കേരളത്തിൽ യുഡിഎഫ് തരംഗം; ശബരിമലയിൽ തിരിച്ചടി നേരിട്ട് എൽഡിഎഫ്

Election - Chalakkudy
SHARE

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് ആദ്യ 2 മണിക്കൂറില്‍ 20,000 കഴിഞ്ഞു. മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് വിജയമുറപ്പിച്ചിരുന്ന കാസര്‍കോട്ടും ആലത്തൂരും യുഡിഎഫിനു വലിയ മുന്നേറ്റം സാധ്യമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 2 മണിക്കൂറില്‍ അരക്ഷത്തിലേക്ക് എത്തി. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ വിജയത്തിലേക്കാണു യുഡിഎഫ് അടുക്കുന്നതെന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ന്യൂനപക്ഷ വിഭാഗം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളും എല്‍ഡിഎഫിനു തിരിച്ചടിയായെന്നാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല്‍. എക്സിറ്റ്പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ കുതിപ്പുമായി യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണെങ്കില്‍ ഭരണത്തിലെ പാളിച്ചകളും സമുദായ സംഘടനകളോടുള്ള നിലപാടുമെല്ലാം എല്‍ഡിഎഫിനു പുനഃപരിശോധിക്കേണ്ട സാഹചര്യമാണ്. മുഖ്യമന്ത്രിയുടെ ശബരിമല വിഷയത്തിലെ നിലപാടുകളും വിചാരണയ്ക്കു വിധേയമായേക്കാം.

20 സീറ്റുകളും നേടുമെന്നു പരസ്യമായി അവകാശവാദമുയർത്തിയിരുന്നെങ്കിലും 15 സീറ്റുകളെങ്കിലും നേടാനാകുമെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതിലും മികച്ച വിജയത്തിലേക്കാണ് ഇപ്പോൾ കടക്കുന്നതെന്നാണു സൂചന. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയതോടെയാണു യുഡിഎഫ് പ്രതീക്ഷകള്‍ വര്‍ധിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും സമുദായ സംഘടനകളുമായുള്ള തര്‍ക്കവും യുഡിഎഫിന് അനുകൂലമായെന്നാണു വിലയിരുത്തല്‍.

ശബരിമല വിഷയത്തില്‍ പരസ്യപ്രചാരണത്തിനിറങ്ങേണ്ടെന്ന് ആദ്യം തീരുമാനിച്ച യുഡിഎഫ് പിന്നീടു നിലപാടു തിരുത്തി വിശ്വാസികളുടെ വികാരത്തിനൊപ്പം ചേരുകയായിരുന്നു. വിശ്വാസി സമൂഹത്തിനു പിന്തുണ നല്‍കുന്നതിനോടൊപ്പം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിക്കാനും നേതൃത്വം പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി. പ്രയാര്‍ ഗോപാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാര്‍ സമുദായ സംഘടനകള്‍ക്കെതിരെ നിലപാടു സ്വീകരിച്ചപ്പോള്‍ വിശ്വാസത്തെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ചതിലൂടെ വോട്ട് ബാങ്ക് സംരക്ഷിക്കാനും കൂടുതല്‍ വോട്ട് സമാഹരിക്കാനും യുഡിഎഫിനു കഴിഞ്ഞതായി കരുതാം. വിശ്വാസം സംരക്ഷിക്കണമെന്നു പലതവണ അഭ്യര്‍ഥിച്ചിട്ടും സര്‍ക്കാര്‍ നിലപാടു മാറ്റാന്‍ തയാറായില്ലെന്ന് ആരോപിച്ച എന്‍എസ്എസ് സമദൂര നിലപാടില്‍ മാറ്റമില്ലെന്നും വിശ്വാസം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായ നിലപാടു സ്വീകരിക്കുന്നതു സ്വാഭാവികമാണെന്നും വ്യക്തമാക്കിയിരുന്നു. എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമായെന്നാണു വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും ബിജെപിയുടെ വളര്‍ച്ചയും തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന വിലയിരുത്തല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുണ്ടായെന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനങ്ങളും ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിലെത്തിച്ചു. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിനായി. എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകളില്‍ നല്ലൊരു ശതമാനവും യുഡിഎഫിനു ലഭിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചതോടെ വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളിലെല്ലാം മുന്നേറാന്‍ യുഡിഎഫിനായി. എല്‍ഡിഎഫിന്റെ കോട്ടകള്‍പോലും ഈ വരവില്‍ തകരുന്നുവെന്നാണു സൂചന.

കാസർകോട് പെരിയയിലെ യുവാക്കളുടെ കൊലപാതകവും എല്‍ഡിഎഫിനെതിരെ ജനവികാരം ഉയര്‍ത്തി. കൊലപാതക രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രചാരണം വിജയം കണ്ടെന്നാണു വടക്കന്‍ കേരളത്തിലെ മികച്ച വിജയം തെളിയിക്കുന്നത്.

English Summary: Kerala Election Results 2019, UDF, LDF, BJP, NDA, CPM, CPI, Sabarimala Women Entry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ