വിവാദങ്ങളിൽ വീഴാതെ ഹാട്രിക് നേട്ടം; കോഴിക്കോടിന്റെ സ്വന്തം എം.കെ.രാഘവൻ

M.K. Raghavan
SHARE

ആരോപണങ്ങളിൽ തളരാതിരുന്ന കോൺഗ്രസിന്റെ എം.കെ.രാഘവനു കോഴിക്കോട് ഹാട്രിക് ജയം. ജനകീയരായ എംപിയും എംഎൽഎയും നേർക്കുനേർ പോരാടി ശ്രദ്ധേയമായ മണ്ഡലത്തിൽ ജയം യുഡിഎഫിന്. രാഘവന്റെ ഭൂരിപക്ഷം 85,225 വോട്ട്. ആകെ നേടിയത് 4,93,444 വോട്ട്. എ.പ്രദീപ് കുമാർ 4,08,219 വോട്ടും പ്രകാശ് ബാബു 1,61,216 വോട്ടും സ്വന്തമാക്കി. സിറ്റിങ് എംപി കോൺഗ്രസിന്റെ എം.കെ.രാഘവൻ യുഡിഎഫ് സ്ഥാനാർഥിയായപ്പോൾ, വീഴ്ത്താൻ കോഴിക്കോട് നോർത്ത് എംഎൽഎ എ.പ്രദീപ് കുമാറിനെയാണ് ഇടതുമുന്നണി നിയോഗിച്ചത്. ശബരിമല സമരത്തിൽ ജയിൽവാസം അനുഷ്ഠിച്ച പ്രകാശ് ബാബുവായിരുന്നു എൻഡിഎ സ്ഥാനാർഥി. എംപിയുടെയും എംഎൽഎയുടെയും വികസന നേട്ടങ്ങളാണു മാറ്റുരച്ചത്. മുന്നണികളുടെ സംഘടനാമികവും പരീക്ഷപ്പെട്ടു.

1980 ൽ ഇ.കെ.ഇമ്പിച്ചിബാവയ്ക്കു ശേഷം സിപിഎമ്മിലെ ആർക്കും ഇവിടെ ജയിക്കാനായില്ല. ഇടതു മുന്നണി സ്ഥാനാർഥിയായി എം.പി.വീരേന്ദ്ര കുമാർ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ബാക്കി വർഷങ്ങളിലെല്ലാം മുസ്‍ലിം ലീഗ്, കോൺഗ്രസ് സ്ഥാനാർഥികൾക്കായിരുന്നു ജയം. മണ്ഡല പുനർ നിർണയത്തിനു ശേഷം 2009ൽ പി.എ.മുഹമ്മദ് റിയാസിനെ കളത്തിലിറക്കുമ്പോൾ സിപിഎമ്മിനു പ്രതീക്ഷയുണ്ടായിരുന്നു. 838 വോട്ടുകൾക്കു വിജയം കൈവിട്ടു. റിയാസിന്റെ നാല് അപരന്മാർ 4,843 വോട്ടുകളാണ് അന്നു പിടിച്ചത്. എം.കെ.രാഘവന്റെ രണ്ട് അപരൻമാർ 2772 വോട്ടുകളും.

10 വർഷം താൻ നടത്തിയ വികസനം ജനം മറക്കില്ലെന്നു പറഞ്ഞായിരുന്നു രാഘവന്റെ വോട്ടുപിടിത്തം. സഭയിൽ മുടങ്ങാതെ പങ്കെടുത്തതു മുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചതും എല്ലാ ചർച്ചകളിലും പങ്കെടുത്തിട്ടുള്ളതും വരെ നേട്ടമാണെന്നു യുഡിഎഫും പ്രചരിപ്പിച്ചു. ഒരു ഹിന്ദി ചാനൽ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടതു രാഘവനു ക്ഷീണമായി. ദൃശ്യങ്ങൾ വ്യാജമാണെന്നും ആരോപണം തെളിയിച്ചാൽ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്നും രാഘവൻ പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ്, രാജ്യാന്തര നിലവാരം പുലർത്തുന്ന രാജ്യത്തെ ഏക സർക്കാർ സ്കൂൾ എന്ന നിലയിലേക്കു നടക്കാവ് സ്കൂളിനെ ഉയർത്തിക്കൊണ്ടുവന്നത്. എം.പി.വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ ഒപ്പമുള്ളതും ബലമാകുമെന്ന് എൽഡിഎഫ് കരുതി.

ദുർബലനായ സ്ഥാനാർഥി എന്ന ദുഷ്പേര് മറികടക്കാൻ എൻഡിഎയുടെ പ്രകാശ് ബാബുവിനു സാധിച്ചു. ശബരിമല അക്രമങ്ങളുമായി ബന്ധപ്പെട്ടു ജയിലിലായതോടെ പ്രകാശിനു വീരപരിവേഷം ലഭിച്ചു. നേരത്തെ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ബേപ്പൂരും കുന്നമംഗലവും ഉൾപ്പടെ എലത്തൂർ, ബാലുശേരി, കൊടുവള്ളി, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണു കോഴിക്കോട് ലോക്സഭാ മണ്ഡലം. കോഴിക്കോട് സൗത്ത് ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഇടതു മുന്നണിയാണ്. 2009ൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണു രാഘവൻ പാർലമെന്റിലെത്തിയത്. 2014ൽ രാഘവനു കിട്ടിയത് 3,97,615 വോട്ട്; ഭൂരിപക്ഷം 16,883. സിപിഎമ്മിന്റെ എ.വിജയരാഘവൻ 3,80,732 വോട്ടും ബിജെപിയുടെ സി.കെ.പത്മനാഭൻ 1,15,760 വോട്ടും സ്വന്തമാക്കി.

English Summary: Kozhikode Lok Sabha Election Result, MK Raghavan, Kerala Result, UDF

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA