sections
MORE

കടൽക്ഷോഭങ്ങളെ അതിജീവിച്ച കപ്പിത്താൻ; രാജ്യത്തെ തലയെടുപ്പുള്ള നേതാവായി മോദി

Narendra Modi
SHARE

കാറുംകോളും നിറഞ്ഞ കടലിൽ ആടിയുലഞ്ഞിട്ടും മുങ്ങാതെനിന്ന ഉൾക്കരുത്ത്. കടൽക്ഷോഭങ്ങളെ അദ്ഭുതകരമായി അതിജീവിച്ച കപ്പിത്താൻ. സ്വപ്നങ്ങൾ വിറ്റും മോഹങ്ങൾ നൽകിയും അഞ്ചു വർ‌ഷം സംഭവബഹുലമാക്കിയ പ്രധാനമന്ത്രി. 56 ഇഞ്ച് നെഞ്ചളവിന്റെ അതിമാനുഷ രൂപം. ബിജെപിക്ക് അനുകൂലമായി ഗംഭീര തിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോൾ, തലയെടുപ്പുള്ള നേതാവായി നരേന്ദ്ര മോദി നിവർന്നുനിൽക്കുന്നു. അണികളാൽ ഇത്രയേറെ ആദരിക്കപ്പെടുകയും അതിലേറെ എതിരാളികളാൽ ആക്രമിക്കപ്പെടുകയും ചെയ്തൊരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടോ? 2014 ൽ തരംഗമായിരുന്ന വ്യക്തി, 2019 ൽ എതിർതരംഗത്തിൽ വീഴാതെ പിടിച്ചുനിന്നിരിക്കുന്നു. വിയോജിപ്പുകളും വിമർശനങ്ങളും ഏറെയുണ്ടെങ്കിലും മോദിയുടെ ഈ മിടുക്കിനെ സമ്മതിച്ചേ പറ്റൂ.

ഇങ്ങനെയൊരു പ്രധാനമന്ത്രിയോ എന്നു പറയിപ്പിക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ. എന്നിട്ടോ? നെഗറ്റീവ് പബ്ലിസിറ്റിയും ആത്യന്തികമായി പബ്ലിസിറ്റിയാണെന്നു പഠിപ്പിച്ചു മോദി ചിരിക്കുന്നു. വീറും വൃത്തിയുമാണു മുഖമുദ്ര. വെട്ടിയൊതുക്കിയ വെളുത്ത മുടിയിലും താടിയിലും തേച്ചുമിനുക്കിയ ഉടുപ്പിലും നടപ്പിലും കാണാം കണിശത. പക്ഷേ, അവ്യക്തവും ദുരൂഹവുമായിരുന്നു മോദിയുടെ വ്യക്തിവിവരങ്ങൾ. ചായവിൽപനക്കാരനിൽനിന്നു പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര. അതത്ര എളുപ്പമായിരുന്നില്ല ഈ ഗുജറാത്തുകാരന്. ലക്ഷ്യവും മാർഗവും നിർണയിച്ചതു താൻ തന്നെയാണ് എന്നതായിരിക്കാം ആ മുഖത്തെ ധാർ‌ഷ്ട്യം; അതോ ആത്മവിശ്വാസമോ? ചർച്ചകളുടെ, വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു മോദി. അണികളോ ശത്രുക്കളോ മാത്രമല്ല, മോദി പോലും മോദിയെക്കുറിച്ചു വാചാലനായി!

വാക്കുകളിൽ തീ കോരിയിടും. പറച്ചിലുകളെല്ലാം ഉറക്കെ. എതിരാളിയോട് ഒട്ടും മയമില്ല. ബിജെപിക്കുള്ളിലും പുറത്തും ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന അപൂർവ ‘ക്രൗഡ്പുള്ളർ’. ഇന്ദിര ഗാന്ധിക്കൊപ്പമോ കൂടുതലോ കരുത്തും നെഹ്റുവിനൊപ്പമോ അതിനേക്കാളുമോ നയതന്ത്രജ്ഞതയുമുള്ള പ്രധാനമന്ത്രിയെന്ന വിശേഷണമാണ് ആഗ്രഹിച്ചത്. പക്ഷേ, മോദി ആരെപ്പോലെയുമായില്ല. മോദിയായി തുടർന്നു. നെഹ്റുവിനുശേഷം മുഴുവൻ സമയ മാധ്യമ ഉപദേഷ്ടാവില്ലാതെ കാലാവധി പൂർത്തിയാക്കിയ ആദ്യ പ്രധാനമന്ത്രിയാണു മോദി. അതിന്റെ കോട്ടം മുഴച്ചുനിന്നു. രാജ്യത്തും വിദേശത്തുമായി വൻ ആൾക്കൂട്ടങ്ങളെ വാഗ്ധോരണി കൊണ്ട് ഇളക്കിമറിച്ച മോദി, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ ചൂളി. അഞ്ചു വർഷത്തിനിടെ ഒറ്റ വാർത്താസമ്മേളനം പോലും നടത്തിയില്ല.

ബാലാക്കോട്ട് വ്യോമാക്രമണത്തിൽ, മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന ഇന്ത്യൻ യുദ്ധവിമാനങ്ങളെ പാക്ക് റഡാറുകൾക്കു കണ്ടുപിടിക്കാനാവില്ലെന്ന ആശയം തന്റേതാണെന്ന് അഭിമുഖത്തിൽ പറഞ്ഞതു ട്രോൾമഴയായി. 1987 –88 കാലത്ത് ഡിജിറ്റൽ ക്യാമറയും ഇ മെയിലും ഉപയോഗിച്ചിരുന്നെന്നു പറഞ്ഞതും പരിഹസിക്കപ്പെട്ടു. വീഴ്ചകൾ മറയ്ക്കാനുള്ള തന്ത്രമായിരുന്നോ അബദ്ധങ്ങൾ? ബിജെപിയെ രാജ്യത്തിന്റെ ഭരണത്തിലേക്കു തിരിച്ചെത്തിക്കുക എന്ന ദൗത്യമാണു മോദി 2014 ൽ സ്വന്തംനിലയിൽ ഏറ്റെടുത്തത്. കേവല ഭൂരിപക്ഷവും കടന്നു ബിജെപിയുടെ സീറ്റുനേട്ടം. അതിനുശേഷമാണു മോദി ആദ്യമായി പാർലമെന്റിന്റെ പടി ചവിട്ടിയത്. താൻ തന്നെയാണു പാർട്ടിയെന്നു മോദിയുടെ ശരീരഭാഷ വിളിച്ചോതി. ദേശീയ അധ്യക്ഷൻ അമിത് ഷാ ഒപ്പംനിന്നു.

7 ഘട്ടങ്ങളിലായി 68 ദിവസത്തോളം നീണ്ടതായിരുന്നു 17–ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ബിജെപിക്കും മോദിക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യത്തിലേറെ സമയം. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒരു ദിവസവും തമിഴ്നാട്ടിൽ രണ്ടു ദിവസവും ആയിരുന്നു വോട്ടെടുപ്പ്. ഉത്തരേന്ത്യയിലെ ആവേശപ്രചാരണം നയിച്ചതിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽ എത്താനും മോദിക്കായി. തീവ്രവാദത്തിനെതിരെ കടുത്ത നിലപാട്, ഉറച്ച നയതീരുമാനങ്ങൾ, റോഡ്, റെയിൽവേ, അടിസ്ഥാനസൗകര്യ വികസനരംഗത്തെ പുരോഗതി, ആയുഷ്മാൻ ഭാരത്, എല്ലാവർക്കും പാർപ്പിടം, ഉജ്വല യോജന പദ്ധതികൾ എന്നിവ അനുകൂല ഘടകങ്ങളായി. അമിത് ഷായുടെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടി സംവിധാനം കൂടെനിന്നത് ഊർജമായി.

വർ‌ധിച്ച ഭീകരാക്രമണങ്ങൾ, അശാന്തമായ കശ്മീർ, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, ചെറുകിട വ്യവസായമേഖലയുടെ തകർച്ച, റഫാൽ ഇടപാട്, നോട്ടുനിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്തുണ്ടാക്കിയ തളർച്ച, പെട്രോൾ– ഡീസൽ വിലവർധന, ഭരണത്തിലെ ഏകാധിപത്യ പ്രവണത, അരക്ഷിതരായ ന്യൂനപക്ഷം, സമരപാതയിലായ ദലിതർ തുടങ്ങിയവയായിരുന്നു മോദിക്കുള്ള വെല്ലുവിളികൾ. ‘ഒരുതവണ കൂടി ജയിച്ചാൽ സ്വന്തം പരാജയങ്ങളുടെ പേരിൽ ലോകത്തെ അദ്ദേഹം എങ്ങനെ ശിക്ഷിക്കുമെന്നാലോചിച്ച് ഭയപ്പെടേണ്ടതുണ്ട്’ എന്നു ടൈം മാഗസിൻ കവർ സ്റ്റോറിയിൽ മോദിയെക്കുറിച്ച് അഭിപ്രായപ്പെട്ടു. എന്നാൽ, വെല്ലുവിളികളും വിമർശനങ്ങളുമായിരുന്നു മോദിയുടെ ഇന്ധനം. വീണിടത്തു കിടന്നു വഴിയുണ്ടാക്കാനുള്ള വൈഭവം. ആരോപണങ്ങളെ അനുഗ്രഹമാക്കുന്ന സാമർഥ്യം. ഒരൊറ്റ നേതാവായി മോദിയെയാണു ബിജെപി ആശ്രയിച്ചത്. എന്നാൽ ഒരൊറ്റ അച്ചിൽവാർത്ത പ്രചാരണരീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. ഓരോ സംസ്ഥാനത്തും വിഷയങ്ങളും അവതരണരീതിയും മാറി. ഈശ്വരനാമം ഉച്ചരിച്ചാൽ കള്ളക്കേസ് എടുക്കുന്ന സ്ഥിതിയാണ് എന്നായിരുന്നു കേരളത്തിൽ എത്തിയപ്പോൾ മോദി പ്രസംഗിച്ചത്.

ശബരിമലയെയും വിശ്വാസത്തെയും സജീവമാക്കിയതു മോദിയാണ്. ഇരുമുന്നണികളുടെയും ഭരണം കേരളത്തെ പിന്നോട്ടടിച്ചെന്നും ഇവിടെ അഴിമതിയാണെന്നും ആരോപിച്ചു. വീണ്ടും അധികാരത്തിൽ വന്നാൽ വിശ്വാസ സംരക്ഷണത്തിനായി ഉറച്ച നടപടികളെടുക്കുമെന്നു പ്രഖ്യാപിച്ചു. മറുപടികളുമായി പ്രതിപക്ഷ നേതാക്കൾ നിരന്നതോടെ മോദി പറഞ്ഞതിൽ മാത്രമായി ചർച്ച ചുറ്റിത്തിരിഞ്ഞു. കുംഭമേളയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഫണ്ടിലേക്കു സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ നൽകി. തൊഴിലാളികളുടെ കാലുകൾ കഴുകി ആദരിച്ചു. ഗംഗാ ശുചീകരണത്തിന്റെ വീഴ്ച മറച്ച്, കുംഭമേളയെ വോട്ടുനേടാനുള്ള വേദിയാക്കി. അയോധ്യയും ഹിന്ദുത്വവും യുപിയിലും ഉത്തരേന്ത്യയിലും ആവോളം ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് അവസാന മൂന്നു ഘട്ടങ്ങളിലേക്കു കടക്കുന്നതിനിടെയാണു പാക്ക് ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചുള്ള യുഎൻ നടപടി. അതിന്റെ രാഷ്ട്രീയനേട്ടം പരമാവധി പ്രയോജനപ്പെടുത്താൻ ബിജെപിയും മോദിയും മുന്നിട്ടിറങ്ങി. മോദി സർക്കാരിന്റെ നിരന്തര പരിശ്രമങ്ങളാണു വൻ നയതന്ത്ര വിജയത്തിൽ കലാശിച്ചതെന്നു നേതാക്കൾ പ്രചരിപ്പിച്ചു.

അവസാനഘട്ടത്തിൽ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോദി വിഷയമാക്കി. ‘മിസ്റ്റർ ക്ലീൻ ആയ അദ്ദേഹത്തിന്‍റെ ജീവിതം ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അവസാനിച്ചത്’ എന്നായിരുന്നു പരാമർശം. സിഖ് വിരുദ്ധ കലാപത്തിൽ രാജീവിനു പങ്കുണ്ടെന്നു ബിജെപി ആരോപിച്ചു. വിമാനവാഹിനിക്കപ്പലിൽ രാജീവ് അവധിയാഘോഷിച്ചുവെന്നു കുറ്റപ്പെടുത്തി. പഞ്ചാബ് ആയിരുന്നു മോദിയുടെ ലക്ഷ്യം. കാവൽക്കാരൻ കള്ളനാണ് (ചൗക്കിദാർ ചോർ ഹെ) എന്ന കോൺഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കാൻ ഞാനും കാവൽക്കാരൻ (മേം ഭി ചൗക്കിദാർ) മുദ്രാവാക്യം െകാണ്ടുവന്നു. ട്വിറ്ററിൽ ബിജെപി നേതാക്കളെല്ലാം പേരിനൊപ്പം ചൗക്കിദാർ ചേർത്തു. വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ മണ്ഡലത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ റാം ശങ്കർ പട്ടേലിനെ സാക്ഷിയായി ഒപ്പിടീച്ചു. യുപിയിൽ മുഖ്യ എതിരാളിയായ എസ്പി – ബിഎസ്പി സഖ്യത്തിന്റെ പിന്നാക്ക വോട്ട്ബാങ്കിൽ കണ്ണെറിഞ്ഞ മോദി, ഏറ്റവും പിന്നാക്ക വിഭാഗത്തിൽ ജനിച്ചു വീണവനാണു താനെന്നു പറഞ്ഞു. പ്രതിപക്ഷത്തെപ്പോലെ വോട്ടിനു വേണ്ടി ജാതി രാഷ്ട്രീയം കളിക്കാൻ അറിയില്ലെന്നും രാജ്യത്തെ 130 കോടി ജനങ്ങളാണു തന്റെ കുടുംബമെന്നും വ്യക്തമാക്കി.

പൈലറ്റ് അഭിനന്ദൻ വർധമാനെ തിരിച്ചുതന്നില്ലെങ്കിൽ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്നു താൻ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നൽകിയെന്നും തുടർന്നാണ് അവർ പൈലറ്റിനെ തിരികെയെത്തിച്ചതെന്നും ഗുജറാത്തിലെ റാലിയിൽ പ്രസംഗിച്ചു. ഒന്നുകിൽ താൻ അല്ലെങ്കിൽ ഭീകരർ– പ്രധാനമന്ത്രിക്കസേര നിലനിന്നാലും ഇല്ലെങ്കിലും ഇതാണു നിലപാടെന്നും വിശദീകരിച്ചു. ബംഗാളിൽ ആക്രമണത്തിനു ശക്തി കൂടുതലായിരുന്നു. എന്നാൽ നടൻ അക്ഷയ്കുമാറുമായുള്ള അഭിമുഖത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എല്ലാവർഷവും കുർത്തയും മധുരപലഹാരങ്ങളും സമ്മാനിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി ദീദിയെ മയപ്പെടുത്താനും മോദി ശ്രമിച്ചു. സൈനിക നടപടികളുടെ നേട്ടം രാഷ്ട്രീയ നേതാക്കൾ സ്വന്തമാക്കുന്നതിനെതിരെ മുതിർന്ന സേനാംഗങ്ങൾ രാഷ്ട്രപതിക്കു കത്ത് നൽകി.

എൽ.കെ.അഡ്വാനിക്കും മുരളീമനോഹർ ജോഷിക്കും പ്രായപരിധി പറഞ്ഞു സീറ്റ് നൽകാതിരുന്നതു പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടാക്കി. യശ്വന്ത് സിൻഹയും പാളയം മാറിയ ശത്രുഘ്നൻ സിൻഹയും ശത്രുക്കളായി. മോദിയെ പെരുംനുണയൻ എന്നാണ് എംഎൻഎസ് നേതാവ് രാജ് താക്കറെ വിശേഷിപ്പിച്ചത്. പക്ഷേ പാളയത്തിലെ പടയെ അടിച്ചമർത്താനും മോദിക്കായി. ബഹിരാകാശത്തുള്ള ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ചു തകർക്കാനുള്ള ഉപഗ്രഹവേധ മിസൈൽ പരീക്ഷണം ‘മിഷൻ ശക്തി’ വിജയിച്ചതായി മോദി രാഷ്ട്രത്തോടു നടത്തിയ പ്രഖ്യാപനവും രാജ്യത്തെ 12 കോടി കർഷകർക്ക് പ്രതിവർഷം 6000 രൂപ 3 ഗഡുക്കളായി വിതരണം ചെയ്യാനായി 75,000 കോടി രൂപയുടെ ധനസഹായ പദ്ധതിയും മോദിയുടെ വിശ്വാസ്യതയും പ്രതിച്ഛായയും വർധിപ്പിച്ചു.

സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റികളുമായി നടത്തിയ ഇടപെടൽ വഴിയാണു മോദി പൊതുജനശ്രദ്ധ നേടിയതും താരമായതും. പ്രധാനമന്ത്രി ആയതോടെ പ്രാദേശിക ഭാഷകളിലെ താരങ്ങളെ പിന്തുടർന്നു. ആശംസാ ട്വീറ്റുകളിലൂടെ താരങ്ങളുടെ ആരാധകരെ മോദി പകുത്തെടുത്തു. കുട്ടികളുമായും യുവാക്കളുമായും അടുത്തുനിൽക്കാനും സമയം കണ്ടെത്തി. 142 പൊതുറാലികളിലാണു മോദി പ്രസംഗിച്ചത്. താണ്ടിയത് ഒന്നര ലക്ഷം കിലോമീറ്റർ. തോൽവി ഭയന്നിട്ടാണെന്നു വിമർശിക്കാമെങ്കിലും വിശ്രമിക്കാനില്ലെന്നായിരുന്നു നിലപാട്. ജനാധിപത്യത്തെ മോദി അപകടത്തിലാക്കിയെന്നു വിലപിച്ചപ്പോഴും വിശാലസഖ്യം വർത്തമാനത്തിൽ മാത്രമായി. എതിരാളികളുടെ മുറിവ് നീറ്റിയാണു മോദി പടനിലമൊരുക്കിയത്. ജയിച്ചാലും തോറ്റാലും ഭാരം തന്റെ തലയിൽ. ഒരിക്കൽ മാത്രമുള്ള അദ്ഭുതമല്ല, ആവർത്തിക്കുന്ന പ്രതിഭാസമാണു താനെന്നു മോദി തെളിയിച്ചിരിക്കുന്നു.

English Summary: PM Narendra Modi stuns opposition with 'massive' election win, Lok Sabha Election 2019 Results

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA