തന്റെ ശബ്ദമെന്നു പ്രിയങ്ക ആവർത്തിച്ചു. ‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച എന്റെ കുടുംബാംഗങ്ങളെ അപമാനിക്കുന്നു. 5 വർഷം എന്തു ചെയ്തുവെന്നും ഭാവിയിൽ എന്തു ചെയ്യുമെന്നും ജനങ്ങളുടെ മുന്നിൽനിന്നു പറയാൻ ധൈര്യമുണ്ടോ? മോദിയെപ്പോലെ ഭീരുവും കഴിവുകെട്ടവനുമായ മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല. അഴിമതി ഇല്ലാതാക്കുമെന്നാണു മോദി പറഞ്ഞത്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്നെ അഴിമതിക്കാരനാണെന്നു തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. കർഷകരുടെ കടം എഴുതിത്തള്ളാൻ രാഹുൽ പറഞ്ഞപ്പോൾ പണം ഇല്ലെന്നായിരുന്നു മറുപടി’– പ്രിയങ്കയുടെ വാക്കുകളിൽ നിറഞ്ഞതും മോദിവിദ്വേഷമായിരുന്നു.

അജൻഡ നിശ്ചയിക്കുന്നതിലെ അസാമാന്യപാടവമാണു മോദിയുടെ പ്രത്യേകത. കയ്യടിക്കുള്ള വകയും തന്നെ അടിക്കാനുള്ള വടിയും ഒരുപോലെ നൽകുന്നയാൾ. തന്നെയും പാർട്ടിയെയും ഇഴപിരിക്കാനാവാത്തവിധം ഇണക്കിച്ചേർത്തു. മോദി സമം ബിജെപി എന്നൊരു സമവാക്യത്തിലേക്കു പാർട്ടിയെ പരുവപ്പെടുത്താൻ ദേശീയ അധ്യക്ഷനായ കൂട്ടുകാരൻ അമിത് ഷാ ഒപ്പംനിന്നു. വോട്ടർമാരുടെ വൈകാരിക പരിസരങ്ങളെ ഊതിയൂതിക്കത്തിച്ച് മോദിയും സംഘവും വീണ്ടും വോട്ടുറപ്പിച്ചു. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണു മരിച്ചതെന്ന പരാമർശത്തിലൂടെ റഫാൽ വിമാന ഇടപാടിന്റെ പോർമുന തന്നിൽനിന്നു കോൺഗ്രസിലേക്കു തിരിച്ചുവയ്ക്കാനും മോദിക്കായി.

പുൽവാമയിൽ സിആർപിഎഫുകാർക്കു നേരെ ജയ്ഷെ ഭീകരർ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തെ തിരഞ്ഞെടുപ്പിന്റെ അണിയമാക്കി. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്‌ഹറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതു മോദിയിലെ ആഗോളനേതാവിനു സാക്ഷ്യപത്രമെന്നു ബിജെപി കൊട്ടിഘോഷിച്ചു. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം ഭൂരിപക്ഷ ജനതയെ പേടിച്ചുള്ള ഒളിച്ചോട്ടമാണെന്ന് ഉത്തരേന്ത്യയിൽ വർഗീയ പ്രചാരണം അഴിച്ചുവിട്ടു. അയോധ്യ ക്ഷേത്രനിർമാണവും ഹിന്ദുത്വവും ചർച്ചയാക്കി. ഇതിനെല്ലാമുള്ള കോൺഗ്രസിന്റെ മറുപടികൾ മോദിയിലാണു തറച്ചത്.

ഇടതുപക്ഷത്തിന് ഇതെന്തുപറ്റി, വിഡിയോ സ്റ്റോറി കാണാം

ഫ്രാൻസിൽനിന്ന് 126 യുദ്ധ വിമാനങ്ങൾക്കുള്ള യുപിഎ തീരുമാനം റദ്ദാക്കി, 36 എണ്ണത്തിനു കരാർ ഒപ്പിട്ടതു മോദിയാണ്. എച്ച്എഎല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനായിരുന്നു അനുബന്ധ പുറംകരാർ. വിമാനങ്ങളുടെ എണ്ണം കുറയുകയും വില കൂടുകയും ചെയ്തെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മോദി 30,000 കോടി രൂപ കൊള്ളയടിച്ച് അനില്‍ അംബാനിക്കു കൈമാറിയെന്നും രാഹുൽ പറഞ്ഞു. ദേശരക്ഷയും സാങ്കേതിക ന്യായങ്ങളും നിരത്തിയ ബിജെപിയുടെ മറുപടിയിൽ ജനം സംശയിച്ചില്ല. ഫലത്തിൽ ‘ചൗക്കിദാർ ചോർ ഹെ’ (കാവൽക്കാരൻ കള്ളനാണ്) എന്ന കോൺഗ്രസ് മുദ്രാവാക്യത്തെ മോദി തനിക്കനുകൂലമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് എന്ത്?, വിഡിയോ സ്റ്റോറി കാണാം

2014ൽ ഏറ്റവുമധികം തുണച്ച കർഷകരും ഗ്രാമീണരും അസംതൃപ്തരുടെ കൂട്ടത്തിലായതാണു മോദി നേരിട്ട വെല്ലിവിളി. നോട്ടുനിരോധനവും ജിഎസ്ടിയും കാര്യങ്ങൾ സങ്കീർണമാക്കി. വിളകൾക്കു മികച്ച വില കിട്ടാത്തതിലും വരുമാനക്കുറവിലും കർഷകർ കോപാകുലരായി. മിനിമം വേതനം ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി ആയിരുന്നു ഇവരെ കയ്യിലെടുക്കാൻ കോൺഗ്രസിന്റെ തുറപ്പുചീട്ട്. നല്ല രീതിയിൽ സ്വാഗതം ചെയ്യപ്പെട്ടപ്പോഴും എങ്ങനെ നടപ്പാക്കുമെന്നതിനു കൃത്യമായ ഉത്തരമുണ്ടായില്ല. ഇതിനിടയ്ക്കു കർഷകർക്ക് 6000 രൂപ പ്രതിവർഷം നൽകുന്ന ‘പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി’ ആദ്യ രണ്ടു ഗഡു വിതരണം ചെയ്തു മോദി സർക്കാർ ബഹുദൂരം മുന്നിലെത്തി.

കോൺഗ്രസ് സജീവമായിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിലെ ആധിപത്യം ബിജെപിക്കു തന്നെയായിരുന്നു. യുവാക്കളും നവവോട്ടർമാരും ഇത്തവണയും ബിജെപിയിൽ വിശ്വസിച്ചു. അസഹിഷ്ണുത, വർഗീയത, വ്യാജ ദേശീയത, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ ഒട്ടനവധി വിഷയങ്ങൾ കോൺഗ്രസ് ഉന്നയിച്ചു. എന്നാൽ തന്റെ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും വിശദീകരണം നൽകുകയെന്ന ചെറുദൗത്യത്തിലേക്കു കോൺഗ്രസിനെ കെട്ടിയിടുന്നതിൽ മോദി വിജയിച്ചു. ബിജെപി ഒരുക്കിയ വലിയ വാരിക്കുഴിയായിരുന്നു കോൺഗ്രസിനെ സംബന്ധിച്ചു മോദി. തൊടാതെ പോകാനുമാകില്ല, തൊട്ടാൽ വീഴുകയും ചെയ്യും. ഈ വീഴ്ച മറികടക്കാൻ കോൺഗ്രസിന് അത്യധ്വാനം വേണം; മോദിയെന്ന ‘ശത്രുവിഗ്രഹത്തെ’ സംഹരിക്കാൻ വലിയ ആത്മബലവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA