ADVERTISEMENT

കൊൽക്കത്ത ∙ യുപിയിലെ വലുതല്ലാത്ത നഷ്ടം നികത്താൻ ബംഗാളിനെയാണ് ബിജെപി പ്രധാനമായി ആശ്രയിച്ചത്. സംസ്ഥാനത്ത് 23 സീറ്റ് നേടണമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ സംസ്ഥാന ഘടകത്തോടു നിർദ്ദേശിച്ചത്, 15 സീറ്റെങ്കിലും പിടിക്കാമെന്ന് ആർഎസ്എസ് വിലയിരുത്തി. രണ്ടിനുമിടയ്ക്കാണ് ഇപ്പോൾ ബിജെപി എത്തിനിൽക്കുന്നത്. 

Bengal-lok-sabha-election-2014-results-infographic-map-MAL

ഇത്രകണ്ടു ബിജെപിക്കു കടന്നുകയറാനാവുമെന്ന് തൃണമൂൽ കരുതിയില്ല. തരംഗമുണ്ടായാലും പരമാവധി 12 സീറ്റേ ബിജെപി പിടിക്കൂ എന്നാണ് മമതയുടെ പാർട്ടിക്കാർ കണക്കാക്കിയത്. ആ കണക്കു തെറ്റി. ലോക്സഭയിലേക്കുള്ള നേട്ടം, നിയമസഭയിലും ആവർത്തിക്കുക, സംസ്ഥാന ഭരണം പിടിക്കുക – അതാണ് ബംഗാളിൽ ഇനി ബിജെപിയുടെ ലക്ഷ്യം.

അതിനുള്ള നടപടികൾക്ക് ആർഎസ്എസ് നേതാക്കൾ ചുക്കാൻ പിടിക്കുന്നു. പൗരമാരുടെ ദേശീയ റജിസ്റ്റർ, ദേശീയ പരൗത്വ ബിൽ തുടങ്ങിയവ ബംഗാളിലും പ്രയോഗിക്കാനുള്ളതാണ്. ബംഗാളിന്റെ പ്രമുഖ ആത്മീയ മുഖങ്ങളായ സ്വാമി വിവേകാനന്ദനെയും ശ്രീ അരബിന്ദോയെയും തങ്ങളുടെ ആശയസംഹിതയുടെകൂടി വക്താക്കളായി അവതിരിപ്പിച്ചും ഹൈന്ദവ സാംസ്കാരിക സ്വത്വത്തിന് ഊന്നൽ നൽകിയും ഇനിയും പാർട്ടിയെ വളർത്താമെന്നാണ് ബിജെപി കരുതുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് എന്ത്?, വിഡിയോ സ്റ്റോറി കാണാം

സംസ്ഥാനത്തെ 28 സീറ്റിലെങ്കിലും മുസ്‌ലിം വോട്ടുകൾ നിർണായകമാണ് എന്നതാണ് മമതയ്ക്കുണ്ടായിരുന്ന ആത്മവിശ്വാസം. അതുകൊണ്ടുതന്നെ, മുസ്‌ലിം പ്രീണനമാണ് മമതയ്ക്കെതിരെ ഉന്നയിക്കപ്പെട്ട വലിയ ആരോപണം. അതു മറികടന്ന് സാമുദായിക പ്രീണന സന്തുലനത്തിനു മമത നടത്തിയ ശ്രമങ്ങൾ വിജയിച്ചതുമില്ല. അത് ബിജെപി മുതലാക്കി. പ്രതിപക്ഷത്തുനിന്നു കോൺഗ്രസിനെയും ഇടതിനെയും പൂർണമായി ഒഴിവാക്കിയത് തിരിച്ചടിയായെന്ന് തൃണമൂൽ ഇപ്പോൾ സമ്മതിക്കും. ഒഴിവായ ഇടം ബിജെപി പിടിച്ചു. ഇടതുപക്ഷത്തുനിന്നുൾപ്പെടെ ബിജെപിക്കു വലിയ തോതിൽ വോട്ട് ലഭിച്ചു. 

2014ൽ ഹിന്ദി ഹൃദയഭൂമിയിലെ 225 സീറ്റുകളിൽ ബിജെപി നേടിയത് 190 എണ്ണം. അന്ന് ബംഗാളിൽനിന്ന് ലഭിച്ചതാകട്ടെ, 42 സീറ്റുകളിൽ 2 എണ്ണവും. ഇത്തവണ ഭരണം നിലനിർത്തണമെങ്കിൽ ബിജെപിയെ ഹിന്ദി ഹൃദയഭൂമി തുണയ്ക്കണമെന്ന് വ്യക്തമായി അവർ മനസ്സിലാക്കി. എന്നാൽ നോട്ട് നിരോധനം, ജിഎസ്ടി, കാർഷിക രംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവ മുഖ്യധാരയിൽ നിൽക്കുമ്പോൾ ഹിന്ദുത്വ അജൻഡ മുറുകെപ്പിടിച്ചു മാത്രം യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 225 സീറ്റുകളിൽ എത്രത്തോളം പിടിച്ചെടുക്കാനാകും എന്ന സംശയം പാർട്ടിക്കുള്ളിൽത്തന്നെ ഉടലെടുത്തു. കുറഞ്ഞത് 75 മുതൽ 100 സീറ്റുവരെ ഇവിടങ്ങളിൽ കുറഞ്ഞേക്കാമെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽനിന്നും രാഷ്ട്രീയ നിരീക്ഷകരിൽനിന്നും പുറത്തുവന്നിരുന്നു. അതുകൊണ്ട് ഹിന്ദിമേഖലയെ മാത്രം ആശ്രയിക്കാനാവില്ല എന്ന സ്ഥിതിയുണ്ടായി. 42 സീറ്റുള്ള ബംഗാളിനെ അവർ ലക്ഷ്യമിട്ടതിനു പിന്നിൽ ഈ ഒരൊറ്റക്കാരണമേ ഉള്ളൂ.    

Bengal-lok-sabha-election-infographic-PNG

മമത വിരുദ്ധ വോട്ടുകൾ ഒന്നിപ്പിച്ചു; ചാക്കിട്ടു പിടിത്തം പ്രധാനം

ബിജെപിയുടെ ‘കിഴക്കുനോക്കി നയ’ത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം 42 സീറ്റുള്ള ബംഗാളാണ്. നിലവിൽ 2 സീറ്റുള്ള ബിജെപിക്ക് ഇതിൽ എത്ര സീറ്റുകൾ വർധിപ്പിക്കാനാകുമെന്നതാണു ചോദ്യം. പകുതി സീറ്റുകളിലെങ്കിലും വെന്നിക്കൊടി പാറിക്കാനായാൽ തന്ത്രങ്ങൾ വിജയിച്ചുവെന്ന് അർഥം. മാത്രമല്ല, ഈ വിജയം അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുന്നതിൽ തുറുപ്പുചീട്ടാകുകയും ചെയ്യും. 

കേന്ദ്രസർക്കാരിനെതിരായ ഭരണവിരുദ്ധവികാരമാണു ദേശീയതലത്തിൽ പ്രതിപക്ഷകക്ഷികൾ ഉന്നയിക്കുന്നത്. സമാന തന്ത്രം ബിജെപിയും ഇവിടെ മമതയ്ക്കെതിരെ പയറ്റുന്നു. ദേശീയതലത്തിൽ പ്രതിപക്ഷം, സഖ്യം രൂപീകരിച്ച് ഭരണകക്ഷിയെ നേരിടുമ്പോൾ ബംഗാളിൽ ഒറ്റയ്ക്കാണു ബിജെപിയുടെ പോരാട്ടം. ലക്ഷ്യം, കിട്ടുന്ന സീറ്റുകളെല്ലാം ഒറ്റയ്ക്കു വെട്ടിപ്പിടിക്കുക. ഇതിനായി ഹിന്ദുത്വ അജൻഡ ഉൾപ്പെടെയുള്ളവ ഇറക്കി താഴേത്തട്ടിൽനിന്നു പ്രവർത്തനം തുടങ്ങിയ പാർട്ടി തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും തൃണമൂൽ, ഇടത്, കോൺഗ്രസ് പാർട്ടികളിൽനിന്നു നേതാക്കന്മാരെ ചാടിച്ചു. രാഷ്ട്രീയ തന്ത്രങ്ങളിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ളവരായിരുന്നു മിക്ക നേതാക്കന്മാരും. ഇതു പാർട്ടിക്കു തിരഞ്ഞെടുപ്പിനു മുൻപുതന്നെ വലിയതോതിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചു. 

മോദിക്കു വീണ്ടും മോടി, ‘രാഹുകാലം’ മാറാതെ രാഹുൽ, വിഡിയോ സ്റ്റോറി കാണാം

മമത വിരുദ്ധരുടെ ഒരു ശക്തമായ സംഘത്തെ വാർത്തെടുക്കുകയാണ് ഈ തന്ത്രത്തിലൂടെ ബിജെപി ചെയ്തത്. മമത ഭരണകൂടത്തിൽ പ്രധാന നേതാക്കന്മാർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ അന്വേഷണം ഉറപ്പാക്കി തങ്ങൾക്കനുകൂലമാക്കുക എന്ന ‘വെടക്കാക്കി തനിക്കാക്കുക’ തന്ത്രം പാർട്ടി ആദ്യം തന്നെ നടപ്പാക്കി. ശാരദ ചിട്ടി തട്ടിപ്പുകേസിൽ കുടുങ്ങിയ നേതാക്കന്മാരിൽ മമതയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന മുകുൾ റോയ്‌യും ഉൾപ്പെട്ടിരുന്നു. ആദ്യം തന്നെ റോയ്‌യെ അടർത്തിയെടുത്തതു ബിജെപിക്കു ബംഗാളിലുണ്ടാക്കിയ നേട്ടം ചില്ലറയല്ല. മമതയ്ക്കു ശക്തമായ അടിയുമായി ഇത്. ബംഗാളിൽ ബിജെപി നിർത്തിയ സ്ഥാനാർഥികളിൽ പലരും മറ്റു പാർട്ടികളിൽനിന്നു ചേക്കേറിയവരാണ്. 

മമത വിരുദ്ധ വോട്ടുകൾ എല്ലാം ബിജെപിക്കു തന്നെ വീണുവെന്ന് ഉറപ്പില്ല. എന്നാൽ കോൺഗ്രസ് – ഇടത് സഖ്യം യാഥാർഥ്യമാകാത്തതിനാൽ ഈ വോട്ടുകൾ രണ്ടു കക്ഷികൾക്കുമായി വീതിച്ചുപോയിട്ടുണ്ട്. ഇതു ഗുണം ചെയ്തിരിക്കുക ബിജെപിക്കു തന്നെയാണ്. ഇതാണു സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷ ബിജെപിയിൽ നിലനിർത്തുന്നത്. 

 

ലക്ഷ്യമിട്ടത് 6 സംസ്ഥാനങ്ങളിലെ 165 ലോക്സഭാ സീറ്റുകൾ

ഇടതുപക്ഷത്തിന് ഇതെന്തുപറ്റി, വിഡിയോ സ്റ്റോറി കാണാം

2014ലെ വൻ വിജയത്തെത്തുടർന്ന് ബിജെപി നടത്തിയ ആഭ്യന്തര വിലയിരുത്തൽ യോഗങ്ങളിൽ, പാർട്ടിക്ക‌ു തീരെ സ്വാധീനമില്ലാത്ത 6 സംസ്ഥാനങ്ങളും 165 ലോക്സഭാ സീറ്റുകളും കണ്ടെത്തി. ഈ സീറ്റുകളിൽ സംസ്ഥാന തലത്തിലും ദേശീയതലത്തിലും ബിജെപിക്കു കാര്യമായ സ്വാധീനം ഇല്ലെന്നും വ്യക്തമായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയവയിലും ബംഗാളും ഒഡീഷയിലുമാണ് ഈ 165ൽ മിക്ക സീറ്റുകളും. ഇവിടങ്ങളിൽ ആകെ ലഭിച്ചിരിക്കുന്നത് 7 സീറ്റുകള്‍ മാത്രവും.

 

English summary: Lok Sabha Election Bengal Election News Elections 2019

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com