ADVERTISEMENT

ന്യൂഡല്‍ഹി∙ ഏറെ നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന താരമായി മാറിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരമ്പരാഗത മണ്ഡലത്തില്‍ മലര്‍ത്തിയടിച്ച സ്മൃതി ഇറാനിയാണ്. അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാഹുലിനെ വീഴ്ത്തി 'ജയന്റ് കില്ലര്‍' എന്ന പദവി സ്വന്തമാക്കുമ്പോള്‍ സ്മൃതിക്കിതു മധുരപ്രതികാരം. 2014-ല്‍ രാഹുലിനോടു തോറ്റെങ്കിലും അമേഠിയെ മറക്കാതെ ഒപ്പം നിന്നു പ്രവര്‍ത്തിച്ചതിനുള്ള വലിയ അംഗീകാരമാണ് സ്മൃതിയെ തേടിയെത്തിയിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ നിര്‍ണായകമായ സ്ഥാനം സ്മൃതിക്കുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

2014-ലെ തിരഞ്ഞെടുപ്പു കാലത്ത് സഹോദരനു വേണ്ടി അമേഠിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള ചോദ്യത്തിന് എതിരാളി ആര് എന്ന മറുചോദ്യം ഉന്നയിച്ച് സ്മൃതിയെ പരിഹസിച്ചിരുന്നു. സ്മൃതിയുടെ ആരോപണങ്ങളെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് എതിരാളിയെപ്പറ്റി അറിയില്ല എന്ന അര്‍ഥത്തില്‍ 'ആരാണത്' എന്നു പ്രിയങ്ക പുഞ്ചിരിയോടെ ചോദിച്ചത്. സ്മൃതി ഇറാനി എന്നു പറഞ്ഞിട്ടും പ്രിയങ്ക ഗൗനിച്ചില്ല. സ്വന്തം കുടുംബാംഗങ്ങള്‍ നടത്തിയ അഴിമതിയെപ്പറ്റി മറന്നുപോകുന്നവര്‍ എന്റെ പേരു മറന്നതില്‍ എന്തിരിക്കുന്നു എന്നാണു സ്മൃതി തിരിച്ചടിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ തട്ടകത്തില്‍ രാഹുലിനെ തറപറ്റിച്ച് തിരഞ്ഞെടുപ്പിലെ താരമാകുമ്പോള്‍ സ്മൃതി മധുരപ്രതികാരത്തിന്റെ സന്തോഷത്തില്‍ പുഞ്ചിരിക്കുന്നുണ്ടാകും.

ആഗ്രഹിച്ചത് എയര്‍ ഹോസ്റ്റസ് ജോലി; വിധിച്ചത് മന്ത്രിപദം!

അമേഠിയിലെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയിൽനിന്ന് (ഫയൽ ചിത്രം)
അമേഠിയിലെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയിൽനിന്ന് (ഫയൽ ചിത്രം)

താന്‍ ആഗ്രഹിച്ച ജോലി എയര്‍ഹോസ്റ്റസിന്റേത് ആയിരുന്നു എന്നും സ്മൃതി തന്നെ പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവന ഏറെ വിവാദമാകുകയും ചെയ്തു.
'ജെറ്റ് എയര്‍വേയ്‌സില്‍ കാബിന്‍ ക്രൂ ആയി ഞാന്‍ അഭിമുഖത്തിനു പോയി. എനിക്ക് അതിനു വേണ്ട മികച്ച വ്യക്തിത്വമില്ലെന്നാണ് അവര്‍ പറഞ്ഞത്. ഏതായാലും അവര്‍ തഴഞ്ഞതു നന്നായി. തുടര്‍ന്നു മക്‌ഡൊണാള്‍ഡില്‍ എനിക്കു ജോലി കിട്ടി. ബാക്കിയെല്ലാം ചരിത്രം' എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ അവാര്‍ഡുദാന ചടങ്ങില്‍ സ്മൃതി തന്നെ പറഞ്ഞതാണിത്.

മോദിക്കു വീണ്ടും മോടി, ‘രാഹുകാലം’ മാറാതെ രാഹുൽ, വിഡിയോ സ്റ്റോറി കാണാം

ആര്‍എസ്എസ് പാരമ്പര്യമുള്ള കുടുംബത്തിലാണ് സ്മൃതിയുടെ ജനനം. മുത്തശ്ശന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അമ്മ ജനസംഘത്തില്‍ അംഗവുമായിരുന്നു. പഠനത്തിനു ശേഷം 1998-ലെ മിസ് ഇന്ത്യ മല്‍സരത്തില്‍ പങ്കെടുത്തു. തൊണ്ണൂറുകളുടെ അവസാനം ചില ആല്‍ബങ്ങളില്‍ പ്രത്യക്ഷപ്പെട്ട സ്മൃതി 2000-ലാണ് ആദ്യ സീരിയലില്‍ വേഷമിട്ടത്. 'ക്യോംകി സാസ് ഭി കഭി ബഹു ധി' എന്ന സീരിയലില്‍ നായികയായതോടെ നിരവധി അവാര്‍ഡുകള്‍ തേടിയെത്തി. 2001-ല്‍ സീടിവിയുടെ രാമായണത്തില്‍ സീതയായി. വ്യവസായിയായ സുബിന്‍ ഇറാനിയാണ് ഭര്‍ത്താവ്. മൂന്നു മക്കള്‍.

ഗുജറാത്ത് കലാപത്തില്‍ മോദിയെ വിമര്‍ശിച്ചു; പിന്നീടു വാഴ്ത്തി

അമ്മായിയമ്മ - മരുമകള്‍ പോരിന്റെ കഥ പറയുന്ന 'ക്യോംകി സാസ് ഭി കഭി ബഹു ധി' എന്ന ഏറ്റവും പ്രശസ്തമായ ടെലിവിഷന്‍ പരമ്പരയിലെ നായികയായിരിക്കെ, 2003ലാണ് സ്മൃതി ബിജെപിയില്‍ ചേര്‍ന്നത്. 2004ല്‍ ഡല്‍ഹിയിലെ ചാന്ദ്‌നിചൗക് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ കപില്‍ സിബലിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2010ല്‍ ബിജെപി. ദേശീയ സെക്രട്ടറിയായും ബിജെപി മഹിളാമോര്‍ച്ചയുടെ അഖിലേന്ത്യാ അധ്യക്ഷയുമായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള അംഗമായി 2011ല്‍ രാജ്യസഭയിലെത്തി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയതുവഴി പാര്‍ട്ടിയുടെ അപ്രീതിക്ക് പാത്രമായ ചരിത്രവും സ്മൃതിക്കുണ്ട്.

ഇന്ത്യ തിളങ്ങുന്നുവെന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനു പൊലിമയേകാന്‍ 2003ല്‍ ബിജെപി തന്ത്രജ്ഞന്‍ പ്രമോദ് മഹാജന്‍ മണ്ണിലിറക്കിയ താരമായിരുന്നു സ്മൃതി ഇറാനി. ഡല്‍ഹി ചാന്ദ്നിചൗക്കില്‍ അരങ്ങേറ്റ മല്‍സരത്തില്‍ കപില്‍ സിബലിനോടു തോറ്റെങ്കിലും സ്മൃതി ഇറാനി പിന്തിരിഞ്ഞില്ല. രാഷ്ട്രീയത്തിലെ വേഷം സ്മൃതിക്ക് ഹരം പകര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ഇന്ത്യ തിളങ്ങുന്നില്ലെന്നു തിരിച്ചറിഞ്ഞ പ്രമോദ് മഹാജന്റെ ആത്മരോഷം സ്മൃതി ഇറാനിയും പങ്കിട്ടു. ഗുജറാത്ത് കലാപമാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമെന്ന മഹാജന്റെ വിശകലനം സ്മൃതിയിലൂടെ പുറത്തു വന്നു.

PTI9_11_2018_000043A

കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ പരസ്യമായി വിമര്‍ശിച്ച സ്മൃതി പില്‍ക്കാലത്തു മോദിയെ വികസന നായകനായി വാഴ്ത്തിയതു നാട്യത്തികവൊത്ത വേഷപ്പകര്‍ച്ചയായി. ദേശീയ രാഷ്ട്രീയ മോഹമുദിച്ച മോദി വികസന സ്തുതിപാഠകരെ തിരയുന്ന കാലം. പ്രമോദ് മഹാജന്റെ അകാലമരണത്തിനു ശേഷം സ്മൃതി ഇറാനിക്കു നരേന്ദ്ര മോദി രാഷ്ട്രീയ തണല്‍മരമായി. ഗുജറാത്തില്‍ നിന്നു രാജ്യസഭാംഗത്വം ലഭിച്ചു. 2014-ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന പാര്‍ട്ടിയിലെ പരസ്യ മുറവിളിയില്‍ മുന്നില്‍ നിന്നതും സ്മൃതി തന്നെയായിരുന്നു. തുടര്‍ന്നു മോദി മന്ത്രിസഭയില്‍ മാനവ വിഭവശേഷി മന്ത്രിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന സ്മൃതി ഇറാനിയെ സുപ്രധാനമായ മാനവശേഷി മന്ത്രാലയത്തില്‍ നിയമിച്ചതില്‍ ആര്‍എസ്എസിന് അതൃപ്തിയുണ്ടായിരുന്നു. തുടര്‍ന്ന് താരതമ്യേന അപ്രധാനമായ ടെക്‌സറ്റൈല്‍സ് മന്ത്രാലയത്തിന്റെ ചുമതലയിലേക്കു മാറ്റി.

2004-ല്‍ ചാന്ദ്‌നി ചൗക്കില്‍ പരാജയപ്പെട്ടതിന്റെ വിഷമത്തില്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി രാജി വയ്ക്കണമെന്ന് സൂറത്തില്‍ പ്രസംഗത്തിനിടെയാണ് സ്മൃതി ആവശ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കകം സ്മൃതി ഇതു പിന്‍വലിച്ചു. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട അംഗം എന്ന നിലയ്ക്ക് ഇത്തരത്തില്‍ ആവശ്യം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും അതിനാല്‍ നേരത്തേ പറഞ്ഞതു പിന്‍വലിക്കുന്നുവെന്നുമായിരുന്നു സ്മൃതിയുടെ പുതിയ പ്രസ്താവന. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സ്മൃതി പ്രസ്താവന ഇറക്കിയത്. സൂറത്തില്‍ രാജി ആവശ്യം ഉന്നയിച്ച സ്മൃതിയുടെ നിലപാടില്‍ പാര്‍ട്ടിനേതൃത്വം വല്ലാതെ അസ്വസ്ഥമായിരുന്നു. ഒന്നുകില്‍ പ്രസ്താവന പിന്‍വലിക്കുക അല്ലെങ്കില്‍ നടപടി നേരിടുക എന്ന സന്ദേശമാണ് നേതൃത്വം സ്മൃതിക്ക് നല്‍കിയത്.

അതേസമയം സ്മൃതി ഇറാനി നടത്തിയ വിമര്‍ശന നാടകം 'ക്യോംകി സാസ് ഭി കഭി ബഹു ഥീ' പരമ്പരയുടെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന പ്രചാര റേറ്റിങ് ഉയര്‍ത്താനുള്ള തന്ത്രം ആയിരുന്നെന്നു ബിജെപി മഹാരാഷ്ട്ര നേതാക്കള്‍ സംശയിച്ചു. സ്മൃതി ഇറാനിയെ ബിജെപിയിലേക്കു കൊണ്ടുവന്ന പ്രമോദ് മഹാജനാണ് നാടകത്തിനു പിന്നിലെന്നു പാര്‍ട്ടിയിലെ എതിരാളികള്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നു മഹാജന്റെ വിശ്വസ്തനായ പ്രകാശ് ജാവഡേക്കര്‍ പാര്‍ട്ടി അധ്യക്ഷന്‍ എല്‍. കെ. അഡ്വാനിയെ കണ്ടു സംഭവങ്ങള്‍ വിശദീകരിച്ചു.

സ്മൃതി ഇറാനിക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനോടു തങ്ങള്‍ക്കു വിയോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന സ്മൃതി ഇറാനിയോടു ഡല്‍ഹിയിലെത്തി വിശദീകരണം നല്‍കാന്‍ അഡ്വാനി ഫോണില്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ സ്മൃതി ഇറാനിക്ക് അസംതൃപ്തിയുണ്ടായിരുന്നുവെന്നും ബിജെപിയില്‍ കാര്യമായ രാഷ്ട്രീയഭാവി ഇല്ലെന്ന ധാരണയിലായിരുന്നു അവരെന്നുമാണ് പാര്‍ട്ടി സംസ്ഥാന ഘടകം വിലയിരുത്തിയത്.

വെമുലയുടെ ആത്മഹത്യയുള്‍പ്പെടെ വിവാദച്ചുഴി

Smriti-Irani

മോദിയുടെ കടുത്ത വിമര്‍ശകയായിരുന്ന സ്മൃതി 2011-ല്‍ ഗുജറാത്തില്‍നിന്നാണു രാജ്യസഭയിലേക്കെത്തിയതും പിന്നീടു മന്ത്രിയായതും. മാനവവിഭവശേഷി മന്ത്രിയെന്ന നിലയില്‍ 20 മാസത്തിനിടെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടാക്കിയ മന്ത്രിയെന്ന വിശേഷണം സ്മൃതി സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു.

സ്മൃതി ഇറാനിയെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചപ്പോള്‍ത്തന്നെ പലരും നെറ്റി ചുളിച്ചു. പാര്‍ട്ടിയില്‍ മുതിര്‍ന്നവരായ ധര്‍മേന്ദ്ര പ്രധാന്‍, പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ക്കു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പദം മാത്രം നല്‍കിയപ്പോള്‍ സ്മൃതിയെ ക്യാബിനറ്റ് മന്ത്രിയാക്കിയത് അദ്ഭുതമായി. പലപ്പോഴും മന്ത്രിയെന്ന നിലയില്‍ സ്വന്തം നിലപാടുകളില്‍ സ്വീകരിച്ച കടുംപിടിത്തമാണ് സ്മൃതിയെ പലരുടെയും കണ്ണിലെ കരടാക്കിയത്. രാജ്യത്തിന്റെ ആണവോര്‍ജ പദ്ധതികളുടെ തലവനും പൊഖ്‌റാന്‍ രണ്ട് അണുപരീക്ഷണത്തിലെ പ്രധാനിയുമായിരുന്ന, ഏവരും ബഹുമാനിക്കുന്ന ശാസ്ത്രജ്ഞന്‍ അനില്‍ കക്കോദ്കറിനോടുപോലും ഏറ്റുമുട്ടാന്‍ മടിയുണ്ടായില്ല.

സ്മൃതിയുടെ രീതികള്‍ എന്‍ഡിഎയിലെ മുന്‍ഗാമി പ്രഫസര്‍ മുരളി മനോഹര്‍ ജോഷിയുടേതില്‍നിന്നു വ്യത്യസ്തമായിരുന്നു. വിദ്യാഭ്യാസ സംവിധാനത്തെ കാവിയുടുപ്പിക്കുന്നു എന്ന ആരോപണം ജോഷിക്കെതിരെ വിമര്‍ശകര്‍ ഉന്നയിച്ചു. എന്നാല്‍ സ്മൃതി ഇറാനി തന്റെ പ്രത്യയശാസ്ത്ര ലക്ഷ്യം വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. അവരുടെ സ്റ്റാഫിലും മന്ത്രാലയത്തിലും ആര്‍എസ്എസ് ചരിത്രമുള്ളവരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉപദേഷ്ടാവ് ചിമുന്‍ കൃഷ്ണമൂര്‍ത്തി മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്നു.

വിവാദമൊക്കെയും ഇറാനിയുടെ യോഗ്യതയെക്കുറിച്ചായിരുന്നു. പതിനായിരക്കണക്കിനു വിദഗ്ധരുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭരിക്കാനുള്ള അവരുടെ യോഗ്യതയാണു വിവാദത്തിനു വിഷയമായത്. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങള്‍ നിശിതമായി ചോദ്യം ചെയ്യപ്പെട്ടു. അവരുടെ പ്രവര്‍ത്തന ശൈലിയോടു പൊരുത്തപ്പെടാനാവാതെ പല ഐഎഎസ് ഉദ്യോഗസ്ഥരും മന്ത്രാലയം വിട്ടു. ഐഐടിയുടെ നിയന്ത്രണം സ്വന്തമാക്കാന്‍ അവര്‍ നടത്തിയ ശ്രമം ഡയറക്ടറുടെ രാജിയിലാണു കലാശിച്ചത്.

പ്രധാനമന്ത്രിക്കു വിശ്വാസമാണെങ്കിലും കേന്ദ്ര സര്‍വകലാശാലകളും ഐഐഎമ്മുകളും ഐഐടികളും ഉള്‍പ്പെടെ 100 കേന്ദ്ര സ്ഥാപനങ്ങളുടെ തലവന്മാരെ നിയമിക്കുന്നതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നു സ്മൃതിക്കു മനസ്സിലായി. ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കാന്‍ അവര്‍ ആഗ്രഹിച്ചെങ്കിലും രാഷ്ട്രപതി സമ്മതം മൂളിയില്ല.

ഹൈദരാബാദ് സര്‍വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരെ നടപടിക്കു മാനവശേഷി മന്ത്രാലയം സമ്മര്‍ദം ചെലുത്തിയതും തുടര്‍ന്ന് ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ആത്മഹത്യ ചെയ്തതും സ്മൃതിയെ വിവാദച്ചുഴിയിലാക്കി. ചെന്നൈ ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി ഫോറം പൂട്ടാന്‍ സ്മൃതി ആവശ്യപ്പെട്ടതായും ആരോപണമുയര്‍ന്നിരുന്നു.

പ്രതിച്ഛായ്ക്ക് കോട്ടമായി വ്യാജയോഗ്യതക്കേസ്

വിദ്യാഭ്യാസ യോഗ്യതാ വിഷയത്തില്‍ സ്മൃതി ഇറാനി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയ രേഖകളില്‍ തെറ്റായ വിവരം നല്‍കിയെന്ന ആരോപണം ചൂടേറിയ രാഷ്ട്രീയ, നിയമ ചര്‍ച്ചകള്‍ക്കാണു വഴിവച്ചത്. സ്മൃതിക്കെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. സ്മൃതിയെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തുവന്നിരുന്നു.

മൂന്നു തിരഞ്ഞെടുപ്പുകളില്‍ മൂന്നു വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതാ രേഖകളാണ് തിരഞ്ഞെടുപ്പു കമ്മിഷന് സ്മൃതി സമര്‍പ്പിച്ചതെന്നു ചൂണ്ടിക്കാട്ടി പത്രപ്രവര്‍ത്തകനായ അഹ്മര്‍ ഖാനാണ് കോടതിയെ സമീപിച്ചത്. 2004, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും 2011ല്‍ രാജ്യസഭയിലേക്കും മല്‍സരിച്ച വേളയില്‍ സമര്‍പ്പിച്ച രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിച്ചു.

2004ല്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സില്‍ നിന്നു ബിഎ പാസായി എന്നാണു രേഖപ്പെടുത്തിയിരുന്നത്. 2011ല്‍ ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്കു മല്‍സരിച്ചപ്പോള്‍ സമര്‍പ്പിച്ച രേഖയില്‍ സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സില്‍ നിന്നു ബികോം ഒന്നാം ഭാഗം പാസ് എന്നു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോരിനിറങ്ങിയപ്പോള്‍ വിദ്യാഭ്യാസ യോഗ്യത ബികോം ഒന്നാം ഭാഗം പാസ് എന്നു തന്നെ രേഖപ്പെടുത്തിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരു മാറി; ഡല്‍ഹി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലേണിങ്ങില്‍ നിന്നാണു കോഴ്‌സ് പൂര്‍ത്തിയാക്കിയതെന്നു രേഖപ്പെടുത്തി. എന്നാല്‍ സ്മൃതി ഇറാനി സമര്‍പ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളിലുണ്ടായ തെറ്റുകള്‍ അച്ചടിപ്പിശകു മാത്രമാണെന്ന നിലപാടാണു ബിജെപി സ്വീകരിച്ചത്.

സ്മൃതി ഇറാനി 1996ല്‍ ബിഎ കോഴ്‌സിനു പഠിച്ചതിന്റെ രേഖകള്‍ കണ്ടുകിട്ടിയിട്ടില്ലെന്നു ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ് അസിസ്റ്റന്റ് റജിസ്ട്രാര്‍ ഒ.പി. തന്‍വര്‍ മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു സമര്‍പ്പിച്ച പത്രികയ്‌ക്കൊപ്പം സ്മൃതി നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ 1996ല്‍ ബിഎ പാസായെന്നു പറഞ്ഞിരുന്നു. അഹ്മര്‍ ഖാന്‍ എന്ന എഴുത്തുകാരന്‍ ഇതു ചോദ്യംചെയ്തു നല്‍കിയ പരാതിയിന്മേല്‍ കോടതി നിര്‍ദേശപ്രകാരമാണ് അസിസ്റ്റന്റ് റജിസ്ട്രാര്‍ മൊഴി നല്‍കിയത്. അതേസമയം, 1993ല്‍ സ്മൃതി ബികോം ഓണേഴ്‌സിനു ചേര്‍ന്നതിന്റെയും പരീക്ഷാഫലത്തിന്റെയും 201314ല്‍ പൊളിറ്റിക്കല്‍ സയന്‍സ് ബിഎ ഓണേഴ്‌സ് ഒന്നാം വര്‍ഷത്തിനു ചേര്‍ന്നതിന്റെയും രേഖകള്‍ റജിസ്ട്രാര്‍ ഹാജരാക്കി. ബികോമിനു ചേര്‍ന്നപ്പോള്‍ നല്‍കിയ പന്ത്രണ്ടാം ക്ലാസ് രേഖകള്‍ കണ്ടുകിട്ടിയിട്ടില്ല.

''പെണ്ണായി പിറന്നതിന് എന്നെ കൊല്ലേണ്ടതായിരുന്നു''

താന്‍ ജനിച്ചപ്പോള്‍ ഭാവിയില്‍ അതൊരു ബാധ്യതയായേക്കുമെന്നു കരുതിയ ചിലര്‍ തന്നെ കൊന്നുകളയാന്‍ അമ്മയെ ഉപദേശിച്ചിരുന്നുവെന്ന് സ്മൃതി പറഞ്ഞിരുന്നു. 2014-ലാണ് തന്റെ ജീവിതത്തില്‍ ഇതുവരെ ആരോടും പറയാത്ത കാര്യമാണിതെന്നു പറഞ്ഞ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ''ഞാന്‍ ജനിച്ചപ്പോള്‍, പെണ്‍കുട്ടിയായതുകാരണം ഭാവിയില്‍ ബാധ്യതയായി മാറുമെന്നു ചിലര്‍ അമ്മയോടു പറഞ്ഞു. കുട്ടിയെ കൊന്നുകളയുകയാണു നല്ലതെന്നും അവര്‍ പറഞ്ഞു. പക്ഷേ, ധൈര്യശാലിയായ അമ്മ അതിനു മുതിര്‍ന്നില്ല. എന്നെ വളര്‍ത്തി വലുതാക്കി. അതുകൊണ്ടുമാത്രമാണ് ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്''- സ്‌കൂള്‍ കുട്ടികളുമായുള്ള സംവാദത്തിനിടെ പെണ്‍ഭ്രൂണഹത്യയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സ്മൃതി പറഞ്ഞു. മറ്റുള്ളവരുടെ ഉപദേശം കേട്ട് എന്നെ ഇളംപ്രായത്തില്‍ കൊന്നുകളയാതിരുന്നതിന് അമ്മയോടു നന്ദി പറയുകയാണ്. നിങ്ങള്‍ ഒരു പെണ്‍കുട്ടിയെ പഠിപ്പിക്കുമ്പോള്‍ ഒരു സ്ത്രീക്കാണ് വിദ്യാഭ്യാസം നല്‍കുന്നത്, അതുവഴി ഒരു കുടുംബത്തിനും രാഷ്ട്രപുനര്‍നിര്‍മിതിക്കുമാണ് - അവര്‍ പറഞ്ഞു.

വിവാദമായി ജ്യോതിഷിയുടെ രാഷ്ട്രപതി പ്രവചനം

സ്മൃതി ഇറാനിയെ കാത്തിരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രപതി പദമെന്നു 2014-ല്‍ ജ്യോതിഷി നടത്തിയ പ്രവചനം രാജ്യസഭയില്‍ പോലും ചര്‍ച്ചയായിരുന്നു. സ്മൃതിക്കു രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവി പണ്ടേ പ്രവചിച്ച പണ്ഡിറ്റ് നാഥുലാല്‍ വ്യാസ് തന്നെയാണ് അവര്‍ രാഷ്ട്രപതിപദവിയില്‍ വരെ എത്തുമെന്നു പറഞ്ഞത്. ഇദ്ദേഹത്തെ കാണാന്‍ മന്ത്രിയും ഭര്‍ത്താവ് സുബിനും രാജസ്ഥാനിലെ ഭില്‍വാരയിലുള്ള കരോയി ഗ്രാമത്തിലെത്തുകയായിരുന്നു. കൂടിക്കാഴ്ച നീണ്ടത് നാലു മണിക്കൂര്‍.

തിരഞ്ഞെടുപ്പില്‍ തോറ്റാലും കേന്ദ്രമന്ത്രിപദം ലഭിക്കുമെന്ന് ഇതേ ജ്യോതിഷി പ്രവചിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് സ്മൃതി വന്‍വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പരാജയപ്പെട്ടു. എങ്കിലും ജ്യോതിഷി പറഞ്ഞതു സത്യമായി. സ്മൃതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാബിനറ്റ് പദവിയിലേക്കു ക്ഷണിച്ചു. ഫലിച്ച പ്രവചനത്തിനു നാഥുലാലിനു നന്ദി പറയാനെത്തുമ്പോഴാണ് രാഷ്ട്രപതി പദം ലഭിക്കുമെന്ന 'മോഹിപ്പിക്കുന്ന' പ്രവചനം.

മാനവശേഷി വികസന മന്ത്രി ജ്യോതിഷിയെ കണ്ടതും പ്രവചനം കേട്ടതുമൊക്കെ വലിയ വിവാദമായി. അന്ധവിശ്വാസങ്ങളെ നിരുല്‍ഹാസപ്പെടുത്തേണ്ട വിദ്യാഭ്യാസമന്ത്രി തന്നെ അനാചാരങ്ങളുടെ വക്താവായി മാറുകയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.  

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് എന്ത്?, വിഡിയോ സ്റ്റോറി കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com