ADVERTISEMENT

തിരുവനന്തപുരം∙ ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ 15 ഐഎസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി ലക്ഷ്യമാക്കി വെള്ള നിറത്തിലുള്ള ബോട്ടില്‍ നീങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളും ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കി.

isis-alert1

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കുകയാണെന്നും കോസ്റ്റല്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ 'മനോരമ ഓണ്‍ലൈനോട്' പറഞ്ഞു.

തീരദേശ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും തീരദേശ പൊലീസ് സ്റ്റേഷന്‍ ഇന്റലിജന്‍സ് വിങ് തലവന്‍മാര്‍ക്കുമാണ് തീരദേശ പൊലീസ് സേന ആസ്ഥാനത്തുനിന്ന് ജാഗ്രതാ സന്ദേശം കൈമാറിയിരിക്കുന്നത്.

കേരളതീരം സംരക്ഷിക്കുന്നതിനായി അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബോട്ട് പട്രോളിങും കോസ്റ്റല്‍ ബീറ്റും ശക്തമാക്കണമെന്നും സന്ദേശത്തില്‍ നിര്‍ദേശിക്കുന്നു. ഇന്റലിജന്‍സ് വിഭാഗം ശക്തിപ്പെടുത്തുന്നതിനോടൊപ്പം കടലോര ജാഗ്രതാ  സമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അവബോധം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ തമിഴ്‌നാട്, ബെംഗളൂരു, കശ്മീര്‍ എന്നിവിടങ്ങള്‍ക്കുപുറമേ കേരളത്തിലും സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി മഹേഷ് സേനാനായകെ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് കേരളത്തില്‍നിന്ന് എന്തെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്.

ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കേരളം വിനോദസഞ്ചാര മേഖലയായതിനാല്‍ മറ്റുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ എത്താനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചത്. ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കുകയാണെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com