sections
MORE

വൈറസ് മുതൽ റഫാൽ വരെ; ലോക്സഭാ തിരഞ്ഞെടുപ്പിനെ ‘വിധിച്ചത്’ ഇവരാണ്

Bihar Election 2019
SHARE

സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ഫലം പുറത്തുവന്നിരിക്കുന്നു. ആദ്യാവസാനം വീറോടെയാണ് എല്ലാ പാർട്ടികളും കളം നിറഞ്ഞത്. കൊണ്ടും കൊടുത്തും നേതാക്കൾ മുന്നേറിയപ്പോൾ ആവേശത്തിലായി അണികൾ. സംസ്ഥാനങ്ങൾ മാറുന്തോറും വിഷയങ്ങളും മാറി. മണ്ഡലങ്ങളിൽ പ്രാദേശിക പ്രശ്നങ്ങൾക്കായിരുന്നു മുൻതൂക്കം. നടന്നതു ലോക്സഭാ തിരഞ്ഞെടുപ്പായതിനാൽ രാജ്യമാകെ ഒട്ടേറെ പൊതുവിഷയങ്ങളും ചർച്ചയായി.

മിന്നലാക്രമണം മുതൽ കർഷക ആത്മഹത്യ വരെ മനസ്സിലിട്ടാണു വോട്ടർമാർ ബൂത്തിലെത്തിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഭരണനേട്ടങ്ങൾക്കു പ്രാധാന്യം കൊടുത്തപ്പോൾ രാഹുൽ ഗാന്ധിയും കോൺഗ്രസും ഭരണത്തിന്റെ കോട്ടങ്ങളുയർത്തി പ്രതിരോധിച്ചു. സിപിഎമ്മും തൃണമൂലും എഎപിയും തെലുങ്കുദേശവും ഉൾപ്പെടെയുള്ള പാർട്ടികളും തിരഞ്ഞെടുപ്പിനെ സജീവമാക്കി. പലപ്പോഴും നേതാക്കളുടെ വാവിട്ട വാക്കുകൾ വിവാദങ്ങളും നടപടികളും ക്ഷണിച്ചുവരുത്തി.

∙ ദേശീയതയും ഭീകരതയും

ഭരണവിരുദ്ധ തരംഗമുണ്ടെന്ന സൂചന കിട്ടിയതോടെ, രാജ്യത്തെയാകെ പ്രചോദിപ്പിച്ച് ഒപ്പംനിർത്താനുള്ള എളുപ്പവഴിയായി ബിജെപി കണ്ടതു ദേശീയതയാണ്. അഞ്ചുവർഷവും സർക്കാരിനെതിരായ ആരോപണവും വിമർശനവും വന്നപ്പോഴെല്ലാം മോദിയും ബിജെപി നേതാക്കളും പ്രയോഗിച്ച അതേ തന്ത്രം. ദേശീയതയെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ആനയിച്ചാൽ മറ്റു വിഷയങ്ങളെയെല്ലാം അണിയറയിലേക്കു മാറ്റാമെന്നും പാർട്ടി കണക്കുകൂട്ടി.

1990നു ശേഷം ആദ്യമായാണ് ഇത്ര വിപുലമായി ദേശീയതയും ദേശസുരക്ഷയും ഭീകരതയും മുഖ്യചർച്ചാവിഷയമായത്. തിരഞ്ഞെടുപ്പ് അടുത്തവേളയിൽ കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കു നേരെയുണ്ടായ ഭീകരാക്രമണമാണു ചർച്ചകളുടെ കേന്ദ്രം മാറ്റിയത്. കേന്ദ്ര സർക്കാർ പരാജയമാണെന്നു പ്രതിപക്ഷം വിമർശിച്ചു. പുൽവാമ ആക്രമണത്തിന്റെ 12–ാം ദിവസം പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകര ക്യാംപുകൾ തകർക്കപ്പെട്ടു.

Infographics: പാക്ക് വിമാനത്തെ തകർത്ത ഇന്ത്യൻ ആകാശപ്പോര്

കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ചു കൃത്യമായ വിവരങ്ങളുമൊന്നും സർക്കാർ പുറത്തുവിട്ടില്ല. ഇതേച്ചൊല്ലിയുള്ള വിവാദങ്ങൾ‌ തുടരുന്നു. അതേസമയം, ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശേഷി ലോകരാജ്യങ്ങൾ അംഗീകരിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തിന്റെയും സേനയുടെയും കരുത്ത് ഉദ്ഘോഷിച്ചു. ഉറി ഭീകരാക്രമണത്തിനു പിന്നാലെ നടത്തിയ മിന്നലാക്രമണത്തിന്റെ ഗണത്തിലാണു ബാലാക്കോട്ടെ വ്യോമാക്രമണവും സർക്കാർ എണ്ണിയത്. 

ശക്തമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള നേതാവായി മോദിയെ ബിജെപി ഉയർത്തിക്കാട്ടി. ആദ്യഘട്ടത്തിൽ രാജ്യസുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനും സൈന്യത്തിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മോദിയും കൂട്ടരും ശൈലി മാറ്റിയതോടെ പ്രതിപക്ഷം ഒരുവേള നിരായുധരായി. വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ തിരിച്ചുവരവിനെയും ബിജെപി പ്രചാരണായുധമാക്കി. പതുക്കെപ്പതുക്കെയാണു പ്രതിപക്ഷം തിരിച്ചെത്തിയത്.

സൈന്യത്തിന്റെ പേരിൽ വോട്ടു തേടരുതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമൊന്നും പാലിക്കപ്പെട്ടില്ല. സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചു മുൻ ഉദ്യോഗസ്ഥർ രംഗത്തെത്തി. പ്രതിപക്ഷം വിമർശിച്ചാൽ, സൈന്യത്തെ അവഹേളിക്കുന്നു എന്നായിരുന്നു സർക്കാരിന്റെ മറുപടി. പാക്കിസ്ഥാൻ ഭീകരത മാത്രമാണ് ഏകശത്രുവെന്നും ഒന്നിച്ചുനിൽക്കണമെന്നും ബിജെപി പ്രസംഗിച്ചു. ഉത്തരേന്ത്യയിലും ഹിന്ദി ഹൃദയഭൂമിയിലും അടപടലേ അടിതെറ്റാതിരിക്കാൻ ഈ പ്രചാരണം ബിജെപിയെ സഹായിച്ചെന്നു കാണാം.

∙ വർഗീയതയും ധ്രുവീകരണവും

വയനാട്ടിൽ സ്ഥാനാർഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോൾ യുഡിഎഫ് ക്യാംപ് ഉണർന്നു. ആയിരക്കണക്കിനു പ്രവർത്തകർ രാഹുലിനെ അനുഗമിച്ചു. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തോടെ വർഗീയതയേയും അങ്കത്തട്ടിലേക്കു ബിജെപി വലിച്ചിട്ടു. ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലത്തേക്കു രാഹുൽ ഒളിച്ചോടി എന്നായിരുന്നു മോദിയുടെ പരിഹാസം. വയനാട്ടിലെ രാഹുലിന്‍റെ റാലിയിൽ കോൺഗ്രസ് പതാക കണ്ടില്ലെന്നും മോദി പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം കുറെക്കൂടി കടന്നുപോയി. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുന്നു. വയനാട്ടിൽ രാഹുലിനു ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുത്. വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കും– മുസ്‍ലിം ലീഗിനെ ഉന്നമിട്ടു യോഗി പറഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളുയർന്നു. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ബിജെപിക്കെതിരെ രംഗത്തെത്തി. യോഗിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തു.

രാജ്യം ഏറ്റവുമധികം ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞതെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ‘ന്യൂനപക്ഷങ്ങളോടു ചായ്‌വുള്ള സർക്കാർ’ എന്നു യുപിഎയെപ്പറ്റി പ്രചരിപ്പിച്ചത് 2014ൽ ബിജെപിക്കു തുണയായി. ‘ഭൂരിപക്ഷത്തോടു ചായ്‌വുള്ള സർക്കാർ’ എന്ന പ്രതിച്ഛായയായിരുന്നു എൻഡിഎയ്ക്ക്. ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ അവസാനിക്കാത്തതും പാക്കിസ്ഥാനുമായുള്ള നിരന്തര സംഘർഷങ്ങളും ബിജെപിയിലെ ‘ഹിന്ദുത്വവാദികളുടെ’ താൽപര്യാർഥമായിരുന്നെന്നും പറയപ്പെടുന്നു.

ജാതി, മത ഭേദമില്ലാതെ ഏവർക്കും സ്വതന്ത്രമായി ജീവിക്കാവുന്ന രാജ്യമാണിതെന്ന സമത്വചിന്ത പ്രസരിപ്പിക്കാൻ ബിജെപിക്കു സാധിച്ചില്ല. അയോധ്യ ക്ഷേത്രനിർമാണം ചർച്ചയാക്കി ഹിന്ദുവോട്ടുകൾ നേടാനും ശ്രമിച്ചു. ഈ വിഷയങ്ങളിലാണു കോൺഗ്രസ് ബിജെപിയെ പൂട്ടിയത്. മതേതരത്വവും സഹിഷ്ണുതയുമാണു തന്റെയും പാർട്ടിയുടെയും നയമെന്നു രാഹുൽ ആവർത്തിച്ചുപറഞ്ഞു. ആരെയും പുറന്തള്ളുന്നതല്ല, ഏവരെയും ഉൾക്കൊള്ളലാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഓർമിപ്പിച്ചു.

india-lok-sabha-election

അനധികൃത കന്നുകാലി കശാപ്പുകേന്ദ്രങ്ങൾ നിരോധിക്കുമെന്ന വാഗ്ദാനത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി നേട്ടമുണ്ടാക്കിയിരുന്നു. പക്ഷേ, ഗോരക്ഷയുടെ പേരിലുണ്ടായ ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യത്തെ നാണം കെടുത്തി. പശുസംരക്ഷകർ സംശയത്തിന്റെ പേരിൽ തെരുവിൽ ആളുകളെ മർദിച്ചു. ഗോരക്ഷാ ആക്രമണങ്ങൾ കേന്ദ്ര സർക്കാരിനും ബിജെപിക്കും ക്ഷീണമായി. ഹിന്ദിമേഖലയിൽ മൃദുഹിന്ദുത്വത്തെ കോൺഗ്രസ് സ്വീകരിച്ചെങ്കിലും ബിജെപിയെപ്പോലെ ആക്രമണോത്സുകത ഇല്ലായിരുന്നു.

∙ തൊഴിലില്ലായ്മയും ക്ഷേമവും

യുവാക്കൾക്കു നൽകിയ വാഗ്ദാനം ബിജെപിക്കു പാലിക്കാൻ കഴിയാതിരുന്നതോടെ തൊഴിലില്ലായ്മ മുഖ്യചർച്ചയായി. മോദി സർക്കാർ രാജ്യത്തെ വഞ്ചിച്ചെന്നു പ്രതിപക്ഷം വിമർശിച്ചു. നോട്ടുനിരോധനം, ജിഎസ്ടി എന്നിവ നടപ്പാക്കിയതിലൂടെ നിലവിലെ തൊഴിലവസരങ്ങൾ കൂടി സർക്കാർ നശിപ്പിച്ചു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന കണക്കുകളും പ്രതിപക്ഷം ഉയർത്തിക്കാട്ടി. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റവും ഏവരുടെയും നടുവൊടിച്ചിരുന്നു.

ഇപിഎഫ്ഒയിൽ അംഗത്വമുള്ളവരുടെ എണ്ണം കൂടിയതും മുദ്ര പദ്ധതിയിലൂടെ കോടിക്കണക്കിനു രൂപ വായ്പ നൽകിയതുമെല്ലാം പറഞ്ഞായിരുന്നു സർക്കാർ പ്രതിരോധം തീർത്തത്. മേക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയവ വിജയമാണെന്നും അവകാശപ്പെട്ടു. കണക്കുകൾ നിരത്തി പ്രതിപക്ഷം ഇതെല്ലാം ചോദ്യം ചെയ്തു. ഉജ്വല, സ്വച്ഛ് ഭാരത്, പിഎം കിസാൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയവ മോദി സർക്കാരിന്റെ കയ്യൊപ്പുള്ള പദ്ധതികളാണെന്നായിരുന്നു പ്രചാരണം.

∙ അസ്വസ്ഥരായ ഗ്രാമീണർ

2014ൽ മോദിയെ ഏറ്റവുമധികം സഹായിച്ചവരാണു കർഷകരും ഗ്രാമീണരും. അഞ്ചു വർഷത്തെ ഭരണത്തിനിപ്പുറം ഏറ്റവും അസംതൃപ്തരും ഇവരായിരുന്നു. കാർഷിക വിളകൾക്കു മികച്ച വില കിട്ടാത്തതും വരുമാനക്കുറവും കർഷകരുടെ ജീവിതം തകർത്തു. നോട്ടുനിരോധനം കർഷകരെയും സാധാരണക്കാരെയും വലച്ചു. ചെറുകിട വ്യാപാരികളുടെ കണക്കുകൂട്ടലുകൾ ജിഎസ്ടിയും തെറ്റിച്ചു. പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുക എന്ന ബൃഹദ്പദ്ധതിയിലും കർഷകരോഷം ശമിച്ചില്ല.

50 കോടി ആളുകൾക്കു സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ഗ്രാമീണവോട്ട് ലക്ഷ്യമിട്ടായിരുന്നു. ലക്ഷക്കണക്കിനു പേർക്കു വീട്, ശുചിമുറി, വൈദ്യുതി, പാചകവാതകം തുടങ്ങിയവ നൽകിയെന്നു ബിജെപി എംപിമാർ വിശദീകരിച്ചെങ്കിലും ജനം ഗൗനിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മൂന്നു സംസ്ഥാനങ്ങളിൽ കാർഷികകടം എഴുതിത്തള്ളുമെന്ന വാഗ്ദാനം നടപ്പാക്കിയതും കേന്ദ്രത്തിൽ സർക്കാരുണ്ടാക്കിയാൽ നിശ്ചിത വരുമാനം അക്കൗണ്ടിൽ നൽകുന്ന ‘ന്യായ്’ പ്രഖ്യാപനവും കോൺഗ്രസിനെ സ്വീകാര്യമാക്കി.

∙ റഫാലും അഴിമതിയും

നോട്ടുനിരോധനത്തിലും റഫാൽ യുദ്ധവിമാന ഇടപാടിലും അഴിമതി നടന്നെന്ന കോൺഗ്രസ് ആരോപണം ബിജെപിയെ ഉലച്ചു. ‘കാവൽക്കാരൻ കള്ളനാണ് (ചൗക്കിദാർ ചോർ ഹെ)’ എന്ന രാഹുലിന്റെ കളിയാക്കൽ, ‘ഞാനും കാവൽക്കാരൻ (മേ ഭീ ചൗക്കിദാർ)’ എന്ന മോദി പ്രയോഗത്തെ കടത്തിവെട്ടി. റഫാൽ വിമാനവില ഉൾപ്പെടെയുള്ള വിവരങ്ങൾ രാജ്യസുരക്ഷ മറയാക്കി പുറത്തുവിടാത്തത് അഴിമതി വെളിപ്പെടാതിരിക്കാനാണെന്നു കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.

Infographics: എന്താണ് റഫാൽ വിവാദം?

റഫാൽ കരാറിനായി പ്രധാനമന്ത്രിയുടെ ഓഫിസ് അനധികൃതമായി ഇടപെട്ടു. മോദി 30,000 കോടി രൂപ കൊള്ളയടിച്ച് അനില്‍ അംബാനിക്കു കൈമാറി എന്നീ ആരോപണങ്ങളിൽ രാഹുൽ ഉറച്ചുനിന്നു. സാങ്കേതിക ന്യായങ്ങളും ദേശസുരക്ഷയും നിരത്തിയെങ്കിലും ബിജെപിയുടെ മറുപടികൾ വിലപ്പോയില്ല. റഫാലിൽ തന്റെ പേര് കളങ്കപ്പെടുത്തുകയാണു രാഹുലിന്റെ ലക്ഷ്യമെന്നു പറഞ്ഞ മോദി, മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണു മരിച്ചതെന്നു പറഞ്ഞത് അപ്രതീക്ഷിതമായി തിരിച്ചടിച്ചു.

∙ ദലിതരും വനിതകളും നവവോട്ടർമാരും

രോഹിത് വെമുലയുടെ ആത്മഹത്യയോടെ ആളിപ്പടർന്ന ദലിത് രോഷം ബിജെപി സർക്കാരിനെതിരായ വലിയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു. പട്ടികജാതി– പട്ടികവർഗ പീഡനനിരോധന നിയമത്തെച്ചൊല്ലിയും വലിയ സംഘർഷങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. ദലിതരുടെ ഉന്നമനത്തിനായി പല പദ്ധതികളും നടപ്പാക്കി. ആദിവാസി മേഖലകളിൽ വനവാസി കല്യാൺ ആശ്രമം ഊർജിതമാക്കി. അതൊന്നും ദലിതരുടെ സമരത്തീ അണച്ചില്ല.

സ്ത്രീസുരക്ഷ വലിയ തോതിൽ ആശങ്കയായി. ദുരഭിമാന കൊലകളും സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും കുത്തനെ കൂടി. ഗ്രാമീണ സ്ത്രീകളെ സഹായിക്കുന്ന പദ്ധതികൾ എൻഡിഎ കൊണ്ടുവന്നെങ്കിലും പ്രതീക്ഷിച്ചത്ര പ്രയോജനപ്പെട്ടില്ല. യുവാക്കളും കന്നി വോട്ടർമാരും അകമഴിഞ്ഞു പിന്തുണയ്ക്കാതിരുന്നതും ബിജെപിക്കു ഞെട്ടലായി. ശരാശരി ഒന്നര ലക്ഷത്തിലേറെ നവവോട്ടർമാരാണ് ഓരോ മണ്ഡലത്തിലുമുണ്ടായിരുന്നത്.

കൈമെയ് മറന്ന് സൈബർപോര്

വാട്സാപ്പും ഫെയ്സ്ബുക്കും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. ബിജെപിയും കോൺഗ്രസും മറ്റു പാർട്ടികളും സമൂഹമാധ്യമങ്ങളെ സമർഥമായി ഉപയോഗിച്ചു. സമൂഹമാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി കോടികൾ പൊടിച്ചു.

പുതുവോട്ടർമാരെയും ചെറുപ്പക്കാരെയും ആകർഷിക്കാൻ പലവിധ തന്ത്രങ്ങളാണു പാർട്ടികൾ പയറ്റിയത്. അജൻ‌ഡ നിശ്ചയിച്ചും വൈറൽ പോസ്റ്റുകളും വിഡിയോകളും സൃഷ്ടിച്ചും സോഷ്യൽമീഡിയ ഇത്തവണ എക്സ്ഫാക്ടറായി. വോട്ടിനെപ്പോലെ പ്രധാന്യത്തോടെ ലൈക്കും ഷെയറും റിട്വീറ്റും കമന്റും ആളുകൾ എണ്ണി.

∙ മത്സരം കടുപ്പിച്ച് കേരളവും

ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായ വിഷയങ്ങളെല്ലാം തീവ്രതയൊട്ടും ചോരാതെ കേരളവും ഏറ്റെടുത്തു. രാഷ്ട്രീയത്തിനൊപ്പം സ്ഥാനാർഥികളുടെ വ്യക്തിത്വവും ചർച്ചകളിൽ നിറഞ്ഞു. ശബരിമല യുവതീപ്രവേശ വിഷയം, പുതുവോട്ടർമാരിലെ ആവേശം, കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം, പ്രളയം തുടങ്ങിയവ കേരളത്തിന്റെ വിഷയങ്ങളായി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഇടതുപക്ഷവും ബിജെപിയും വിമർശനവിധേയമാക്കി; കോൺഗ്രസിന് അനുകൂല തരംഗവും.

കേന്ദ്രസര്‍ക്കാരിനെതിരെ ന്യൂനപക്ഷത്തെ ഏകോപിപ്പിക്കാനാണു ഇടതുവലതു മുന്നണികൾ ശ്രമിച്ചത്. ശബരിമല വിഷയവും വിശ്വാസവും മുറുകെപ്പിടിച്ചായിരുന്നു ബിജെപി വോട്ടു തേടിയത്. പ്രളയകാല രക്ഷാപ്രവർത്തനം ഉൾപ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് ഇടതുപക്ഷം മുന്നോട്ടുവച്ചത്. മോദിയും രാഹുലും യച്ചൂരിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പലവട്ടം കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയും അണികളെ ആവേശഭരിതരാക്കി.

കാലമിനിയുമുരുളും. കേരളത്തിലും കേന്ദ്രത്തിലും തിരഞ്ഞെടുപ്പ് വരും. അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം?

English summary: Lok Sabha Election India Election News Elections 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA