ADVERTISEMENT

റായ്ബറേലിയിലെ പ്രചാരണത്തിനിടെയായിരുന്നു ഒരു പാമ്പാട്ടിയോടു സംസാരിക്കാൻ പ്രിയങ്ക ഗാന്ധി സമയം കണ്ടെത്തിയത്. പാമ്പാട്ടിയുടെ കൂടയ്ക്കു പുറത്തൊരു മൂർഖൻ പാമ്പ് പത്തിവിരിച്ചു നിൽക്കുന്നു. അതിനെ കൂടയ്ക്കുള്ളിലാക്കാൻ ചുറ്റിലും നിന്ന കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പറയുന്നുണ്ട്. പക്ഷേ മുഖത്തു ഭയത്തിന്റെ യാതൊരു ലാഞ്ചനയുമില്ലാതെ പ്രിയങ്ക പറഞ്ഞു– ‘നിങ്ങളെന്തിനാണു ഭയക്കുന്നത്, അതൊന്നും ചെയ്യില്ല...’ കുറച്ചു കഴിഞ്ഞപ്പോൾ ആ പാമ്പിനെയെടുത്ത് കൂടയിലാക്കിയതും പ്രിയങ്ക. ‘എന്താ പേടിയാകുന്നുണ്ടോ...’ എന്നു ചുറ്റിലുമുള്ളവരോട് ചോദിച്ചായിരുന്നു ആ സാഹസം. ഉത്തർപ്രദേശിലെ പ്രചാരണനാളുകളിലുടനീളം ഈ ആത്മവിശ്വാസമായിരുന്നു പ്രിയങ്ക കാത്തുസൂക്ഷിച്ചിരുന്നത്. യാത്രയ്ക്കിടെ വഴിയരികിൽ നരേന്ദ്ര മോദിക്കു ‘ജയ്’ വിളിച്ചു നിന്ന ബിജെപി പ്രവർത്തകരുടെ അടുത്തേക്ക് വണ്ടി നിർത്തിയെത്തി ‘നിങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുന്നു’ എന്നു പറയുന്നതിലേക്കു വരെയുയർന്നു ഒരു ഘട്ടത്തിൽ ആ ആത്മവിശ്വാസം.

എന്നാൽ അന്നവരോടു പറഞ്ഞത് മേയ് 23ന് വോട്ടെണ്ണിയപ്പോൾ അറംപറ്റി– ഉത്തർപ്രദേശിൽ ബിജെപി സ്വന്തമാക്കിയത് 80ൽ 61 സീറ്റ്. കോൺഗ്രസിന് ആകെയുണ്ടായിരുന്ന രണ്ടിൽ ഒരു സീറ്റ് നഷ്ടമായി. അതും പ്രിയങ്കയുടെ സഹോദരൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി. കോൺഗ്രസിന് ആകെ ലഭിച്ചത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി മാത്രം. അമേഠിയും റായ്ബറേലിയുമുൾപ്പെടെ 41 മണ്ഡലങ്ങളടങ്ങിയ കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിയോഗിക്കുമ്പോഴും സ്വപ്നത്തിൽ പോലും കോൺഗ്രസ് നേതൃത്വം കരുതിയിരിക്കില്ല ഇത്തരമൊരു തിരിച്ചടി. 41ൽ ആറിടത്ത് പാർട്ടി മത്സരിച്ചില്ല. ശേഷിച്ച 35ൽ ഒരിടത്ത് ജയം. അമേഠിയിൽ രണ്ടാം സ്ഥാനം. കിഴക്കൻ യുപിയിലെ ബാക്കി 33 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു കോൺഗ്രസിന്!

20 വർഷം മുൻപ് 1999ലാണ് പ്രിയങ്ക ആദ്യമായി ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുന്നത്. അമേഠിയിൽ അമ്മ സോണിയ ഗാന്ധിക്കു വേണ്ടിയായിരുന്നു. പിന്നീട് രാഹുൽ ഗാന്ധിക്ക് അമേഠി വിട്ടുനൽകി സോണിയ ഗാന്ധി റായ്ബറേലിയിലേക്കു മാറിയപ്പോഴും രണ്ടു മണ്ഡലങ്ങളിലും നേർത്ത ചിരിയും ജനത്തെ കയ്യിലെടുക്കുന്ന വാക്‌ചാതുരിയുമായി അവർ സഞ്ചരിച്ചു. രണ്ടിടത്തു മാത്രം ഒതുങ്ങി നിന്ന പ്രചാരണത്തിൽ നിന്നാണ് ഉത്തർപ്രദേശിന്റെ ഏറ്റവും സുപ്രധാന മേഖലയിലെ തിര​ഞ്ഞെടുപ്പു ചുമതലയിലേക്ക് പ്രിയങ്ക ഉയർന്നു വന്നത്. അതും 1984ൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ 51 ശതമാനമുണ്ടായിരുന്ന വോട്ടുവിഹിതം 2014ൽ ഏഴു ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്ന അന്തരീക്ഷത്തില്‍. സംഘടനാസംവിധാനം തീരെ ദുർബലമായ, താഴെത്തട്ടിൽ നിന്നു തന്നെ എല്ലാം വീണ്ടും തുടങ്ങേണ്ടിയിരുന്ന കിഴക്കൻ യുപിയിൽ പ്രിയങ്കയ്ക്ക് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ആകെ ലഭിച്ചത് 100 ദിവസത്തിനടുത്തു മാത്രം സമയം!

ബിജെപിയുടെ തന്ത്രമറിഞ്ഞ്...

അവാധ്, ലോവർദൊവാബ്, പൂർവാഞ്ചൽ മേഖലകൾ ചേർന്നതാണ് കിഴക്കൻ യുപി. ഇതിൽ ജാതിയിൽ ഉയർന്ന വിഭാഗക്കാർ നിറഞ്ഞു താമസിക്കുന്നയിടങ്ങളാണ് അവാധ് മേഖലയിലേറെയും. ജനസംഖ്യയിൽ 10–13 ശതമാനവും ബ്രാഹ്മണരാണ്. സകല മേഖലയിലും അവരുടെ ആധിപത്യവും വ്യക്തം. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന ഉയർന്ന ജാതിക്കാർ എന്നാൽ ഏതാനും തിരഞ്ഞെടുപ്പ് മുന്‍പാണ് ഈ ബന്ധം ഉപേക്ഷിച്ചത്. ഇത്തവണ സവർണ ഹിന്ദു വിഭാഗം കോൺഗ്രസിന് അനുകൂലമാകുമെന്നു കരുതിയിരുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്– രജപുത്ര വിഭാഗത്തിൽ നിന്നുള്ള യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയതിൽ ബ്രാഹ്മണർക്കുണ്ടായ നീരസം. മറ്റൊന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10% തൊഴിൽ സംവരണമേർപ്പെടുത്താനുള്ള ബിജെപി നീക്കം.

2007ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ യുപിയിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം വർധിക്കുന്നുണ്ടായിരുന്നു. കുർമികൾ, ബ്രാഹ്മണർ, മുസ്‌ലിം, ജാതവുകൾ ഒഴികെയുള്ള ദലിതുകൾ, ജാട്ടുകൾ എന്നിവരുടെ പിന്തുണയാണ് കോൺഗ്രസിന് ഗുണകരമായത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റെന്ന നേട്ടത്തിന്റെ കാരണവും ഈ പിന്തുണ തന്നെ. പക്ഷേ 2014ൽ കുർമികളുടെയും ഉയർന്ന ജാതിക്കാരുടെയും വോട്ട് ബിജെപിയിലേക്കു പോയി. മുസ്‌ലിം വോട്ടുകൾ കൂട്ടത്തോടെ എസ്പിയിലേക്കും. അപ്പോഴും ബിജെപി കഴിഞ്ഞാൽ ബ്രാഹ്മണരുടെയും ഠാക്കൂർ അല്ലാതുള്ള ഉയർന്ന ജാതിക്കാരുടെയും പിന്തുണ കോൺഗ്രസിനു തന്നെയായിരുന്നു. ഇത്തവണ അവരും കയ്യൊഴിഞ്ഞതായാണ് വോട്ട്ഗ്രാഫ് നൽകുന്ന സൂചന.

പ്രിയങ്കയിലൂടെ കോൺഗ്രസിന്റെ ഹൈന്ദവമുഖം ഉയർത്തിക്കാട്ടി വോട്ടുപിടിക്കുകയെന്ന തന്ത്രം തന്നെയാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രയോഗിച്ചത്. അഞ്ചു വർഷം മുൻപ് നഷ്ടപ്പെട്ട സവർണ വോട്ട്ബാങ്ക് തിരിച്ചു പിടിക്കാമെന്നും അതുവഴി പ്രതീക്ഷിച്ചു. അതേസമയം, മറ്റു വിഭാഗക്കാരെ കൈവിടാനും പ്രിയങ്ക ഒരുക്കമായിരുന്നില്ല. അതിന്റെ ഉത്തമോദാഹരണമായിരുന്നു ഗംഗായാത്രയിലൂടെ പ്രചാരണത്തിനു തുടക്കമിടാനുള്ള തീരുമാനം. മാർച്ച് 18ന് ആരംഭിച്ച് കിലോമീറ്ററുകളോളം നീണ്ട ആ യാത്ര ഒബിസി, ദലിത് വിഭാഗങ്ങളിലെ അനേകായിരങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലൂടെയായിരുന്നു. ഭാദോഹി, മിർസാപുർ തുടങ്ങിയ മണ്ഡലങ്ങൾ ഉദാഹരണം. 2009ൽ ജയിച്ച ഖുഷിനഗർ, മഹാരാജ്ഗഞ്ച്, ഡുമരിയഗഞ്ച് എന്നിവിടങ്ങളിലും നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു പാർട്ടിക്ക്. എന്നാൽ ഭാദോഹിയിൽ ആകെ ലഭിച്ചത് 25,604 വോട്ടാണ്. മിർസാപുരിൽ 91,392ഉം. മത്സരിച്ച 33 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായിരുന്നു. ചിലയിടത്താകട്ടെ കെട്ടിവച്ച കാശും പോയി.

വനിതകളും യുവാക്കളും?

സംസ്ഥാനത്തെ 18നും 22 വയസ്സിനും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിലുള്ള ബിജെപിയുടെ സ്വാധീനത്തിനും ഉലച്ചിൽ തട്ടിയില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 2014ൽ സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡെലവപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) നടത്തിയ പഠനത്തിൽ 51% വരുന്ന യുവവിഭാഗം വോട്ട് ചെയ്തത് ബിജെപിക്കായിരുന്നെന്ന് കണ്ടെത്തിയിരുന്നു. വനിതാവോട്ടർമാരുടെ എണ്ണത്തിലും ഉത്തർപ്രദേശ് മുൻനിരയിലാണ്. ഇക്കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാനെത്തിയവരിൽ വൻ വനിതാ പ്രാതിനിധ്യമായിരുന്നു. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. യുവാക്കൾക്കും വനിതകൾക്കുമിടയിലുള്ള പ്രിയങ്കയുടെ സ്വാധീനം ഉപകാരപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു കോൺഗ്രസിന്റെ ‘പ്രിയങ്ക തന്ത്ര’ത്തിൽ. എന്നാൽ കണക്കുകളിൽ നിന്നു തന്നെ വ്യക്തം അതു പാളിയെന്ന്.

13.88 കോടിയോളം പേരായിരുന്നു 2014ൽ ഉത്തർപ്രദേശിൽ വോട്ടർമാരുണ്ടായിരുന്നത്. ഇത്തവണ അത് 14.43 കോടിയായി. ഏകദേശം 55 ലക്ഷം പുതിയ വോട്ടർമാർ. ഇവരുടെ പിന്തുണ ബിജെപിക്കായിരുന്നെന്ന് ബിജെപി സ്ഥാനാര്‍ഥികൾക്കു ലഭിച്ച വോട്ടുകൾ തന്നെ കൃത്യമായി വ്യക്തമാക്കുന്നു. 2014നേക്കാൾ വൻ ഭൂരിപക്ഷത്തോടെയാണ് കിഴക്കൻ യുപിയിലെ മുക്കാൽ പങ്ക് സീറ്റും ബിജെപി പിടിച്ചെടുത്തത്. മറ്റു പാർട്ടികള്‍ക്കാകട്ടെ 2014നേക്കാൾ കാര്യമായ വോട്ടുവര്‍ധന അവകാശപ്പെടാനില്ല. മിക്കയിടത്തും വോട്ട് കുറയുകയും ചെയ്തു.

കോൺഗ്രസ് വോട്ടർമാരിൽ ഭൂരിപക്ഷവും പുരുഷന്മാരാണെന്നാണ് സിഎസ്ഡിഎസ് റിപ്പോർട്ടുകൾ. അത് ഏകദേശം 59% വരും. ബിജെപി വോട്ടർമാരിലും ഏറെയും പുരുഷന്മാരാണ്–52%. എന്നാൽ എസ്പി–ബിഎസ്പി സഖ്യത്തിനു വോട്ടു ചെയ്യുന്നവരിലേറെയും സ്ത്രീകളാണ്–ഏകദേശം 53%. പ്രിയങ്കയുടെ വരവ് സ്ത്രീ വോട്ടർമാരെ ആകർഷിച്ചിട്ടുണ്ടെങ്കിൽത്തന്നെ അതു തിരിച്ചടിക്കുകയാണുണ്ടായത്. എസ്പി–ബിഎസ്പി സഖ്യത്തിനു കിട്ടേണ്ടിയിരുന്ന വനിതാവോട്ടുകളാണ് അതുവഴി ഇത്തവണ കോൺഗ്രസിലേക്കും പോയത്!.

സഖ്യത്തിന് ‘വിശാലമായ’ തിരിച്ചടി

2014ൽ ബിജെപി ജയിച്ച 36 മണ്ഡലങ്ങളിൽ ഇരുപതിലേറെ ഇടങ്ങളിൽ എസ്പി, ബിഎസ്പി സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട് കൂട്ടിയപ്പോൾ അതു ബിജെപി സ്ഥാനാർഥിയേക്കാൾ കൂടുതലായിരുന്നു. ശത്രുത മറന്ന് മായാവതിയും അഖിലേഷ് യാദവും ഒന്നാകുന്നതിന് ഈ കണക്കും ഒരു പ്രധാന കാരണമായി. എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മഹാഘഡ്ബന്ധൻ സഖ്യത്തിൽ നിന്നു കോൺഗ്രസ് പിന്മാറിയതും പ്രിയങ്കയുടെ വരവും കൂടിയായതോടെ എസ്പിക്കും ബിഎസ്പിക്കുമുണ്ടായ ആശങ്ക ചെറുതായിരുന്നില്ല. ആശങ്കകളെല്ലാം സത്യമാണെന്നു തിരഞ്ഞെടുപ്പു ഫലത്തോടെ തെളിയുകയും ചെയ്തു.

യുപി ജനസംഖ്യയിൽ 40 ശതമാനത്തിനടുത്ത് പിന്നാക്ക വിഭാഗക്കാരാണ്, 22% ദലിത് വിഭാഗക്കാരും. ജനസംഖ്യയുടെ 9 ശതമാനം വരുന്ന യാദവരാണ് എസ്പി ലക്ഷ്യമിടുന്ന പ്രധാന വോട്ടുബാങ്ക്. ഒപ്പം 19% വരുന്ന മുസ്‌ലിം വിഭാഗത്തിന്റെ വോട്ടിലുമുണ്ട് കണ്ണ്. പ്രിയങ്കയുടെ വരവോടെ മുസ്‌ലിം വോട്ടുകൾ ചോരുമോയെന്ന ഭയമുണ്ടായിരുന്നു എസ്പിക്ക്. സംസ്ഥാനത്തെ മുസ്‌ലിം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കരുതെന്ന് എസ്പി‌യുടെ റാംപുർ എംഎൽഎ അസംഖാൻ നേരിട്ട് അഭ്യർഥിക്കുന്നതിലേക്കു വരെയെത്തിയിരുന്നു ഈ പ്രശ്നം. മു‌സ്‌ലിം വിഭാഗത്തിന് എസ്‌പിയെ പിന്തുണയ്ക്കണമെന്നുണ്ട്, ബിഎസ്പിയോടാകട്ടെ പ്രതിപത്തിയുമില്ല. ബിഎസ്പി നേതൃസ്ഥാനത്ത് മുസ്‌ലിം പ്രാതിനിധ്യമില്ലാത്തതാണു പ്രശ്നം.

ബിഎസ്പിയുടെ മുൻ ജനറൽ സെക്രട്ടറി നസിമുദ്ദീൻ സിദ്ദിഖി 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസിൽ ചേര്‍ന്നതോടെ ഈ പ്രശ്നം രൂക്ഷമായി. ബിഎസ്പിയിലെ സുപ്രധാന സ്ഥാനത്തുണ്ടായിരുന്ന 50 മുസ്‌ലിം നേതാക്കളെങ്കിലും ഇക്കഴിഞ്ഞ ഒന്നര വർഷത്തിനിടെ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ദേശീയ പാർട്ടിയെന്ന നിലയിൽ മുസ്‌ലിം വിഭാഗം ഇത്തവണ പ്രാധാന്യം നൽകുക കോൺഗ്രസിനായിരിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. അതോടൊപ്പം പ്രിയങ്കയുടെ ‘സെലിബ്രിറ്റി’ പരിവേഷവും. അപ്പോഴും ബിജെപി വോട്ടുകൾ വിഭജിച്ച് കോൺഗ്രസ് ‘സഹായിക്കുമെന്ന’ പ്രതീക്ഷയും എസ്പി വച്ചുപുലർത്തി, ജനവിധിയിൽ എല്ലാം വൃഥാവിലായെന്നു മാത്രം.

ബിഎസ്പി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ജനസംഖ്യയുടെ 12% വരുന്ന ജാതവ സമൂഹത്തിലായിരുന്നു. എസ്പി, ബിഎസ്പി സഖ്യത്തിന് മുന്നാക്ക വിഭാഗക്കാരിൽ നിന്ന് 12% വോട്ടു ലഭിക്കാൻ മാത്രമേ സാധ്യതയുള്ളൂവെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ എസ്‌സി–എസ്ടി വിഭാഗത്തിൽ നിന്ന് 60 ശതമാനവും ഒബിസിയിൽ നിന്ന് 40ഉം മുസ്‍ലിം വിഭാഗത്തിൽ നിന്ന് 80% വോട്ടും തങ്ങൾക്കു ലഭിക്കുമെന്നു വിശാലസഖ്യത്തിനു പ്രതീക്ഷയുണ്ടായിരുന്നു. ഇത്തരമൊരു തിരഞ്ഞെടുപ്പുഗോദയിലാണ് പ്രിയങ്കയുടെ ‘സഹായം’ സഖ്യം പ്രതീക്ഷിച്ചതും.

ബിജെപിയിൽ നിന്ന് ജാതവുകൾ ഒഴികെയുള്ള ദലിത് വിഭാഗത്തിന്റെയും യാദവർ ഒഴിച്ചുള്ള പിന്നാക്ക വിഭാഗക്കാരുടെയും വോട്ടുകൾ കോൺഗ്രസിലേക്കു പോകുമെന്നായിരുന്നു ബിഎസ്പിയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ വോട്ടുകൾ ബിജെപിയിലേക്കാണു പോയത്. ഇങ്ങനെ ദലിത്, ഒബിസി, മുസ്‌ലിം ഭൂരിപക്ഷ വോട്ടുകൾ എസ്പി–ബിഎസ്പി സഖ്യം പിടിക്കുകയും ബിജെപിക്കു കിട്ടിക്കൊണ്ടിരുന്ന മുന്നാക്ക വിഭാഗത്തിന്റെ വലിയ ശതമാനം വോട്ടും കോൺഗ്രസ് അടർത്തിമാറ്റുകയും ചെയ്യുന്നതോടെ ബിജെപി കുടുങ്ങുമെന്നായിരുന്നു നേതാക്കൾ കരുതിയിരുന്നത്. മിക്ക മണ്ഡലങ്ങളിലും ഇത്തരമൊരു നീക്കം സംബന്ധിച്ചു മഹാഘഡ്ബന്ധനുമായി പ്രിയങ്ക രഹസ്യധാരണയുണ്ടാക്കിയെന്നു പോലും പ്രവർത്തകരിലെ വലിയ വിഭാഗം വിശ്വസിച്ചിരുന്നു.

അതേസമയം കോൺഗ്രസ് ക്യാംപിനു മറ്റൊരു ചിന്ത യായിരുന്നു മനസ്സിൽ. വിശാലസഖ്യത്തിന് പ്രിയങ്കയുടെ വരവ് ദോഷം ചെയ്യുമെന്നത് രാഹുൽ ഗാന്ധിക്കുൾപ്പെടെ ഉറപ്പായിരുന്നു. അടുത്ത തവണയെങ്കിലും സഖ്യമുണ്ടാക്കുമ്പോൾ കൂടുതൽ സീറ്റു ലഭിക്കാനുള്ള സമ്മർദതന്ത്രം കൂടിയായിരുന്നു കോൺഗ്രസ് പയറ്റിയത്. എന്നാൽ 33 മണ്ഡലങ്ങളിലും കാര്യമായി വോട്ടു പോലും പിടിക്കാനാകാതെ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കു മാറിയതോടെ ഭാവിയിൽ സഖ്യസാധ്യതകളുടെ വാതിൽ അടഞ്ഞുതന്നെ കിടക്കുമെന്നുറപ്പായി.

കോൺഗ്രസിലൊരു ‘കരുത്തന്‍’ പോലുമില്ല

കിഴക്കൻ യുപിയിലെ ബ്രാഹ്മണരും ഠാക്കൂർമാരും ഉൾപ്പെടെയുള്ള ഉയർന്ന ജാതിക്കാർ, യാദവർ ഒഴിച്ചുള്ള പിന്നാക്ക വർഗക്കാർ, ജാതവുകൾ ഒഴികെയുള്ള ദലിത് വിഭാഗം എന്നിവരുടെ വോട്ടാണ് 2009ലും 2014ലും ബിജെപിയെ സഹായിച്ചത്. ഈ വോട്ടുബാങ്കിൽ പ്രിയങ്ക വിള്ളൽ വീഴ്ത്തുമെന്ന ഭയം ബിജെപിക്കുമുണ്ടായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10% തൊഴിൽ സംവരണമെന്ന തുറുപ്പുചീട്ടിറക്കിയതോടെ മോദി–ഷാ കൂട്ടുകെട്ടിന്റെ തന്ത്രം വിജയം കണ്ടു. അതോടൊപ്പം ബിജെപിയോടു പോരാടാൻ പറ്റിയ സ്ഥാനാർഥികളെ പോലും പലയിടത്തും നിർത്താൻ കോൺഗ്രസിനായില്ല. ബ്രാഹ്മണർക്കു ഭൂരിപക്ഷമുള്ള ഉന്നാവ് മണ്ഡലത്തിന്റെ കാര്യം തന്നെയെടുക്കാം. 2014ലും ഇത്തവണയും സാക്ഷി മഹാരാജായിരുന്നു അവിടത്തെ ബിജെപി സ്ഥാനാർഥി. 2014ൽ ബിജെപി അവിടെ സ്വന്തമാക്കിയത് 5.18 ലക്ഷത്തോളം വോട്ട്. എസ്പി, ബിഎസ്പി സ്ഥാനാർഥികളിൽ ഓരോരുത്തർക്കും രണ്ടു ലക്ഷം വീതം വോട്ടുകളും ലഭിച്ചു. കോൺഗ്രസിന് 1.97 ലക്ഷവും.

2014ൽ നാലാം സ്ഥാനത്തെത്തിയ അന്നു ടണ്ടനെയാണ് ഇത്തവണയും കോൺഗ്രസ് സാക്ഷിക്കെതിരെ നിയോഗിച്ചത്, ലഭിച്ചതാകട്ടെ 1.85 ലക്ഷം വോട്ടും. വിശാലസഖ്യത്തിന്റെ പ്രതിനിധിയായെത്തിയത് എസ്പിയുടെ അരുൺ ശങ്കർ ശുക്ല. ആകെ കിട്ടിയത് മൂന്നു ലക്ഷം വോട്ടുകൾ. 2014ൽ എസ്പി, ബിഎസ്പി സ്ഥാനാർഥികൾക്ക് ആകെ കിട്ടിയ വോട്ടു പോലും ഇത്തവണ ലഭിച്ചില്ല. അതിനിടെ 2014നേക്കാൾ അധികമായി ഇത്തവണ ബിജെപിക്ക് ലഭിച്ചത് 1.84 ലക്ഷം വോട്ടുകൾ. ‘ഒന്നുകിൽ ജയം അല്ലെങ്കിൽ ബിജെപി സാധ്യതകൾ തകർക്കുന്ന സ്ഥാനാർഥി’ എന്നതായിരുന്നു വിശാലസഖ്യത്തിന് പ്രിയങ്ക നൽകിയ ഉറപ്പ്. കിഴക്കൻ യുപിയിലെ ഉപരിവിഭാഗം പിന്നാക്ക വിഭാഗക്കാരുടെയും ദലിതരുടെയും കൂട്ടായ്മയായ എസ്പി–ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കില്ലെന്നത് ഉറപ്പായിരുന്നു. അതിനാൽത്തന്നെ ഇവരുടെ വോട്ട് ബിജെപിയിലേക്കു പോകാതെ പിളർത്താനാകുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷിച്ചത്. ഇതെല്ലാം തകർന്നടിഞ്ഞുവെന്നതിന് ഉന്നാവ് പോലെ ഇനിയും തെളിവുകളേറെ.

uttar-pradesh-legislative-assembly-elections-2012-results-map

വോട്ടും പിളർന്നില്ല!

ബിജെപി സ്ഥാനാർഥിയുടെ അതേ സമുദായത്തിൽപ്പെട്ട പ്രബലനായ സ്ഥാനാർഥിയെ നിർത്തുകയും അതുവഴി വോട്ടുവിഭജിച്ച് വിശാലസഖ്യത്തിന് വിജയവഴിയൊരുക്കുകയും ചെയ്യാമെന്ന കോൺഗ്രസ് തന്ത്രവും പാളി. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഉയർന്ന ജാതിയിൽ നിന്നുള്ള നിർമൽ ഖത്രിയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി (2014ലും ഇദ്ദേഹം തന്നെയായി‌രുന്നു). ബിജെപിയും സിറ്റിങ് എംപി ലല്ലു സിങ്ങിനെത്തന്നെ മത്സരത്തിനിറക്കി. എസ്പിയുടെ സ്ഥാനാർഥി ആനന്ദ് സെന്നും. 2014ൽ 4.92 ലക്ഷത്തോളം വോട്ടാണ് ലല്ലു സിങ് ഉന്നാവിൽ സ്വന്തമാക്കിയത്. എസ്പി സ്ഥാനാർഥി 2.01 ലക്ഷവും ബിഎസ്പി സ്ഥാനാർഥി 1.42 ലക്ഷവും. നിർമൽ ഖത്രിയാകട്ടെ 1.3 ലക്ഷം വോട്ടും നേടി. ബിജെപി വോട്ടു പിളർത്താനിറങ്ങിയ കോൺഗ്രസിന് ഇത്തവണ ആകെ ലഭിച്ചത് 53,386 വോട്ട്– 2014ല്‍ ലഭിച്ചതിന്റെ പകുതി പോലുമില്ല. ആനന്ദ് സെന്നിനാകട്ടെ 4,63,187 വോട്ടു കിട്ടി. ലല്ലു സിങ്ങിന് 5,28,113 വോട്ടും. ബിജെപിക്ക് 2014നേക്കാൾ ഇത്തവണ കൂടിയത് 36,352 വോട്ട്!

(2004, 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കിഴക്കൻ യുപിയിലെ പ്രധാന മണ്ഡലങ്ങളിൽ കോൺഗ്രസിനു ലഭിച്ച വോട്ടുശതമാനം ചുവടെ. 2019ൽ വോട്ടുശതമാനം പിന്നെയും വൻതോതിലാണ് ഇടിഞ്ഞിരിക്കുന്നത്)

Eastern Uttar Pradesh Congress Vote Share
ഗ്രാഫിക്‌സ്: ജെയിൻ ഡേവിഡ്.എം

വോട്ടുപിളത്തൽ തന്ത്രം പരാജയപ്പെടുക മാത്രമല്ല, സഖ്യമുണ്ടാക്കാതിരുന്നതിന്റെ പേരിൽ കുറ്റബോധം പോലും തോന്നിപ്പിക്കും വിധമായിരുന്നു ബാന്ദ മണ്ഡലത്തിലെ കോൺഗ്രസ് പ്രകടനം. കുർമി സമുദായത്തിലെ ആർ.കെ.പട്ടേലായിരുന്നു ബാന്ദയിലെ ബിജെപി സ്ഥാനാർഥി. അതേ സമുദായത്തിലെ ബാൽകുമാർ പട്ടേലിനെ കോൺഗ്രസും സ്ഥാനാർഥിയാക്കി. ശ്യാമചരൺ ഗുപ്തയായിരുന്നു എസ്പിയുടെ സ്ഥാനാർഥി. ബിജെപിക്ക് ബാന്ദയിൽ ലഭിച്ചത് 4.77 ലക്ഷം വോട്ട്. എസ്പി സ്ഥാനാർഥിക്കാകട്ടെ 4.18ലക്ഷവും. 58,453 വോട്ടിനായിരുന്നു എസ്പിയുടെ പരാജയം. എന്നാൽ ഇവിടെ കോൺഗ്രസ് സ്ഥാനാർഥി പിടിച്ചത് 75,350 വോട്ടുകൾ. 2014ലെ 36,650 വോട്ടിനേക്കാൾ ഇരട്ടി. വിശാലസഖ്യത്തോടൊപ്പം കോൺഗ്രസ് ചേർന്നിരുന്നെങ്കിൽ ഇപ്പോൾ ബാന്ദ സീറ്റ് കയ്യിലിരുന്നേനെയെന്നു ചുരുക്കം. പക്ഷേ കിഴക്കൻ യുപിയിലെ എല്ലായിടത്തും ഇതല്ല സ്ഥിതി. ആകെയുള്ള 41ൽ 30 ഇടത്തും വിശാലസഖ്യത്തിന്റെയും കോൺഗ്രസ് സ്ഥാനാർഥിയുടെയും വോട്ടുകൾ കൂട്ടിയാലും ബിജെപിക്കു ലഭിച്ചതിന്റെ അടുത്തു പോലും എത്തില്ല.

മത്സരിക്കാതിരുന്നിട്ടും രക്ഷയില്ല!

കൗശാംബി, മൊഹൻലാൽഗഞ്ച് പോലുള്ള എസ്‌സി സംവരണ മണ്ഡലങ്ങളിൽ ദലിത് വിഭാഗമായ പാസി സമുദായത്തിനായിരുന്നു പ്രാതിനിധ്യം കൂടുതൽ. അതിനാൽത്തന്നെ വിശാലസഖ്യത്തിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥികൾ പാസി സമുദായത്തിൽ നിന്നായിരുന്നു. 19% വരുന്ന പാസി വോട്ടുകൾ മൂന്നായി ഭിന്നിക്കുമ്പോൾ മുസ്‌ലിം, യാദവ വോട്ടുകൾ വിശാലസഖ്യത്തിനു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മൊഹന്‍ലാൽഗഞ്ചിൽ 6,29,748 വോട്ടു നേടി ബിജെപി വിജയം കൊയ്തു. തന്ത്രം പാളിയ ക്ഷീണത്തിൽ ബിഎസ്പിക്ക് ലഭിച്ചത് 5,39,519 വോട്ട്. കോൺഗ്രസിനാകട്ടെ വെറും 60,061ഉം. കൗശാംബിയിലും ഇതു തന്നെ അവസ്ഥ. രണ്ടിടത്തും 2014നേക്കാൾ ബിജെപിയുടെ വോട്ട് കൂടുകയും ചെയ്തു. അഖിലേഷ് യാദവിന്റെ അസംഗഡിലും അംബേദ്കർ നഗർ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല– അവിടെ വിജയം യഥാക്രമം എസ്പിക്കും ബിഎസ്പിക്കുമായിരുന്നു. എന്നാൽ ബൻസ്ഗാവ്, ബലിയ, മഛ്‌ലിഷഹർ, ചന്ദൗലി എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിച്ചില്ലെങ്കിലും വിശാലസഖ്യത്തിനു തോൽവിയായിരുന്നു ഫലം.

uttar pradesh legislative assembly elections 2017 results map

1984ലെ ഉത്തർപ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആകെയുള്ള 85ൽ 83 സീറ്റും കോൺഗ്രസിനായിരുന്നു. തൊട്ടടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ, 1989ൽ, ആ സീറ്റുകൾ കുത്തനെ ഇടിഞ്ഞ് 15ലെത്തി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സീറ്റുള്ള, രാജ്യം ആരു ഭരിക്കണമെന്നു ‘തീരുമാനിക്കുന്ന’ സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച തുടങ്ങുന്നതും അവിടെ നിന്നായിരുന്നു. അന്നു മുതലിങ്ങോട്ട് ഉത്തർപ്രദേശിൽ കോൺഗ്രസിന് ക്ഷീണകാലം. പിന്നീട് സീറ്റുകൾ രണ്ടക്കം കണ്ടത് 1999ലും (10 സീറ്റ്) 2009ലും (21 സീറ്റ്) മാത്രം. 2009ൽ ജയിച്ച 18 സീറ്റും കിഴക്കൻ യുപിയിൽ നിന്നായിരുന്നു. 2014ൽ വെറും രണ്ടു സീറ്റിലേക്ക് കോൺഗ്രസ് ഒതുങ്ങിയപ്പോഴും അവ കിഴക്കൻ യുപിയിൽ നിന്നായിരുന്നു–റായ്ബറേലിയും അമേഠിയും.

പക്ഷേ ഇത്തവണ അവിടങ്ങളിലും തിരിച്ചടി. റായ്ബറേലിയിൽ സോണിയ ഗാന്ധിക്കു 2014ൽ ലഭിച്ചത് 5,26,434 വോട്ടായിരുന്നു. ഇത്തവണ 5,33,687 ആയി. നേരിയ വർധന മാത്രം. അമേഠിയിലാകട്ടെ രാഹുൽ ഗാന്ധിക്ക് 2014ൽ ലഭിച്ചത് 4,08,651 വോട്ട്. ഇത്തവണ അത് 4,12,867 ആയി ഉയർന്നിട്ടും കാര്യമുണ്ടായില്ല. മറുവശത്ത് സ്മൃതി ഇറാനി സ്വന്തമാക്കിയത് 4,68,514 വോട്ട്. 2014ൽ ബിജെപി സ്ഥാനാർഥിക്ക് 3,00,748 വോട്ടു മാത്രം ലഭിച്ചിരുന്ന സ്ഥാനത്തു നിന്നാണ് ഇത്തവണ 1.67 ലക്ഷത്തിലേറെ വോട്ടിന്റെ വര്‍ധനയും മിന്നുംജയവും സ്മൃതി സ്വന്തമായത്.

പ്രിയങ്കയുടെ വരവോടെ യുപിയിൽ വൻവിജയം പ്രതീക്ഷിക്കുന്നില്ലെന്നു രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായി 2022ൽ ഉത്തർപ്രദേശിലെ ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. അപ്പോഴും 2009ൽ ജയിച്ച 21 മണ്ഡലങ്ങളിൽ ചിലതെങ്കിലും ഇത്തവണ പ്രിയങ്കയിലൂടെ തിരിച്ചു പിടിക്കുകയെന്ന സ്വപ്നം കോൺഗ്രസ് നേതൃത്വം മനസ്സിൽ സൂക്ഷിച്ചിരുന്നു. ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള പ്രിയങ്കയുടെ കഴിവും അതിന്റെ പ്രതിഫലനമായി ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രകടനങ്ങളിൽ കണ്ട അണികളുടെ ആവേശവും ആ പ്രതീക്ഷകൾക്കു തീവ്രതയേറ്റുകയും ചെയ്തു. എന്നാൽ ഉണ്ടായിരുന്ന സീറ്റു പോലും നഷ്ടപ്പെടും വിധം പ്രചാരണത്തിൽ ‘ബ്ലാക്ക് മാർക്ക്’ വീഴ്ത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രിയങ്കയുടെ ഭാവി പദ്ധതികളും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

സൈക്കോളജി ബിരുദധാരിയാണു പ്രിയങ്ക, പക്ഷേ ഉത്തർപ്രദേശിലെ ജനങ്ങളുടെ മനസ്സറിയുന്നതിൽ പരാജയപ്പെട്ടെന്നതു ചരിത്രം! ചുരുങ്ങിയ സമയം മാത്രമേ തനിക്കു ലഭിച്ചുള്ളൂവെന്ന ന്യായീകരണം പോലും ഒരുപക്ഷേ കിഴക്കൻ യുപിയിൽ കോൺഗ്രസ് വോട്ടിലുണ്ടായ വൻ ഇടിവിന്റെ കണക്കിനു മുന്നിൽ വിഫലമായിപ്പോയേക്കാം.

English Summary: Priyanka Gandhi fails to make impact in Uttar Pradesh- Infographic Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com